stoping-pinarayi-bhopal-kodiyeri balakrishnan’s statement

kodiyeri

തിരുവനന്തപുരം: ആര്‍എസ്എസ് പ്രതിഷേധിക്കുമെന്ന പേരില്‍ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മുഖ്യമന്ത്രിക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത നാടായി മാറി ഇന്ത്യയെന്നും ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും കോടിയേരി പറഞ്ഞു.

ഇന്ത്യയില്‍ ഉടനീളം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരും. സിപിഐഎമ്മിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ വിശ്വാസികള്‍ ഒന്നാകെ ഇതില്‍ പ്രതിഷേധിക്കണം. ഇത്തരമൊരു സ്ഥിതി വളര്‍ന്നുവന്നാല്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറും.

ഒരു മുഖ്യമന്ത്രിക്ക് പോലും പൊതുവേദിയില്‍ അഭിപ്രായം പറയാന്‍ അനുവാദം കിട്ടാത്ത അവസ്ഥ വന്നാല്‍ ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്ന് ഗൗരവമായിട്ട് ആലോചിക്കണം.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ സംഭവത്തില്‍ പ്രതികരിക്കണം. ഭരണഘടനാ ബാധ്യത നിര്‍വഹിക്കുന്നതില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.

Top