state government in crisis-files are red tape

തിരുവനന്തപുരം; സംസ്ഥാന ഭരണം പ്രതിസന്ധിയിലേക്ക്. വിവിധ വകുപ്പുകളിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ ഒപ്പിടാതെ നിസ്സഹകരണത്തിലാണെന്നാണ് ലഭിക്കുന്ന സൂചന. ഇത് മൂലം ഫയലുകള്‍ കെട്ടികിടക്കുകയാണ്.

തങ്ങള്‍ക്ക് മുന്നില്‍ വരുന്ന ഫയലുകളെല്ലാം ഒരു വിഭാഗം ഐഎഎസ് ഓഫീസര്‍മാര്‍ മുഖ്യമന്ത്രിക്ക് ഫോര്‍വേഡ് ചെയ്യുകയാണിപ്പോള്‍. മന്ത്രി ബന്ധു നിയമനത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പോള്‍ ആന്റണി പ്രതിയായത് ഐഎഎസ് ഓഫീസര്‍മാരെ ഞെട്ടിച്ചിട്ടുണ്ട്.

മന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ചതിനാണ് പോള്‍ ആന്റണി ബലിയാടായതെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ ചൂണ്ടി കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇനി ഫയലുകളെല്ലാം മുഖ്യമന്ത്രി കാണട്ടെ എന്ന നിലപാടിലാണവര്‍. അസാധാരണമായ സാഹചര്യമാണ് ഇതോടെ സംസ്ഥാനത്ത് സംജാതമായിരിക്കുന്നത്.

തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനും ഐഎഎസ് ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.പ്രത്യക്ഷത്തിൽ സർക്കാരിനെതിരെയുള്ള സമരം കൂടിയാണിത്.

വിജിലന്‍സ് ഡയറക്ടര്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്നതും ഐഎഎസുകാരെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ തയ്യാറാകാത്തതും കൂടുതല്‍ കുരുക്കിലേക്ക് തങ്ങളെ തള്ളിവിടുമെന്ന ഭയവും ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ്, മുന്‍ മലബാര്‍ സിമന്റസ് മാനേജിംഗ് ഡയറക്ടര്‍ പത്മകുമാർ, ധനകാര്യ വകുപ്പ് സെക്രട്ടറി കെ.എം എബ്രഹാം തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിജിലന്‍സ് അവിഹിത സ്വത്ത് സമ്പാധനവും ക്രമക്കേടും മുന്‍നിര്‍ത്തി പ്രതികളാക്കിയിരുന്നു. ഇതില്‍ .കെ.എം എബ്രഹാംനെതിരെ പിന്നീട് തെളിവില്ലന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ വിജിലന്‍സ് നല്‍കിയിരുന്നത്.

ഐഎഎസ് ഓഫീസര്‍മാര്‍ക്കെതിരായ വിജിലന്‍സ് നടപടിക്കെതിരെ അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ പലതവണ കണ്ടിരുന്നുവെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.

ജേക്കബ് തോമസ് പക വീട്ടുകയാണെന്നാണ് ഐഎഎസുകാരുടെ ആരോപണം. പോള്‍ ആന്റണി പ്രതിയായതോടെ അവരുടെ സര്‍വ്വ നിയന്ത്രണവും കൈവിട്ടിരിക്കുകയാണിപ്പോള്‍

ഇപ്പോഴത്തെ നിസഹകരണത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി നല്‍കിയ 500 കോടിയും ലാപ്‌സ് ആവുന്ന സാഹചര്യമാണുള്ളത്. ഇതു സംബന്ധമായ ഫയലും തീരുമാനമാവാതെ കെട്ടികിടക്കുകയാണ് ഫിബ്രുവരിക്കുള്ളില്‍ ഫണ്ട് വിനയോഗിച്ചില്ലങ്കില്‍ അതും പാഴാകും.

Top