തക്കാളി നിക്ഷേപം, വായ്പ, ലോക്കര്‍ സൗകര്യമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ

Tomato

ഉത്തര്‍പ്രദേശ്: തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉത്തര്‍പ്രദേശില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്.

പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ലക്‌നൗവില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ തുടങ്ങിയാണ് കോണ്‍ഗ്രസ് പുതിയ പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുന്നത്.

തക്കാളി വാങ്ങാന്‍ വായ്പ, ലോക്കര്‍ സൗകര്യം, നിക്ഷേപത്തിന് ആകര്‍ഷകമായ പലിശ എന്നിവ നല്‍കുന്ന ബാങ്കാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ടൊമാറ്റോ.

നിക്ഷേപിക്കുന്ന തക്കാളി ഇരട്ടിയായി നല്‍കുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പച്ചക്കറി വാങ്ങുന്നതിനായി 80 ശതമാനം വരെ വായ്പ എന്നിവയാണ് പ്രതിഷേധത്തിന്റെ ഭാഗമായുള്ള ബാങ്ക് നടപ്പിലാക്കുന്ന പദ്ധതികള്‍.

ബാങ്ക് തുടങ്ങി രണ്ട് ദിവസമായപ്പോള്‍ 11 കിലോഗ്രാം തക്കാളി നിക്ഷേപമായി സ്വീകരിച്ചു. ഒന്നര കിലോ തക്കാളി വായ്പയും നല്‍കി. പത്തു രൂപയാണ് വായ്പക്കുള്ള തിരിച്ചടവ് തുക.

കോണ്‍ഗ്രസിന്റെ മുന്‍വക്താവായിരുന്ന അന്‍സു അശ്വതിയാണ് ബാങ്ക് ആശയത്തിന് പിന്നില്‍. എന്തായാലും പ്രതിഷേധം ജനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് ബാങ്കിന് മുന്നിലെ നീണ്ട ക്യൂ തെളിയിക്കുന്നത്.

തങ്ങളുടെ വീട്ടില്‍ നിന്നും തക്കാളി മോഷണം പോയാലോ എന്ന ഭയം മൂലമാണ് പലരും തക്കാളി ബാങ്കില്‍ നിക്ഷേപിക്കുന്നത്.

ബാങ്ക് വിജയമായതോടെ മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചാലോ എന്ന ആലോചനയിലാണ് സംഘാടകര്‍.

Top