അരങ്ങേറ്റം മോഹൻലാലിനൊപ്പം മാസ്റ്റര്‍ മണി വീണ്ടും എത്തുന്നു നായകനായി

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ ഒപ്പം ചുരുളന്‍ മുടിക്കാരനായ ബാലതാരം മലയളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.

ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന അവാര്‍ഡ് വാങ്ങിയ ആദിവാസി ബാലന്‍ മാസ്റ്റര്‍ മണി മലയാളികളുടെ മനസിൽ ഒരു സ്ഥാനം ഉറപ്പിച്ചിരുന്നു.

മണി 12 വര്‍ഷത്തിനു ശേഷം നായകനായി വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഡോക്ടേഴ്‌സ് ഡിലമ നിര്‍മിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്.

ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. ഉപജീവനത്തിനായി അട്ടയെ പിടിച്ചു ജീവിക്കുന്ന യുവാവു പുതിയ ജോലിക്കായി ശ്രമിക്കുമ്പോള്‍ സമൂഹത്തിന്റെ പെരുമാറ്റമാണു പ്രമേയം.

പ്രകൃതി, വന്യജീവികള്‍, ആദിവാസികള്‍, പൊതുസമൂഹം എന്നിവയുടെ കാന്‍വാസിലാണു സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണിക്കൃഷ്ണന്‍ ആവള, ഉടലാഴം ഒരുക്കുന്നത്.

ജോയ് മാത്യു, ഇന്ദ്രന്‍സ്, സജിത മഠത്തില്‍ എന്നിവരും അഭിനയിക്കുന്നു. അനുമോളാണു നായിക. ബിജിബാല്‍ പശ്ചാത്തല സംഗീതവും സിതാര, മിഥുന്‍ ജയരാജ് എന്നിവര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

2006ലാണ് രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ ഫോട്ടോഗ്രാഫര്‍ പുറത്തിറങ്ങുന്നത്. ലാലിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മണിയായിരുന്നു. പിന്നീട് മണിക്ക് സിനിമയില്‍ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല .

Top