stand proudly to Kerala police-special

നിലമ്പൂര്‍: പരാതികളിലും കുറ്റപ്പെടുത്തലുകളിലും മുഖം നഷ്ടപ്പെട്ടു നില്‍ക്കുന്ന കേരള പൊലീസിന് അഭിമാനത്തോടെ തലഉയര്‍ത്തി നില്‍ക്കാന്‍ നിലമ്പൂരില്‍ നിന്നിതാ ഒരു നല്ല വാര്‍ത്ത.

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെയും നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.സി ദേവസ്യയുടെയും പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗന്റെയും നേതൃത്വത്തില്‍ പൂക്കോട്ടുംപാടം ടി.കെ കോളനിക്കാര്‍ക്ക് കാരുണ്യത്തിന്റെ തണലൊരുക്കിയിരിക്കുകയാണ് പൊലീസ്.

വര്‍ഷങ്ങള്‍ക്കുമുമ്പ് പാതിവഴിയില്‍ പണി നിലച്ച രണ്ടുവീടുകളാണ് നിലമ്പൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായി കൈകോര്‍ത്ത് പൂര്‍ത്തിയാക്കിയത്. ഷീറ്റുമറച്ച കൂരയില്‍ നിന്നും ടി.കെ കോളനിയിലെ നറുക്കില്‍ കുഞ്ഞനും ഭാര്യ കാര്‍ത്യായനിയും ആറു പെണ്മക്കളുമടങ്ങുന്ന കുടുംബം അടുത്ത ദിവസം പണിപൂര്‍ത്തീകരിച്ച വീട്ടിലേക്ക് താമസംമാറും. കൂലിവേലക്കാരനായ ബാബു പല്ലാട്ടും ഭാര്യ നീതുവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ വീട് പണി അവസാനഘട്ടത്തിലാണ്.

police2

ജനുവരിയിലാണ് ടി.കെ കോളനിയിലെ ദലിത്, ആദിവാസി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള പോംവഴി തേടി സി.ഐ കെ.എം ദേവസ്യ കോളനിയിലെത്തുന്നത്. ഒമ്പതോളം കുടുംബാംഗങ്ങള്‍ കുടിവള്ളമില്ലാതെ നരകിക്കുന്ന കാഴ്ചയായിരുന്നു. മലയിലെ കാട്ടുചോലയില്‍ നിന്നാണ് ഇവിടേക്ക് കുടിവെള്ളം കൊണ്ടുവന്നിരുന്നത്. പണമുള്ളവര്‍ പൈപ്പിട്ട് വെള്ളമെത്തിച്ചപ്പോള്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം ചുമന്നെത്തിക്കേണ്ട ദുരിതമായി. മടിച്ചുനിക്കാതെ സി.ഐയും പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗനും പൊലീസുകാരും ഉടനടി നടപടിയെടുത്തു.

1300 മീറ്റര്‍ ദൂരത്തെ മലയില്‍ നിന്നും പൈപ്പുവഴി കുടിവെള്ളമെത്തിച്ച് 10,000 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ചു. ഇതിനു പുറമെ കോണ്‍ക്രീറ്റ് ടാങ്കും പണിതു നല്‍കി. എല്ലാവര്‍ക്കും ഇവിടെ നിന്ന് ആവശ്യത്തിന് കുടിവെള്ളമെടുക്കാം. എന്നാല്‍ ദുരുപയോഗം ചെയ്യരുതെന്നുമാത്രം. 20,000ത്തോളം രൂപയാണ് കുടിവെള്ളമെത്തിക്കാന്‍ ചെലവായത്. നാട്ടുകാരില്‍ നിന്നും പിരിക്കാനിറങ്ങാതെ പൊലീസ് കൈയ്യില്‍നിന്നെടുത്തു.

കുടിവെള്ളം എത്തിക്കാനുള്ള പ്രവൃത്തിയുമായി കോളനിക്കാരുമായി അടുത്തപ്പോഴാണ് മഴയും വെലിയുമേല്‍ക്കുന്ന കൂരയില്‍ ആറു പെണ്‍മക്കള്‍ക്കും ഭാര്യക്കുമൊപ്പം ഹൃദ്രോഗം ബാധിച്ച നറുക്കില്‍ കുഞ്ഞന്റെ ദുരിത ജീവിതം അറിഞ്ഞത്. എല്ലാവര്‍ക്കും ഒരുമിച്ചു കിടക്കാന്‍ കൂരയില്‍ സ്ഥലമില്ലാത്തതിനാല്‍ ആറു പെണ്‍മക്കളെയും രാത്രി തങ്ങാന്‍ അടുത്തവീടുകളിലേക്ക് അയക്കേണ്ടുന്ന ദൈന്യതയായിരുന്നു ഇവര്‍ക്ക്.

ഗ്രാമപഞ്ചായത്ത് വീടുനിര്‍മ്മിക്കാന്‍ അനുവദിച്ച ഒരു ലക്ഷം അടവുപോലും കഴിഞ്ഞില്ല. വിവരമറിയിച്ചപ്പോള്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കി. നാട്ടുകാരും ഒപ്പംകൂടി.

police1

പൊലീസുകാരും സുമനസുകളും പണം സമാഹരിച്ച് ഫെബ്രുവരി ഒന്നിനു തന്നെ വീടുപണി തുടങ്ങി. ഡിവൈ.എസ്.പി മോഹനചന്ദ്രനും സിഐയും എസ്.ഐയുമടക്കം ഇരുപതോളം പൊലീസുകാരാണ് കോണ്‍ക്രീറ്റ് ജോലിക്ക് കൈമെയ് മറന്ന് വിയര്‍പ്പൊഴുക്കിയത്.

ശുചിമുറിക്കായി പഞ്ചായത്തിനെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. ഒടുവില്‍ അതും ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ചു. കുഞ്ഞന്റെ വീടുപണിക്ക് ശ്രമദാനമായി സഹായിക്കാനെത്തിയിരുന്ന ബാബുവിനും വീടുണ്ടായിരുന്നില്ല. പഞ്ചായത്ത് വീടിനായി നല്‍കിയ 70,000 രൂപകൊണ്ട് പാതിപോലും എത്താത്തവീട് പൂര്‍ത്തീകരിക്കാനും പോലീസിന്റെ കൂട്ടായ്മ രംഗത്തിറങ്ങി.

ഇപ്പോള്‍ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായി അവസാന ഘട്ടത്തിലാണ്. അഞ്ചു ലക്ഷം രൂപയാണ് ഇരുവീടുകള്‍ക്കുമായി ചെലവായത്. പൊലീസുകാര്‍ കൈയ്യില്‍ നിന്നെടുത്തതിനു പുറമെ സാധനസാമഗ്രികള്‍ സംഭാവനയായും ലഭിച്ചു. വൈദ്യുതി കണക്ക്ഷന്‍ കിട്ടിയാലുടന്‍ കുഞ്ഞനും കുടുംബത്തിനും പൊലീസിന്റെ സ്‌നേഹവീട്ടിലേക്ക് താമസം മാറ്റാം. ബാബുവിന്റെ വീട് അവസാനഘട്ടത്തിലാണ്.

Top