ശ്രീലങ്കയ്ക്ക് നൂറു ദശലക്ഷം ഡോളര്‍ സഹായവുമായി ചൈന രംഗത്ത്

കൊളംബോ : ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ചൈന രംഗത്ത് .ശ്രീലങ്കയ്ക്ക് റോഡ് നിര്‍മാണത്തിന് നൂറ്‌ ദശലക്ഷം ഡോളര്‍ സഹായവുമായി ചൈന. തലസ്ഥാനമായ കോളംബോയില്‍ നിന്ന് മലയോരവിനോദസഞ്ചാര കേന്ദ്രമായ കാന്‍ഡിയിലേക്കുള്ള എക്‌സ്പ്രസ് വേയാണ് നിര്‍മിക്കുന്നത്. ഈ പാതയുടെ ആദ്യഘട്ടത്തിന്റെ നിര്‍മാണം ഫണ്ടിന്റെ അഭാവം മൂലം രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. വിദേശ സഹായത്തോടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ശ്രീലങ്ക ലക്ഷ്യമിട്ടിരുന്നത്.

ചൈന സഹായം നല്‍കുന്ന കാര്യം പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ ഓഫിസ് സ്ഥിരീകരിച്ചിരുന്നു. ചൈനീസ് അംബാസഡറുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന വഴിയാണ് വായ്പ അനുവദിക്കുന്നത്.

ചൈനയുടെ സഹായം ഇന്ത്യയ്ക്കുള്ള പരോക്ഷമായ വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. കുറച്ചു വര്‍ഷങ്ങളായി ശ്രീലങ്കയുടെ ഏറ്റവും വലിയ വായ്പാദാതാവ് ചൈനയാണ്.

കഴിഞ്ഞ മഹിന്ദ്ര രാജപക്ഷെ സര്‍ക്കാരിന്റെ കാലത്ത് റോഡുകളും റെയില്‍വേ സൗകര്യങ്ങളും തുറമുഖങ്ങളുമടക്കമുള്ളവയുടെ നിര്‍മാണത്തിന് ചൈന ധനസഹായം നല്‍കിയിരുന്നു. 2015 ല്‍ വിക്രമസിംഗെ അധികാരത്തിലെത്തിയ ശേഷം അഴിമതിയുടെ പേരില്‍ ഇത്തരം പല കരാറുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വീണ്ടും ചര്‍ച്ചകള്‍ നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മാണജോലികള്‍ പുനരാരംഭിച്ചിരിക്കുന്നത്.

ദക്ഷിണ ശ്രീലങ്കയില്‍ നഷ്ടത്തിലായിരുന്ന ഒരു തുറമുഖം ചൈന 1.1 ദശലക്ഷം ഡോളറിന് 99 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത് കഴിഞ്ഞ ഓഗസ്റ്റിലാണ്. ഇന്ത്യയില്‍നിന്നുള്ള ചരക്കു നീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊളംബോ. ശ്രീലങ്കയില്‍ സ്വാധീനമുറപ്പിക്കുക വഴി ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതുവഴി എതിരാളികളായ ഇന്ത്യയ്ക്ക് മേഖലയിലുള്ള സാമ്പത്തിക, സൈനിക സ്വാധീനത്തിനു വെല്ലുവിളി ഉയര്‍ത്താമെന്നും ചൈന കണക്കു കൂട്ടുന്നുണ്ട്.

Top