ശ്രീശാന്തിന്റെ വിലക്ക്: ബി.സി.സി.ഐയ്ക്കും വിനോദ് റായ്ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്ത് സ്‌കോട്ട്‌ലന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതിയ്ക്കായി സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.സി.സി.ഐ ഇടക്കാല ഭരണസിമിതി അധ്യക്ഷന്‍ വിനോദ് റായിക്കും ഭരണസമിതിക്കും ഹൈക്കോടതി നോട്ടീസ്.

വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ നിലപാട് അറിയക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം 19ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

എന്നാല്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ സാധിക്കില്ലെന്ന മുന്‍ഭരണസമിതിയുടെ തീരുമാനം ബി.സി.സി.ഐ നേരത്തെ ഹെക്കോടതിയെ അറിയിച്ചിരുന്നു. വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യം തള്ളി താരത്തിന് കത്ത് അയച്ചിരുന്നതായും ബി.സി.സി.ഐ കോടതിയില്‍ വ്യക്തമാക്കി.

സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ശ്രീശാന്തിന് ബി.സി.സി.ഐ എന്‍.ഒ.സി നിഷേധിക്കുകയായിരുന്നു. ലീഗില്‍ ഗ്രെന്റോത്ത് ക്ലബ്ബിന് വേണ്ടി കളിക്കാന്‍ അനുമതി നല്‍കണമെന്നാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ഡല്‍ഹി പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ടാക്കിയതെന്നും പൊലീസിന്റെ വാദങ്ങള്‍ തള്ളി കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും ശ്രീശാന്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മേയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബി.സി.സി.ഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Top