ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനം, ശ്രീജിത്ത് വധം, സി.ബി.ഐ വേണമെന്ന് ഭാര്യ

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന് തുറന്നടിച്ച് ശ്രീജിത്തിന്റെ ഭാര്യ അഖില വീണ്ടും രംഗത്ത്.റൂറല്‍ എസ്.പി ആയിരുന്ന എ.വി ജോര്‍ജിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കാതെ രക്ഷപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.അതിനാല്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേസില്‍ മുന്‍ റൂറല്‍ എസ് പി എ വി ജോര്‍ജിന് നേരിട്ട് പങ്കുണ്ട്.ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചത് എസ് പി എ വി ജോര്‍ജ്ജ് ആണെന്ന്‌ പിടിയിലായ ആര്‍ ടി എഫുകാര്‍ തന്നെ പറയുന്നുണ്ട്. എന്നിട്ടും ശ്രീജിത്ത് മരിച്ച് ഒരു മാസമാകുമ്പോഴാണ് എസ്പിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ പോലും ആരംഭിക്കുന്നതെന്ന് അഖില പറഞ്ഞു.

ശ്രീജിത്തും എ വി ജോര്‍ജ്ജും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നിട്ടും ശ്രീജിത്തിനെ മാത്രം ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ കാരണമെന്താണെന്നും എസ് പി ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തതെന്നും തെളിയേണ്ടതുണ്ട്. എസ് പി മാത്രമല്ല പ്രാദേശികമായി പലരും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.അവരെയും പിടികൂടണം.ആകെ നാലുപേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. ഇവിടെവന്ന് ശ്രീജിത്തിനെ കൊണ്ടുപോയ മൂന്നുപേര്‍ക്കും (ആര്‍ ടി എഫുകാര്‍), സ്റ്റേഷനിലുണ്ടായിരുന്ന എസ് ഐക്കും എതിരേ മാത്രമാണ് കേസെടുത്തത്.

അറസ്റ്റിലായ സി ഐക്ക് ജാമ്യം കിട്ടി. ഇവരെയൊക്കെ കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ മര്‍ദിച്ചതായി ശ്രീജിത്ത് ഞങ്ങളോട് പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെയൊന്നും നടപടിയുണ്ടായില്ലായെന്നും എ.വി.ജോര്‍ജിനെതിരേ വകുപ്പുതല അന്വേഷണം നടത്തിയാല്‍ പോരായെന്നും അഖില പറഞ്ഞു

കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും ഉന്നതര്‍ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടരുതെന്നും അഖില പറഞ്ഞു. കേസില്‍ ഇനിയും പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാനുണ്ട്. കൂടുതല്‍ പേരെപിടികൂടാനുമുണ്ട്.അതിനുവേണ്ടിയാണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും അഖില വ്യക്തമാക്കി.

Top