ബി.ജെ.പിയില്‍ തമ്മിലടി ; മുരളീധരനെതിരെ ശ്രീധരന്‍ പിള്ള നേതൃത്വത്തിന് പരാതി നല്‍കി

ആലപ്പുഴ: വി മുരളീധരനെതിരെ ചെങ്ങന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍ പിള്ള ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കി. കെ.എം.മാണിക്കെതിരായ മുരളീധരന്റെ പ്രസ്താവന ചെങ്ങന്നൂരില്‍ ദോഷം ചെയ്യുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോര്‍കമ്മിറ്റി യോഗത്തിലാണ് ശ്രീധരന്‍പിള്ള കുമ്മനത്തിന് പരാതി നല്‍കിയത്. എതിര്‍പ്പുള്ളവര്‍ ആദ്യം എന്തുകൊണ്ട് പറഞ്ഞില്ലെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നതെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

അതേസമയം പ്രസതാവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സ്വന്തം കാര്യം കഴിഞ്ഞപ്പോള്‍ മുരളീധരന്‍ കലം ഉടയ്ക്കുകയാണെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശും വിമര്‍ശിച്ചു.

കെ.എം മാണിയോടുള്ള ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന വി. മുരളീധരന്റെ വാദങ്ങളെ തള്ളി പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത് വന്നിരുന്നു. വി മുരളീധരന്റെ അഭിപ്രായം തനിക്കില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടിയില്‍ തൊട്ടുകൂടായ്മയില്ല. രണ്ട് മുന്നണികളെയും തള്ളിയാകും മാണി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഴിമതിക്കാരെ എന്‍ഡിഎയില്‍ എടുക്കില്ലെന്നാണ് വി. മുരളീധരന്റെ വാദം. എന്‍ഡിഎയുടെ നിലപാട് അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതം എന്നാണ് കുമ്മനം പറഞ്ഞത്. അപ്പോള്‍ മാണി തന്റെ നിലപാട് മാറ്റേണ്ടി വരുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Top