എന്തുകൊണ്ട് ദിലീപിനെയും നാദിർഷായെയും പൊലീസ് നുണപരിശോധന നടത്തിക്കുന്നില്ല ?

കൊച്ചി: നാദിര്‍ഷ കള്ളം പറഞ്ഞു ,വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം . .

മാഡം കാവ്യയാണെന്നും ഡ്രൈവറായി പോയിട്ടുണ്ടെന്നും, അവര്‍ പലപ്പോഴും പണം തന്നിട്ടുണ്ടെന്നും പള്‍സര്‍ സുനി . .

നിരപരാധിയായ ദിലീപിനെ അന്വേഷണ സംഘം കുരുക്കിയതാണെന്ന് ബന്ധുക്കളും സിനിമാ സംഘടനകളും . .

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഉയരുന്ന വാദങ്ങളാണിവ. എന്നാല്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇതുവരെയും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല.

ഈ കേസില്‍ വിവാദങ്ങളും സസ്‌പെന്‍സും തുടങ്ങി 204 ദിവസങ്ങളായിട്ടും ആരോപണ വിധേയരെയോ പ്രതിയാക്കപ്പെട്ടവരേയോ നുണ പരിശോധനക്ക് വിധേയമാക്കാന്‍ അന്വേഷണ സംഘം തയ്യാറാകാത്തതാണ് പരക്കെ സംശയത്തിന് വഴിമരുന്നിട്ടിരിക്കുന്നത്.
21469518_2000572883511909_941779022_n
സംസ്ഥാനത്ത് അപ്രധാനമായ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ സാക്ഷികളെയും പ്രതികളെയുമെല്ലാം പൊലീസ് നുണപരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത്രയും ഗൗരവമാര്‍ന്ന ഒരു കേസില്‍ ഉള്‍പ്പെട്ടവരെയും ആരോപണ വിധേയരെയും എന്തുകൊണ്ട് നുണ പരിശോധനക്ക് പൊലീസ് വിധേയമാക്കുന്നില്ല എന്നത് ഗൗരവമായ പല സംശയങ്ങളും ഉയര്‍ത്തുന്നതാണ്.

ജയിലില്‍ നിന്നും കത്തെഴുതിയത് ജയിലധികൃതരും സുനിയും നിര്‍ബന്ധിച്ചിട്ടാണെന്നും ദിലീപിന് യാതൊരു പങ്കുമില്ലന്നും കത്തെഴുതിയ വിപിന്‍ലാല്‍ തന്നെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു.

ഇയാളില്‍ നിന്നും തുടങ്ങണം ആദ്യം നുണപരിശോധനയെന്നാണ് നിയമകേന്ദ്രങ്ങളും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

പിന്നീട് പള്‍സര്‍ സുനി, കൂട്ട് പ്രതികള്‍, ദിലീപ്, അപ്പുണ്ണി, നാദിര്‍ഷ ,കാവ്യ മാധവന്‍ ഇവരെയൊക്കെ നുണ പരിശോധനക്ക് വിധേയമാക്കാവുന്നതാണ്.

ആക്രമണം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പറഞ്ഞ രണ്ട് അഭിഭാഷകരെ പ്രതിയാക്കി ജാമ്യത്തില്‍ വിട്ട പൊലീസ് ഇപ്പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകര്‍ പറഞ്ഞത് വിശ്വസിക്കുന്നില്ല എന്ന് പറയുന്നതും ഗുരുതരമായ തെറ്റാണ്.

പിന്നെ എന്തിന് വേണ്ടി ഈ അഭിഭാഷകരെ പ്രതിയാക്കി ? അവിശ്വാസമുണ്ടെങ്കില്‍ എന്തുകൊണ്ട് ഇവരെ നുണ പരിശോധനക്ക് വിധേയമാക്കിയില്ല എന്നാണ് നിയമ കേന്ദ്രങ്ങളുടെ ചോദ്യം.
21443246_2000572880178576_109636918_n
എന്തുകൊണ്ടാണ് നുണപരിശോധന പൊലീസ് നടത്താതിരിക്കുന്നത് എന്നതില്‍ തന്നെ എന്തൊക്കെയോ അന്വേഷണ സംഘത്തിന് മറച്ച് വയ്ക്കാന്‍ ഉണ്ട് എന്നതിന്റെ സൂചനയായും അവര്‍ വിലയിരുത്തുന്നു.

നുണ പരിശോധന ആവശ്യമുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നെങ്കില്‍ കോടതി അനുമതി നല്‍കുമായിരുന്നു.

നുണ പരിശോധനക്ക് തയ്യാറല്ലന്ന് അതിന് വിധേയരാകുന്നവര്‍ പറഞ്ഞാല്‍ മാത്രമേ ഇക്കാര്യത്തില്‍ തടസ്സമാവുകയുള്ളു.

ഈ കേസില്‍ അങ്ങനെ പറയുന്നവര്‍ ആരായാലും കാര്യങ്ങള്‍ കൂടുതല്‍ പൊതു സമൂഹത്തിനും വ്യക്തമാവാന്‍ കാരണമാവുമായിരുന്നുവെന്നും നിയമകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നാദിര്‍ഷ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് കോടതി പരിഗണിക്കും.

റിപ്പോര്‍ട്ട് : എം വിനോദ്

Top