രജനിയോട് ‘പ്രതികാരം’ ചെയ്യാൻ ഉദയനിധി, ഒപ്പം ചേർന്ന് പ്രിയദർശനും നമിത പ്രമോദും !

ചെന്നൈ: സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനം മുന്നില്‍ കണ്ട് തന്ത്രങ്ങളൊരുക്കി ഡി.എം.കെ നേതാവ് എം കെ സ്റ്റാലിന്‍.

തമിഴക രാഷ്ട്രീയത്തിലെ ജീവിച്ചിരിക്കുന്ന തലമുതിര്‍ന്ന നേതാവായ കരുണാനിധിയുടെ പിന്‍ഗാമിയായ മകന്‍ സ്റ്റാലിന്‍ അടുത്ത മുഖ്യമന്ത്രി പദം ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി രജനിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പുറത്തായത്.

വ്യക്തിപരമായി സൂപ്പര്‍സ്റ്റാറുമായി വളരെ അടുത്ത ബന്ധമാണ് കരുണാനിധി കുടുംബത്തിനുള്ളതെങ്കിലും രാഷ്ട്രീയത്തില്‍ രജനി ഇറങ്ങിയാല്‍ അടിവേര് തകരുമെന്ന് ഡിഎംകെ ഭയപ്പെടുന്നു.

പിളര്‍പ്പിനു ശേഷം ഗുരുതര പ്രതിസന്ധി അണ്ണാ ഡിഎംകെ നേരിടുന്ന സാഹചര്യത്തില്‍ മൃഗീയ ഭൂരിപക്ഷത്തിന് തമിഴകം തൂത്തുവാരാമെന്ന കണക്ക് കൂട്ടലിലായിരുന്നു ഡിഎംകെ.
unnamed (2)

രജനി സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ‘മുന്‍കരുതലുകള്‍’ സ്വീകരിക്കുന്ന തിരക്കിലാണ് ഡിഎംകെ നേതൃത്വമിപ്പോള്‍.

ഇതില്‍ പ്രധാനം രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യപിച്ചാല്‍ കൂടെ പാര്‍ട്ടിയില്‍ നിന്നും നേതാക്കളും പ്രവര്‍ത്തകരും പോകുന്നത് തടയുക എന്നതാണ്. കേഡര്‍ പാര്‍ട്ടിയാണെങ്കിലും ഡിഎംകെ ക്ക് അത് എത്രമാത്രം തടയാന്‍ പറ്റും എന്ന കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കു പോലും സംശയമുണ്ട്.

എന്നാല്‍ അണ്ണാ ഡിഎംകെയില്‍ നിന്നാണ് രജനിയുടെ പാര്‍ട്ടിയിലേക്ക് ഒഴുക്കുണ്ടാകുക എന്നാണ് ഡിഎംകെ നേതാക്കളുടെ വാദം.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും രജനി ആരാധകര്‍ ശക്തമായി ഉള്ളതിനാല്‍ മൊത്തത്തില്‍ രജനിയുടെ രംഗപ്രവേശം എല്ലാ പാര്‍ട്ടികളേയും ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

രജനിക്ക് പിന്തുണ പ്രഖ്യാപിച്ച് യുവ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്ത് വരുന്നത് തടയാനും ഡിഎംകെ ശ്രമം തുടങ്ങിയിട്ടുണ്ട്.

പ്രധാനമായും ഇളയദളപതി വജയ്, അജിത്ത്, സൂര്യ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് സമ്മര്‍ദ്ദം.

ഇതിനായി ഡിഎംകെ അനുകൂല പ്രമുഖ ചാനല്‍ ശൃംഖലയുടെ സഹായം തേടിയതായും സൂചനകളുണ്ട്. നിഷ്പക്ഷ നിലപാട് സ്വീകരിച്ചാലും കുഴപ്പമില്ല, പക്ഷേ രജനിയുട രാഷ്ട്രീയ പ്രവേശനത്തെ പിന്തുണക്കരുതെന്നാണ് ആവശ്യം.

താരങ്ങള്‍ ഗതി നിര്‍ണ്ണയിക്കുന്ന തമിഴക രാഷ്ട്രീയത്തില്‍ താര ടീമിനെ ഒപ്പം നിര്‍ത്താനും ഡി എം കെ ശ്രമം തുടങ്ങി കഴിഞ്ഞു.

ഇതോടൊപ്പം തന്നെ പാര്‍ട്ടിയുടെ ‘ഭാവി’ മുന്‍നിര്‍ത്തി മകനെ സൂപ്പര്‍ താരമാക്കി ഉയര്‍ത്താനും സ്റ്റാലിന്‍ പദ്ധതിയിടുന്നുണ്ട്.

സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിന്‍ ഇപ്പോള്‍ തന്നെ തമിഴകത്ത് അറിയപ്പെടുന്ന നായകനാണ്.

മലയാളിയായ പ്രമുഖ നടി നയന്‍താര വരെ ഉദയനിധിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.

unnamed (3)

ഇപ്പോള്‍ രാജ്യത്തെ തന്നെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ പ്രിയദര്‍ശനെ മുന്‍നിര്‍ത്തി ഉദയനിധിയെ ‘സൂപ്പര്‍ സ്റ്റാറാക്കാനാണ് ‘ പദ്ധതി.

പതിനാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഉദയനിധിയെ നായകനാക്കി ഇപ്പോള്‍ പ്രിയദര്‍ശന്‍ സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത തമിഴ് സിനിമാ മേഖലയെ ഞെട്ടിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍ ആവശ്യപ്പെട്ടാല്‍ രജനിയടക്കം തമിഴകത്തെ എല്ലാ താരങ്ങളും അഭിനയിക്കാന്‍ തയ്യാറാവുമെന്നിരിക്കെ ഉദയനിധി സ്റ്റാലിനെ നായകനാക്കാനുള്ള തീരുമാനമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

ജൂലായ് 15നു ചിത്രീകരണം തുടങ്ങുന്ന ഈ സിനിമയുടെ കഥ ഏതാണെന്ന് കേട്ടാല്‍ മലയാളികളും അത്ഭുതപ്പെടും.

കേരളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫഹദ് ഫാസില്‍ നായകനായ ‘മഹേഷിന്റെ പ്രതികാരമാണ്’ ഉദയനിധിക്കു വേണ്ടി തമിഴിലേക്ക് മൊഴി മാറ്റുന്നത്.

മലയാളി താരം നമിത പ്രമോദാണ് നായിക.അഭിഷേക് ബച്ചനെ നായകനാക്കി എടുക്കാനിരുന്ന ബോളിവുഡ് സിനിമയുടെ ചിത്രീകരണം മാറ്റി വച്ചാണ് തമിഴകത്ത് വീണ്ടും പ്രിയദര്‍ശന്‍ എത്തുന്നത്.

ഈ സിനിമയോടെ ഉദയനിധിയുടെ താരമൂല്യം കൂടുമെന്നും അത് തമിഴക രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്താമെന്നുമുള്ള കണക്ക് കൂട്ടലിലാണ് പിതാവ് സ്റ്റാലിനത്രെ.സ്റ്റാലിന്റെ പിന്‍ഗാമിയായാണ് മകന്‍ ഉദയനിധിയെ ഡിഎംകെ പ്രവര്‍ത്തകര്‍ കാണുന്നത്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top