പഞ്ചാബിലെ വിജയം ലോക് സഭാ അങ്കത്തിന് രാഹുല്‍ ഗാന്ധിക്ക് പുതിയ കരുത്ത് പകരും

rahul gandhi

അമൃത്സര്‍: കോണ്‍ഗ്രസ് മുക്തഭാരതമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖത്തടിയായി പഞ്ചാബില്‍ ബി.ജെ.പി 20 വര്‍ഷം കുത്തകയാക്കി വെച്ച ഗുരുദാസ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് രണ്ടുലക്ഷത്തോളം വോട്ടിന്റെ റെക്കോര്‍ഡ് വിജയം.

മോദിയുടെ പ്രഭാവവും മുന്‍ ബോളിവുഡ് സൂപ്പര്‍താരം വിനോദ് ഖന്നയുടെ മരണത്തെതുടര്‍ന്നുള്ള സഹതാപതരംഗവുമൊന്നും ബി.ജെ.പിയെ രക്ഷിച്ചില്ല.

2014-ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വിനോദ് ഖന്ന 1.36 ലക്ഷം വോട്ടുകള്‍ക്ക് വിജയിച്ച ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ ഗുരുദാസ്പൂരിലാണ് പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ 1,93,219 വോട്ടെന്ന റെക്കോര്‍ഡ് വിജയം നേടിയത്.

1980-ല്‍ കോണ്‍ഗ്രസിലെ സുഖ്ബാന്‍സ് കൗര്‍ ബിന്ദര്‍ നേടിയ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് മറികടന്നത്.

2017-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുദാസ്പൂരിലെ 10 മണ്ഡലങ്ങളില്‍ എട്ടിലും വിജയിച്ച കോണ്‍ഗ്രസ് പക്ഷേ ഉപതെരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളും പിടിച്ചെടുത്ത് സമ്പൂര്‍ണ ആധിപത്യം നേടി. അതേസമയം പഞ്ചാബില്‍ മാറ്റത്തിന്റെ കാറ്റാവുമെന്ന പ്രവചിച്ച ആം ആദ്മി പാര്‍ട്ടിക്ക് കെട്ടിവെച്ച കാശുപോലും ലഭിച്ചില്ല.

നോട്ടു നിരോധനത്തിനും ജി.എസ്.ടിക്കു ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന പ്രത്യേകതകൂടിയുണ്ട് ഗുരുദാസ്പൂരിന്.

വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ആത്മവിശ്വാസം പകരുന്ന വിജയമാണ് പഞ്ചാബിലേത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബി.ജെ.പിക്കെതിരെ പോരാടാനും ഈ വിജയം കോണ്‍ഗ്രസിന് കരുത്താകും.

Top