മാധ്യമങ്ങൾക്ക് മുന്നിൽ ‘ഹീറോ’ ചമയാത്ത യഥാർത്ഥ ഹീറോയാണ് അഥീല ഐഎഎസ്

കൊച്ചി: ഉന്നത കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ.അഥീല അബ്ദുള്ളയെ സ്ഥലം മാറ്റിയതിൽ വ്യാപക പ്രതിഷേധം.

അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ നിയമം മുഖം നോക്കാതെ നടപ്പാക്കിയ സബ് കളക്ടറെ പെട്ടന്ന് സ്ഥലം മാറ്റിയത് ശരിയായ നടപടിയല്ലന്ന അഭിപ്രായമാണ് ഇപ്പോൾ ശക്തമായി ഉയരുന്നത്.

കഴിഞ്ഞ ഒൻപതു മാസമായി ഫോർട്ട് കൊച്ചി സബ് കളക്ടറായി പ്രവർത്തിക്കുന്ന അഥീല ഇതിനകം 200 കോടിയിലധികം വിലമതിക്കുന്ന ഭൂമികളിലെ കയ്യേറ്റമാണ് കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുള്ളത്.

ഇനിയും ഇത്തരത്തിൽ നിരവധി കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനിരിക്കെയാണ് പെട്ടന്നുള്ള സ്ഥലമാറ്റം.

നെൽവയൽ നികത്തുന്നത് തടയുന്നതിനും നേതൃത്വം നൽകി വരികയായിരുന്ന സബ് കളക്ടർ കൊച്ചിയിലെ അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ള ഭൂമാഫിയയുടെ കണ്ണിലെ കരടായിരുന്നു.

അധികാര കേന്ദ്രങ്ങൾ എത്ര ഉന്നതരായാലും എന്തൊക്കെ സമ്മർദ്ദമുണ്ടായാലും വഴിവിട്ട് ഒരു കാര്യവും ചെയ്ത് കൊടുക്കാത്തത് തന്നെയാണ് കൊച്ചി സബ് കളക്ടർ സ്ഥാനത്ത് നിന്ന് അഥീലയെമാറ്റാൻ കാരണമെന്നാണ് സൂചന.

അത് ആരുടെ താൽപര്യമാണെന്നാണ് ഇനി അറിയാനുള്ളത്. ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.

ശുപാർശകളില്ലാതെ എപ്പോൾ വേണമെങ്കിലും ആർക്കും പരാതിയുമായി ചെല്ലാൻ വാതിൽ തുറന്നിട്ടിരുന്നതിനാൽ ജനങ്ങൾക്കിടയിൽ പ്രിയങ്കരിയായിരുന്നു അഥീല. പരാതിയിൽ മേലുള്ള നടപടിയും വേഗത്തിലായതിനാൽ സന്ദർശകരും കൂടുതലായിരുന്നു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ അജണ്ടക്ക് പുറത്തുള്ള ഇനമായി ഉൾപ്പെടുത്തിയാണ് ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്ക് അഥീലയെ മാറ്റിയത്.

എറണാകുളം നഗരത്തിലെ പല ഭാഗങ്ങളിലായി നടന്നിരുന്ന ഭൂമി കയ്യേറ്റം കണ്ടെത്തി സബ് കളക്ടർ സ്വീകരിച്ച നടപടി പല ഉന്നതരുടെയും ഉറക്കം കെടുത്തിയിരുന്നു.

ഏകദേശം 200 കോടിയോളം വിലവരുന്ന ഭൂമി കയ്യേറ്റമാണ് കണ്ടെത്തിയിരുന്നത്. ഇതിൽ കൊച്ചിയിലെ പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപന ഉടമയുടെ വൈറ്റിലയിലുള്ള 45 കോടിയുടെ ഭൂമിയും വരും.

നഗരത്തിലെ പ്രമുഖ ക്ലബ് സർക്കാർ ഏറ്റെടുക്കാൻ റിപ്പോർട്ട് നൽകിയതും പ്രമുഖ ബിൽഡറുടെ കാക്കനാട്ടുള്ള ആറ് ഏക്കർ കൃഷിഭൂമി കരഭൂമിയാക്കാനുള്ള ശ്രമത്തിന് തടയിടാൻ സബ് കളക്ടർ തന്നെ ഹൈക്കോടതിയിൽ നേരിട്ട് അപ്പീൽ ഫയൽ ചെയ്തതും വാട്ടർ തീം പാർക്ക് ഉടമയുടെ ഭൂമി കൺവർട്ട് ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതിരുന്നതുമെല്ലാം വലിയ എതിർപ്പിന് കാരണമായ സംഭവങ്ങളാണ്.

മറ്റൊരു പ്രമുഖ സ്ഥാപനം സർക്കാരിന് നൽകാനുണ്ടായിരുന്ന എട്ടു കോടി രൂപ കുടിശ്ശിക നൽകാനുണ്ടായിരുന്നതിലും അഥീലയുടെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടായി.

ഒരു ഉന്നതൻ അങ്കമാലിയിലുള്ള വസ്തുവിന് ആധാരത്തിൽ വില കുറച്ച് കാണിച്ച പശ്ചാത്തലത്തിൽ അദാലത്ത് നടത്തുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ഇത്തരം കാര്യങ്ങളൊന്നും തന്നെ മാധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തി ‘ഹീറോ’ ചമയാൻ മാഡം ഒരിക്കലും നിന്നിട്ടില്ലന്നാണ് ഓഫീസ് ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

അങ്ങനെ ആയിരുന്നുവെങ്കിൽ ഒരു പക്ഷേ ‘പൾസ് ‘ മനസ്സിലാക്കി സർക്കാർ സ്ഥലമാറ്റം നടത്തില്ലായിരുന്നുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

തിരൂർ സബ് കളക്ടറായിരിക്കെ വേങ്ങര കിളിനക്കോട് ക്വാറി മാഫിയയുടെ തട്ടകത്തിൽ പോയി ഒറ്റക്ക് ലോറി പിടിച്ചെടുത്ത് കൊണ്ടു വന്നിട്ടുണ്ട് അഥീല.

മാധ്യമങ്ങളിൽ വാർത്തയും പടവും വരുന്നതിനും അധികാര കേന്ദ്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വേണ്ടി മാത്രം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻമാർക്ക് കണ്ടു പഠിക്കാൻ ഒരു മാതൃകയാണ് ഈ കോഴിക്കോട്ടുകാരി ഡോക്ടർ ഐ.എ.എസ്.

Top