പാക്കിസ്ഥാന്‍ ഭരണം ഏത് നിമിഷവും സൈന്യം പിടിച്ചെടുത്തേക്കുമെന്ന് അഭ്യൂഹം

ഇസ്ലാമാബാദ്: അഴിമതിയില്‍ പെട്ട് നവാസ് ഷെരീഫ് പ്രധാനമന്ത്രി പദം രാജിവച്ച അനുകൂല സാഹചര്യം മുന്‍ നിര്‍ത്തി ഭരണം പിടിച്ചെടുക്കാന്‍ സൈന്യം രംഗത്ത്.

ഷെരീഫിന്റെ കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയിലെത്തിയ ആഭ്യന്തര മന്ത്രി അഹ്‌സാന്‍ ഇഖ്ബാലിനെ കോടതിക്ക് പുറത്ത് സൈന്യം തടഞ്ഞതും ഷെരീഫിന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചതും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

ഭീകര സംഘടനാ നേതാവ് ഹാഫിസ് സെയ്ദിനെ പ്രധാനമന്ത്രിയായി അവരോധിക്കാനാണ് സൈന്യത്തിന്റെ നീക്കമെന്ന് നേരത്തെ പുറത്തു വന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

മുംബൈ സ്‌ഫോടനത്തിലെ സൂത്രധാരനായ ഈ ആഗോള ഭീകരനെ പാക്ക് സൈന്യം സംരക്ഷിച്ച് വരികയായിരുന്നു.

ഹാഫിസ് സെയ്ദിനെ മുന്‍ നിര്‍ത്തിയുള്ള സൈന്യത്തിന്റെ താല്‍പര്യത്തിനെതിരെ നിലപാട് എടുത്തതാണ് ഷെരീഫിന് തിരിച്ചടിയായതെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന നീക്കമാണിത്.

പാക്കിസ്ഥാനില്‍ വീണ്ടും ഒരു പട്ടാളഭരണം വന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന കാര്യം ഉറപ്പാണ്.

ഹാഫിസ് സയിദിനെ മുന്‍ നിര്‍ത്തിയാണ് ഭരണമെങ്കില്‍ അത് ലോക രാഷ്ട്രങ്ങള്‍ക്ക് തന്നെ വലിയ ഭീഷണിയാകും.

ഇന്ത്യ ഹാഫിസ് സയ്ദിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം ഹാഫിസിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്ന ചൈനയാണ് ഇതോടെ വെട്ടിലാവുക.

ഭീകരവാദിയുടെ കയ്യില്‍ പാക്ക് ഭരണമെത്തിയാല്‍ ഭീകരരാഷ്ട്രമായി ലോക രാഷ്ട്രങ്ങള്‍ പാക്കിസ്ഥാനെ പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകും.

‘സാമ്പത്തിക ഇടനാഴി’ക്കു വേണ്ടിയും മറ്റും വന്‍ സാമ്പത്തിക മുതല്‍മുടക്ക് നടത്തിയ ചൈനക്ക് വലിയ തിരിച്ചടിയാകുമത്.

പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ ലോക ശക്തികള്‍ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.

പാക്കിസ്ഥാന്റെ ആണവ ശേഖരം ഭീകരരുടെ കയ്യെത്തും ദൂരത്താണ് എന്നതാണ് ലോക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുന്നത്.

അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയക്ക് ആണവ സാങ്കേതികവിദ്യ കൈമാറിയത് പാക്കിസ്ഥാനായിരുന്നു.

Top