special- The massive lobby behind against the mahabharatham film

കൊച്ചി: ആയിരം കോടി മുടക്കി നിര്‍മ്മിക്കുന്ന മഹാഭാരതത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍.

എം ടിക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്ന സംഘ പരിവാര്‍ സംഘടനകള്‍ മഹാഭാരതമെന്ന പേരിടരുതെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നു കഴിഞ്ഞു.

ഇതിനു പിന്നാലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ഡി.സുഗതനും ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.

മഹാഭാരതമെന്ന പേര് എം ടിയുടെ മോഹന്‍ലാല്‍ സിനിമയ്ക്കിട്ടാല്‍ അത് വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സുഗതന്റെ വാദം.

ഒരു വടക്കന്‍ വീരഗാഥയില്‍ എം ടി ചരിത്രം തെറ്റായി വ്യാഖ്യാനിച്ചത് പോലെ മഹാഭാരതത്തിലുണ്ടായാല്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ സകലരും വിവരമറിയുമെന്ന പ്രതികരണങ്ങളാണ് വിമര്‍ശകരില്‍ നിന്നും ഇപ്പോള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിനോട് അഭിപ്രായ ഭിന്നത ഇല്ലെങ്കിലും എം ടിയോടുള്ള പക സംഘ പരിവാര്‍ ഫലപ്രദമായി ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്.

നോട്ട് നിരോധന വിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച എംടി വാസുദേവന്‍ നായരുടെ നടപടിയാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

‘തുഗ്ലക്ക് തലസ്ഥാനം മാറ്റിയത് അരക്കിറുക്കു കൊണ്ടു മാത്രമല്ല, മറിച്ച് തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത് തുഗ്ലക്കിനെ പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ട് ‘ഇതായിരുന്നു എംടിയുടെ വിവാദ പ്രസ്താവന

എം ടിയോടുള്ള ഭിന്നത കാരണമാണ് സംഘ പരിവാറിന്റെ പ്രതിഷേധമെന്നതിനാല്‍ മോഹന്‍ലാല്‍ തന്നെ നേരിട്ട് നേതാക്കളുമായി സംസാരിച്ച് സമവായമുണ്ടാക്കുമെന്നാണ് സൂചന.

മോഹന്‍ലാല്‍ ഭീമനെ അവതരിപ്പിക്കുന്നതിനെ പരിഹസിച്ച് ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്‍ വന്നത് സോഷ്യല്‍ മീഡിയയില്‍ ലാല്‍ ഫാന്‍സുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.

അതേ സമയം മഹാഭാരതത്തിന്റെ ടൈറ്റില്‍ നിലവില്‍ മറ്റു ചിലര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും അതുകൊണ്ട് തന്നെ ആ പേര് ഉപയോഗിക്കാന്‍ ആയിരം കോടിയുടെ സിനിമക്ക് കഴിയില്ലന്നുമുള്ള റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

മഹാഭാരതമെന്ന പേര് ചിത്രീകരണത്തിന് ഉപയോഗിച്ചാലും സിനിമ റിലീസാകുന്നത് ആ പേരിലായിരിക്കില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വെല്ലുവിളി.

ഹിന്ദി, തമിഴ്, തെലുങ്ക് സിനിമാ ലോബികള്‍ 3000 കോടിയുടെ ഈ മോഹന്‍ലാല്‍ സിനിമക്ക് ‘പണി’ കൊടുക്കുന്നതിന്റെ തുടക്കമായാണ് ഈ നീക്കങ്ങളെ വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് ആരും ചെയ്യാത്ത ബഡ്ജറ്റിലെ സിനിമ പുതുമുഖ സംവിധായകനെ മുന്‍നിര്‍ത്തി മോഹന്‍ലാലിനെ പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നതാണ് അന്യഭാഷാ ലോബികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ പുറത്തു വന്ന ബോളിവുഡ് താരത്തിന്റെ പ്രതികരണം ഒറ്റപ്പെട്ടതല്ലന്നും പലരുടെയും ‘മനസിലിരിപ്പാണ്’ ഇയാള്‍ വഴി പുറത്ത് വന്നിരിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്.

ആരംഭത്തിലെ ഈ ‘കല്ലുകടി ‘ ആയിരംകോടി സിനിമയോടുള്ള ‘അപ്രഖ്യാപിത ‘ നിസഹകരണമായി മാറിയാല്‍ പോലും അത്ഭുതപ്പെടാനില്ല.അന്യഭാഷ താരങ്ങളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയുമെല്ലാം പരപൂര്‍ണ്ണ സഹകരണം ‘മഹാഭാരത’ത്തിന്റെ ചിത്രീകരണത്തിന് അനിവാര്യമാണ്.

പ്രമുഖ എന്‍ ആര്‍ ഐ വ്യവസായി ബി ആര്‍ ഷെട്ടിയാണ് സിനിമയുടെ നിര്‍മ്മാതാവ് പരസ്യ സംവിധായകന്‍ ശ്രീകുമാറാണ് ഈ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top