special- The enemies are now face-to-face: Nalini Netto and Senkumar may be fight at the head of state

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും തമ്മില്‍ ‘ശീത’ സമരത്തിനും തുടക്കമാവും.

സര്‍ക്കാര്‍ ജീവനക്കാരുടെ തലവനും പൊലീസ് സേനയുടെ തലവനും കൊമ്പ് കോര്‍ക്കുന്ന അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സെന്‍കുമാറിന്റെ തിരിച്ചുവരവോടെ സംഭവിക്കാന്‍ പോകുന്നത്.

കടുത്ത അഭിപ്രായ ഭിന്നതയാണ് മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ നളിനി നെറ്റോയുമായി സെന്‍കുമാറിനുള്ളത്.

സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തെറുപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ നിര്‍വ്വഹിച്ചതെന്നാണ് സെന്‍കുമാര്‍ വിശ്വസിക്കുന്നത്.

ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് ചീഫ് സെക്രട്ടറിയാകാന്‍ തനിക്ക് കഴിയാതെ പോയത് മുഖ്യമന്ത്രിയുടെ മേല്‍ സെന്‍കുമാര്‍ ചെലുത്തിയ സ്വാധീനമാണെന്ന് നളിനി നെറ്റോ കരുതിയിരുന്നതാണ് ഇരുവരും തമ്മിലുള്ള ഉടക്കില്‍ കലാശിച്ചത്.

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം പൊലീസിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്ന നളിനി നെറ്റോയുടെ നടപടിയാണ് ഭിന്നത രൂക്ഷമാക്കിയത്. വിഷയത്തില്‍ പൊലീസിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സെന്‍കുമാറിന്റേത്.

റവന്യൂ ഉദ്യോഗസ്ഥരുടെ തെറ്റുകള്‍ മറച്ചുവെച്ച് പൊലീസിനെ ബലിയാടാക്കാന്‍ ശ്രമിച്ചതിനെതിരെ സേനക്കകത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.

നളിനി നെറ്റോ ചൂണ്ടിക്കാട്ടിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും ജിഷ കേസും സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റാന്‍ ന്യായീകരണമല്ലന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത് നളിനി നെറ്റോയ്ക്കും വന്‍ പ്രഹരമാണ്.

ഈ സാഹചര്യത്തില്‍ വര്‍ദ്ധിത വീര്യത്തോടെ പൊലീസ് മേധാവി സ്ഥാനത്ത് തിരിച്ചു വരുന്ന സെന്‍കുമാറിനെ നളിനി നെറ്റോ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് ഉദ്യോഗസ്ഥര്‍ ഉറ്റുനോക്കുന്നത്.

ഇരുവരും ഒരുമിച്ച് പങ്കെടുക്കേണ്ട നിരവധി മീറ്റിങ്ങുകള്‍ സ്വാഭാവികമായും ഉണ്ടാകും. മാത്രമല്ല ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പദവിക്ക് മേലെയാണ് നളിനി നെറ്റോ എന്നതിനാല്‍ അവര്‍ക്ക് ബഹുമാനം കൊടുക്കാന്‍ സെന്‍കുമാര്‍ ബാധ്യസ്ഥനുമാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പരസ്പരമുള്ള കൂടികാഴ്ച ഒഴിവാക്കാനാണ് ഇരുവരും ശ്രമിക്കുക. ജൂണില്‍ സെന്‍കുമാര്‍ റിട്ടയര്‍ ചെയ്യുമെന്നതിനാല്‍ അതിനാണ് സാധ്യത കൂടുതല്‍.

അതേസമയം സെന്‍കുമാര്‍ ചാര്‍ജെടുക്കുന്നതോടെ സര്‍ക്കാറുമായുള്ള ‘പാലമായി ‘ പൊലീസ് ഉപദേഷ്ടാവ് ശ്രീവാസ്തവ പ്രവര്‍ത്തിക്കുമെന്ന വിവരവും പുറത്തു വരുന്നുണ്ട്.

ആഭ്യന്തര സെക്രട്ടറി സുബ്രതാ ബിശ്വാസ്, ശ്രീവാസ്തവ എന്നിവരെ മുന്‍നിര്‍ത്തി പൊലീസില്‍ ഇടപെടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നീക്കമത്രെ.

Top