വിജയ് പ്രതിഫലം ഉയര്‍ത്തി, നാല്‍പ്പത് കോടി ! ദളപതിയുടെ വളര്‍ച്ചയും ‘മാസായി’ തന്നെ

ചെന്നൈ: തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് യുടെ പ്രതിഫലം ഉയര്‍ന്നതായി റിപ്പോര്‍ട്ട്.

മെര്‍സലിന് ശേഷം എ.ആര്‍ മുരുകദാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നാല്‍പ്പത് കോടിക്കാണ് വിജയ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഈ സിനിമയും തകര്‍പ്പന്‍ വിജയം കൊയ്താല്‍ ഒറ്റയടിക്ക് അന്‍പത് കോടി പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറാന്‍ സാധ്യതയുണ്ട്.

ബാലതാരമായി വന്ന് കഴിഞ്ഞ 25 വര്‍ഷമായി തെന്നിന്ത്യയിലെ നിറ സാന്നിധ്യമായ ഇളയ ദളപതി ഇപ്പോള്‍ ദളപതിയായി മാറി വളര്‍ച്ചയുടെ പരമോന്നതിയില്‍ എത്തിയിരിക്കുന്നതില്‍ അദ്ദേഹത്തിന്റെ ആരാധകരും ഹാപ്പിയാണ്.

തനിക്ക് ലഭിക്കുന്ന പ്രതിഫലതുകയില്‍ നല്ലൊരു തുക പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി നീക്കിവെയ്ക്കുന്ന താരമാണ് വിജയ്.
23163655_2026369380928241_400475140_n

ഫാന്‍സ് അസോസിയേഷന്‍, ചാരിറ്റബിള്‍ ട്രെസ്റ്റ് മുഖാന്തരവും നേരിട്ടുമെല്ലാം മറ്റു താരങ്ങളേക്കാള്‍ കൂടുതല്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഈ മനസ്സ് തന്നെയാണ് ദളപതിയുടെ ‘മാസ് ‘ പവറിന് പിന്നിലെ പ്രധാന ഘടകവും.

ഗില്ലി ,തുള്ളാത്ത മനവും തുള്ളും, പോക്കിരി ,തുപ്പാക്കി, കത്തി, തെറി . . തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ തുടങ്ങി മെര്‍സലില്‍ വരെ എത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന ഗ്രാഫ്.

രജനികാന്താണ് പ്രതിഫലം വാങ്ങുന്നതില്‍ ഒന്നാമന്‍. പുതിയ ചിത്രമായ 2.0 ക്ക് 60 മുതല്‍ 70 കോടി വരെ പ്രതിഫലം രജനിക്ക് ലഭിക്കുമെന്നാണ് അറിയുന്നത്.

പ്രതിഫലം ലാഭവിഹിതമായാണ് രജനി വാങ്ങുകയത്രെ.

അതേ സമയം 43 കാരനായ വിജയ് ഇപ്പോള്‍ തന്നെ 40 കോടി പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ രജനിയെ പോലെ 66 വയസ്സാകുമ്പോള്‍ എത്ര കോടി വാങ്ങും എന്നോര്‍ത്ത് തല പുകയ്ക്കുകയാണിപ്പോള്‍ തമിഴ് സിനിമാലോകം.

ഇരുന്നൂറ് കോടി രൂപയുടെ ബിസിനസ്സ് വരെ വിജയ് സിനിമകള്‍ക്ക് നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് വന്‍കിട നിര്‍മ്മാതാക്കളെ ദളപതിയുടെ വീട്ടില്‍ ക്യൂവില്‍ നിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.
23231922_2026369360928243_479150120_n

കേരളത്തില്‍ പോലും വലിയ രൂപത്തിലുള്ള ആരാധകര്‍ ഉള്ള ഏക തമിഴ് താരമാണ് വിജയ്.

ആറു കോടിക്ക് വിതരണത്തിനെടുത്ത മെര്‍സല്‍ ഇതിനകം 15 കോടി കേരളത്തില്‍ നിന്നും മാത്രം കളക്ട് ചെയ്തത് മലയാള സിനിമയെയും ഞെട്ടിച്ചിരുന്നു.

‘തല’ എന്നറിയപ്പെടുന്ന അജിത്താണ് രജനിയും വിജയ് യും കഴിഞ്ഞാല്‍ തമിഴകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരം.

30 മുതല്‍ 35 കോടി വരെയാണ് അജിത്തിന്റെ മാര്‍ക്കറ്റ്.

മറ്റു പ്രധാന താരങ്ങളായ കമല്‍ 20 മുതല്‍ 25 കോടി വരെയും സൂര്യ 23, വിക്രം 15 മുതല്‍ 20 കോടി, ശിവ കാര്‍ത്തികേയന്‍, ധനുഷ് എന്നിവര്‍ 10 മുതല്‍ 12 കോടി വരെയുമാണ് പ്രതിഫലം പറ്റുന്നതെന്നാണ് സൂചന.

Top