സെന്‍കുമാര്‍ ‘വിവാദം’ സംസ്ഥാന സര്‍ക്കാറും വിവരാവകാശ കമ്മീഷനും ഏറ്റുമുട്ടിയേക്കും . .

തിരുവനന്തപുരം: സെന്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവരാവകാശ കമ്മീഷനുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കാന്‍ സാധ്യത.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ 48 മണിക്കൂറിനുള്ളില്‍ രേഖകളെല്ലാം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വിവരാവകാശ നിയമപ്രകാരം സംസ്ഥന പൊലീസ് മേധാവി തന്നെ നേരിട്ട് ആഭ്യന്ത വകുപ്പിനെ സമീപിക്കുന്നത്. ഇത് രാജ്യത്തെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമാണ്.

മറ്റൊരു സംസ്ഥാനത്തെയും സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് ഈ ഗതികേടുണ്ടായിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആഭ്യന്തര വകുപ്പ് സെന്‍കുമാറിന് രേഖകള്‍ നല്‍കാനുള്ള സാധ്യത കുറവാണെന്നാണ് പറയപ്പെടുന്നത്.

അങ്ങനെ വന്നാല്‍ പിന്നീട് അപ്പ്‌ലറ്റ് അതോററ്റിയെ സമീപിച്ചാലും കാര്യമുണ്ടാകണമെന്നില്ല.

ഇവിടെയാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഇടപെടല്‍ പ്രസക്തമാകുന്നത്.

സെന്‍കുമാറിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തലവന്‍ എന്നതിനാല്‍ സര്‍ക്കാറിനോട് രേഖകള്‍ നല്‍കാന്‍ ഉത്തരവിടുമെന്ന കാര്യം ഉറപ്പാണ്.

ഇത് വിവരാവകാശ കമ്മീഷനും സര്‍ക്കാറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സാധ്യത.

അതേസമയം സെന്‍കുമാര്‍ ജൂണ്‍ 30ന് വിരമിക്കാനിരിക്കെ പ്രതികാര നടപടി സ്വീകരിക്കുന്നതിനോട് സിപിഎമ്മിലെയും ഇടതുമുന്നണിയിലെയും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

സെന്‍കുമാര്‍ വിരോധികളായ ഉദ്യോഗസ്ഥരുടെ താല്‍പര്യത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കേണ്ടതില്ലെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായമത്രേ.

സംസ്ഥാന പൊലീസ് മേധാവി പദത്തില്‍ നിയമ പോരാട്ടത്തിലൂടെ എത്തിയ സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍, എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അപേക്ഷയില്‍ അനുമതി കൊടുത്തതിന് എതിരെ വീണ്ടും നിയമപോരാട്ടം നടക്കുമ്പോള്‍ കോടതിയുടെ നിലപാട് സര്‍ക്കാറിന് നിര്‍ണ്ണായകമാകും.

തുടര്‍ച്ചയായി കോടതിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു തിരിച്ചടി സംസ്ഥാന സര്‍ക്കാര്‍ എന്തായാലും ആഗ്രഹിക്കുന്നില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ അപേക്ഷ ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിയില്‍ പ്രതികാര നടപടി ഒന്നും തന്നെയില്ലന്നാണ് സര്‍ക്കാറിന്റെ വാദം.

എന്നാല്‍ സര്‍ക്കാര്‍ തനിക്കെതിരെ നടപടികളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ‘താന്‍ ഭീഷ്മരല്ലെന്നും ശിഖണ്ഡിയെ കാണുമ്പോള്‍ ആയുധം താഴെ വയക്കില്ലെന്നും’ തുറന്നടിച്ച സെന്‍കുമാര്‍ എന്തും നേരിടാന്‍ തയ്യാറാണെന്ന വ്യക്തമായ സന്ദേശമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

പൊലീസ് ട്രെയിനിങ്ങ് കോളജ് പ്രിന്‍സിപ്പലായിരുന്ന കാലത്ത് സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്നുമാണ് ഇപ്പോള്‍ പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായ ഗോപാലകൃഷ്ണന്റെ പരാതി.

2012-ല്‍ ഇതു സംബന്ധമായ പരാതി അന്നത്തെ ആഭ്യന്തര മന്ത്രിക്ക് നല്‍കിയെങ്കിലും സെന്‍കുമാറിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം. ഇതാണിപ്പോള്‍ പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ പുന:പരിശോധിച്ച് അനുമതി നല്‍കിയിരിക്കുന്നത്.

Top