സെൻകുമാർ സുപ്രീം കോടതിയിൽ നിന്നും നേടിയ ‘സംരക്ഷണം’ കീഴുദ്യോഗസ്ഥർക്കില്ല

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി കഴിഞ്ഞ ദിവസം വിരമിച്ച ടി.പി സെന്‍കുമാര്‍ 56 ദിവസത്തിനുളളില്‍ സ്ഥലം മാറ്റിയത് അനവധി ഉദ്യോഗസ്ഥരെ.

ക്രമസമാധാന ചുമതലയില്‍ ഉള്ള ഉദ്യോഗസ്ഥരെ രണ്ട് വര്‍ഷത്തിനുള്ളില്‍ മതിയായ കാരണമില്ലാതെ മാറ്റരുതെന്ന സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച സെന്‍കുമാര്‍ കസേരയില്‍ തിരിച്ചെത്തിയപ്പോള്‍ വിപരീതമായ കാര്യങ്ങള്‍ ചെയ്തതായാണ് ആക്ഷേപം.

എസ്.എച്ച്.ഒ.മാര്‍ ഉള്‍പ്പെടെ ക്രമസമാധാന ചുമതലയിലുള്ള നൂറോളം എസ്.ഐമാരെയും 22 സി ഐമാരെയും സെന്‍കുമാര്‍ മാറ്റിയത് അദ്ദേഹം തന്നെ വാദിച്ച നിലപാടിന് എതിരാണെന്നാണ് ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതിനു പുറമെ മൂന്നാര്‍, ശംഖ് മുഖം ,ആലുവ, ഇരിങ്ങാലക്കുട തുടങ്ങിയ സ്ഥലങ്ങളിലെ ഡിവൈഎസ്പിമാരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയപ്പോഴും പത്തനംതിട്ട, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളെ തെറിപ്പിച്ചപ്പോഴും ഒരു പ്രതികരണം പോലും സെന്‍കുമാര്‍ നടത്താതിരുന്നതും ഇപ്പോള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

പദവി നോക്കാതെ ‘അനീതി’ക്കെതിരെ പ്രതികരിക്കുന്ന സെന്‍കുമാര്‍ സ്വന്തം അധികാര കാലയളവില്‍ നടത്തിയ ഈ സ്ഥലമാറ്റങ്ങള്‍ ചൂടുള്ള ചര്‍ച്ചയ്ക്കാണ് സേനയില്‍ വഴിമരുന്നിട്ടിരിക്കുന്നത്.

എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശവും പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

തച്ചങ്കരിയെ ടാര്‍ഗറ്റ് ചെയ്ത് നടത്തിയ പ്രതികരണത്തില്‍ ഐ പി എസ് ഉദ്യോസ്ഥര്‍ക്കിടയില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് തുറന്നടിച്ചതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിക്കുന്നത്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് ഐഎഎസ്‌ഐപിഎസ് ഓഫീസര്‍മാരുള്‍പ്പെടെ പല ഉന്നത ഉദ്യോസ്ഥരും നേരിടുന്നുണ്ടെങ്കിലും തച്ചങ്കരിയെ മാത്രം ടാര്‍ഗറ്റ് ചെയ്തത് ശരിയായില്ലന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.

കോടതി കുറ്റക്കാരനായി വിധിക്കും വരെ കുറ്റാരോപിതനാണ് തച്ചങ്കരിയെന്നും ഒരു കോടതിയും തച്ചങ്കരിയെ ഇതുവരെ ശിക്ഷിച്ചിട്ടില്ലന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് റിട്ടയര്‍ ചെയ്തിട്ടും എട്ടു പൊലീസുകാരുടെ സുരക്ഷയില്‍ കഴിയുന്ന സെന്‍കുമാറിന് പൊലീസുദ്യോഗസ്ഥര്‍ക്ക് ഉണ്ടാവുന്ന ശത്രുക്കളെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും വ്യക്തിഹത്യ നടത്തിയത് ശരിയായില്ലന്നും അവര്‍ പറയുന്നു.

ശത്രുക്കളും എതിര്‍പ്പുള്ളവരും നല്‍കുന്ന പരാതി പേടിച്ച് പ്രവര്‍ത്തിക്കാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ലയെന്നിരിക്കെ വിവാദ പരാമര്‍ശങ്ങള്‍ സെന്‍കുമാര്‍ ഒഴിവാക്കേണ്ടത് തന്നെയായിരുന്നുവെന്നാണ് ഭൂരിപക്ഷ ഉദ്യോഗസ്ഥരുടെയും അഭിപ്രായം.

തച്ചങ്കരിയെ വിമര്‍ശിക്കുന്ന സെന്‍കുമാര്‍ അദ്ദേഹത്തിന്റെ കീഴിലുള്ള കേരള ബുക്ക് ആന്റ് പബ്ലിക്കേഷന്‍സിന്റെ (കെ.ബി.പി.എസ്) 125 കോടി വിറ്റുവരവില്‍ 60 കോടി ലാഭമുണ്ടാക്കിയതും പാഠപുസ്തകം കൃത്യസമയത്ത് എത്തിക്കാനായതും മാത്രം ഓര്‍ത്താല്‍ അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാകുമെന്നാണ് കെ.ബി.പി.എസിലെ ജീവനക്കാരും തുറന്നടിക്കുന്നത്.

തച്ചങ്കരി ഒരു തരത്തിലും കഴിവ് തെളിയിക്കാത്ത ഉദ്യോഗസ്ഥനാണെന്നും, തച്ചങ്കരിയുടെ നിയമനം ന്യൂറോ സര്‍ജന് പകരം ഇറച്ചി വെട്ടുകാരനെ ഇരുത്തിയത് പോലെയാണെന്നുമായിരുന്നു തച്ചങ്കരിക്കെതിരെയുള്ള സെന്‍കുമാറിന്റെ വിവാദ പരാമര്‍ശം.

കോണ്‍സ്റ്റബിള്‍ തലത്തിലുള്ളതിനെക്കാള്‍ കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഉയര്‍ന്ന റാങ്കുകളിലാണ്. ഐ.പിഎസ് തലത്തിലാണ് ക്രിമിനലുകള്‍ കൂടുതലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

താഴെതട്ടില്‍ ഒരു ശതമാനമാണ് ക്രിമിനലുകളെങ്കില്‍ ഐപിഎസ് തലത്തില്‍ അത് നാല് ശതമാനം വരെയാണെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം കേരളത്തിലെ പൊലീസ് സേനയ്ക്കാകെ മാനക്കേടായിരിക്കുകയാണിപ്പോള്‍.

Top