നടിമാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത . . ? സിനിമാ മേഖലയെ മോശമാക്കാൻ ശ്രമിച്ചെന്ന്

കൊച്ചി: നടിമാരുടെ നേതൃത്ത്വത്തില്‍ രൂപീകരിച്ച ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമാകുന്നു.

സിനിമ ഷൂട്ടിങ്ങ് നടക്കുന്ന സെറ്റുകള്‍ ലൈംഗിക പീഡന നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സെറ്റുകളില്‍ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഈ മേഖലയെ പൊതു സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നാണ് പ്രബല വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

വനിതാ താരസംഘടന പ്രധാനമായും ചൂണ്ടിക്കാട്ടുന്ന നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ സെറ്റില്‍ നടന്നതല്ലന്ന് വ്യക്തമായിരിക്കെ പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ വീട്ടിലിരിക്കുകയേയുള്ളൂവെന്നാണ് പ്രതികരണം.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതി ചില നടിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ പരിശോധന നടത്തിയാല്‍ ‘കാര്യങ്ങള്‍’ ബോധ്യമാകുമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്.

താരങ്ങള്‍ക്കിടയില്‍ മാത്രമല്ല സംവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കിടയിലും നടിമാരുടെ സംഘടനക്കെതിരെ ഇപ്പോള്‍ വികാരം ശക്തമാണ്.

ആരെയും നിര്‍ബന്ധിച്ച് അഭിനയിപ്പിക്കാന്‍ കൊണ്ടു വന്നിട്ടില്ലന്നും അവസരങ്ങള്‍ കുറയുന്നവര്‍ ഇത്തരം ‘ചെപ്പടി വിദ്യകള്‍’ സ്വീകരിക്കുന്നത് സ്വാഭാവികമാണെന്നുമാണ് പ്രമുഖ സംവിധായകര്‍ പോലും അഭിപ്രായപ്പെടുന്നത്.

വിഷയം ചര്‍ച്ച ചെയ്യാന്‍ സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ലോക്‌സഭാംഗമായ ഇന്നസെന്റ് പ്രസിഡന്റും ഭരണപക്ഷ എംഎല്‍എ ആയ കെ.ബി.ഗണേഷ് കുമാര്‍ വൈസ് പ്രസിഡന്റുമായ ‘അമ്മ’യില്‍ കാര്യങ്ങള്‍ പറയാതെ ഒറ്റയടിക്ക് ഒരു സംഘടനയുണ്ടാക്കി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് ‘ഹിഡന്‍ ‘ അജണ്ടയുടെ ഭാഗമാണെന്നാണ് ആരോപണം.

ഇവര്‍ ഇടപെട്ടാല്‍ കിട്ടാത്ത എന്ത് നീതിയാണ് ഏതാനുംപേര്‍ ചേര്‍ന്ന് ഒരു സംഘടനയുണ്ടാക്കി പോയാല്‍ മഞ്ജു വാര്യര്‍ക്കും സംഘത്തിനും കിട്ടുക എന്നതാണ് പ്രധാന ചോദ്യം.

അമ്മ ജനറല്‍ സെക്രട്ടറിയായ മമ്മുട്ടി കൊല്ലത്തും മറ്റൊരു വൈസ് പ്രസിഡന്റായ മോഹന്‍ലാലും ട്രഷറര്‍ ദിലീപും വിദേശത്തും ആയിരിക്കെ ആസൂത്രിതമായിരുന്നു നടിമാരുടെ സംഘടനാ രൂപീകരണം.

മഞ്ജുവിന്റെ സംഘടനയുമായി സഹകരിക്കുന്നവര്‍ക്ക് സിനിമയില്‍ ഇനി അവസരം നല്‍കേണ്ടതില്ലന്ന തീരുമാനത്തിലാണ് വലിയ വിഭാഗം. അമ്മ എക്‌സിക്യൂട്ടീവ് മെമ്പറായ രമ്യാ നമ്പീശന്‍ പുതിയ സംഘടനയുടെ ഭാഗമായത് ഗൗരവമായാണ് താരങ്ങള്‍ കാണുന്നത്.

ദിലീപ് വിഭാഗത്തിനാണ് അമ്മയില്‍ ഭൂരിപക്ഷമെന്നതിനാല്‍ ബദലാകാനാണ് പുതിയ സംഘടനയത്രെ. പ്രത്യക്ഷത്തില്‍ ബദല്‍ അല്ലന്ന് വരുത്തി തീര്‍ക്കാനാണ് സിനിമ സാങ്കേതിക മേഖലയിലെ വനിതകളെ കൂടി ഉള്‍പ്പെടുത്തിയതെന്നും പറയപ്പെടുന്നു.

അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി മഞ്ജുവിന്റെ നേതൃത്ത്വത്തിലുള്ള ‘വിമന്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന പൊളിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞതായാണ് സൂചന.

പൃഥ്വിരാജ്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവര്‍ പുതിയ സംഘടനക്ക് പരസ്യമായി പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും മാറി നില്‍ക്കുകയാണ്.

മറ്റു നടിമാരാവട്ടെ സിനിമാരംഗത്ത് നിന്നും ഔട്ടാകുമെന്ന പേടിയില്‍ പുതിയ സംഘടനാ നേതാക്കളുടെ ഫോണ്‍ പോലും അറ്റന്റ് ചെയ്യാതെ ‘മുങ്ങി നടക്കുകയാണ്’.

ഇതിനിടെ വുമണ്‍ ഇന്‍ കളക്റ്റീവിനെതിരെ ആക്ഷേപവുമായി സിനിമാ നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി രംഗത്തെത്തി. ‘അമ്മയില്‍ നിന്ന് പിരിഞ്ഞുപോയി അമ്മായിഅമ്മ ആകാതിരുന്നാല്‍ മതി’യെന്നാണ് തമ്പി ആന്റണിയുടെ വിമര്‍ശനം.

മഞ്ജു വാര്യര്‍, അഞ്ജലി മോനോന്‍, പാര്‍വതി, റിമാ കല്ലിങ്കല്‍, ബീനാ പോള്‍, രമ്യാ നമ്പീശന്‍, ഗായിക സയനോര, വിധു വിന്‍സെന്റ്, സജിതാ മഠത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ചലച്ചിത്ര സംഘടന. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്നതിനും പരിഹരിക്കുന്നതിനുമായാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് : അമൃത അശോക്‌

Top