തെലുങ്കുദേശത്തോട് ബി.ജെ.പി. കലിപ്പിൽ . . വൈ.എസ്.ആർ അവിശ്വാസവും ‘നാടകം’

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സ് കൊണ്ടുവരുന്ന അവിശ്വാസം നാടകം !

ഈ വിഷയമുയര്‍ത്തി കേന്ദ്ര സര്‍ക്കാറുമായി ഇടഞ്ഞ തെലുങ്കുദേശം ആന്ധ്രയില്‍ മുതലെടുപ്പു നടത്തുന്നത് തടയാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് അവിശ്വാസം കൊണ്ടുവരുന്നത് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് സൂചന.

ആര് അവിശ്വാസം കൊണ്ടു വന്നാലും മോദി സര്‍ക്കാറിന് തല്‍ക്കാലം ഭീഷണി ഇല്ലാത്ത പശ്ചാത്തലത്തില്‍ യഥാര്‍ത്ഥത്തില്‍ തെലുങ്കുദേശമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.

ആന്ധ്രയിലെ പ്രധാന രാഷ്ട്രീയ എതിരാളിയായ വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യേണ്ട ഗതികേടിലാണ് തെലുങ്കുദ്ദേശം പാര്‍ട്ടി. നാണക്കേട് മാറ്റാന്‍ അവിശ്വാസം കൊണ്ടു വരാന്‍ പിന്നീട് അവര്‍ക്കും തീരുമാനിക്കേണ്ടി വന്നു. എന്നാല്‍ അവിശ്വാസപ്രമേയം വെള്ളിയാഴ്ച സ്പീക്കര്‍ പരിഗണിച്ചിട്ടില്ല. ബഹളത്തെതുടര്‍ന്നായിരുന്നു ഇത്. മറ്റൊരു ദിവസം അവിശ്വാസപ്രമേയം വീണ്ടും സഭ പരിഗണിക്കും.

പ്രത്യേക പദവി ആന്ധ്രക്ക് നല്‍കില്ലന്ന് തുറന്നടിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ തെലുങ്കുദേശം പാര്‍ട്ടി ഭീഷണി മുഴക്കിയപ്പോള്‍ തന്നെ ഒരു മുഴം മുന്‍പേ നടപടി സ്വീകരിച്ചതും ബി.ജെ.പിയാണ്.

ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സര്‍ക്കാറില്‍ നിന്ന് മന്ത്രിമാരെ പിന്‍വലിച്ചായിരുന്നു അപ്രതീക്ഷിത തിരിച്ചടി നല്‍കിയത്.

ഇതേ തുടര്‍ന്നാണ് പിന്നീട് കേന്ദ്ര മന്ത്രിസഭയില്‍ നിന്നും തെലുങ്കുദേശം മന്ത്രിമാര്‍ രാജിവച്ചത്.

ആന്ധ്ര വിഭജനം തന്നെ ശരിയായില്ലന്ന നിലപാടുകാരാണ് യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ നേതാക്കന്‍മാര്‍.

ഇത്തരത്തില്‍ പ്രാദേശിക വികാരത്തിന് അടിമപ്പെട്ട് നടപടി സ്വീകരിച്ച കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കടുത്ത എതിര്‍പ്പാണുള്ളത്.

കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്‌നമില്ലന്ന ബി.ജെ.പി നിലപാടാണ് തെലുങ്കുദേശത്തിന് തിരിച്ചടിയായി മാറുന്നത്.

അഴിമതി ആരോപണങ്ങളില്‍പ്പെട്ട് ഉഴലുന്ന ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ പ്രാദേശിക വികാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രധാന ആരോപണം.

ഈ മുതലെടുപ്പ് രാഷ്ട്രീയത്തിന് ബി.ജെ.പി കൊടുത്ത ഒന്നാന്തരം ‘പണി’യാണ് ഇന്നത്തെ അവിശ്വാസ ‘നാടകം’

അടുത്ത ലോക് സഭ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സിന് ഒറ്റക്ക് മത്സരിക്കേണ്ടി വന്നാല്‍ പോലും കേന്ദ്രത്തില്‍ ബി.ജെ.പിക്ക് പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയുമായി ഉന്നത ബി.ജെ.പി നേതാവാണ് ചര്‍ച്ച നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.

യഥാര്‍ത്ഥത്തില്‍ തന്ത്രപരമായ ബി.ജെ.പിയുടെ ഈ നീക്കത്തില്‍ ചന്ദ്രബാബു നായിഡുവും തെലുങ്കുദേശവുമാണ് ഇപ്പോള്‍ വെട്ടിലായതെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

പ്രാദേശിക വികാരം വൈ.എസ്.ആര്‍.കോണ്‍ഗ്രസ്സിന് അനുകുലമായി മാറി കൊണ്ടിരിക്കന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തല്‍.

കഴിഞ്ഞ യു.പി.എ സര്‍ക്കാറും ആന്ധ്രയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാറും വേട്ടയാടിയ ജഗന്‍ മോഹന്‍ തെലുങ്കുദേശം എന്‍.ഡി.എയുടെ ഭാഗമായതിനാല്‍ മാത്രമാണ് മുന്നണിക്ക് പുറത്ത് നില്‍ക്കേണ്ടി വന്നത്.

ഇപ്പോള്‍ തെലുങ്കുദേശം പുറത്തായതിനാല്‍ എന്‍.ഡി.എയില്‍ ചേരാനുള്ള സുവര്‍ണ്ണാവസരമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

കേന്ദ്രത്തിനെതിരെ പ്രാദേശിക വികാരം ശക്തമായതിനാല്‍ ലോക് സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഹകരണമാണ് ജഗന്‍ മോഹന്‍ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി താല്‍പ്പര്യപ്പെടുന്നതും അത് തന്നെയാണ്.

എടുത്ത് ചാടിയുള്ള തീരുമാനം കൊണ്ട് ഒരു എം.പി പോലും നഷ്ടപ്പെടുന്ന സാഹചര്യം വരുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകരുതെന്നതാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.

യു.പിയിലും ബീഹാറിലും ഉപതിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി പോലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്നതിന് ഗുണമായതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top