എസ്.ഡി.പി.ഐ പേടിയില്‍ മുന്നണികള്‍ . . വേങ്ങര ആവര്‍ത്തിക്കുമോയെന്ന് ഭയം

വേങ്ങര : ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളെ ഞെട്ടിച്ച് എസ്.ഡി.പി.ഐ.

പ്രബല മുന്നണികളുടെ പിന്നില്‍ മൂന്നാം സ്ഥാനത്തെത്തിയ എസ്.ഡി.പിഐ നേടിയ 8648 വോട്ടാണ് ഇവിടെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം.

തങ്ങള്‍ നാലാം സ്ഥാനത്ത് എത്തിയതിനേക്കാള്‍ എസ്.ഡി.പി.ഐയുടെ വോട്ട് നേട്ടം ഭീഷണി ഉയര്‍ത്തുന്നതാണെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.

സി.പി.എം, യു.ഡി.എഫ് നേതാക്കളും എസ്.ഡി.പി യുടെ വോട്ട് വര്‍ദ്ധനവിനെ ചൊല്ലി പരസ്പരം കലഹിക്കുന്ന കാഴ്ചയാണ് ദൃശ്യമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ക്കുന്നത്.

വിജയിച്ചതില്‍ യു.ഡി.എഫിനും വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഇടതുപക്ഷത്തിനും ആശ്വാസമുണ്ടെങ്കിലും എസ്.ഡി.പി ഐ പുതിയ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നു വരുന്നത് ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന ആശങ്ക മുന്നണികള്‍ക്കുണ്ട്.

മുസ്ലീം ലീഗിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ലീഗ് കോട്ടയില്‍ തന്നെ ഇങ്ങനെ മുന്നേറ്റമുണ്ടാക്കാന്‍ എസ്.ഡി.പി ഐക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ലീഗ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമോ എന്ന ഭയത്തിലാണ് ലീഗ് നേതൃത്വം.

എസ്.ഡി.പി.ഐക്കെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ പാര്‍ട്ടി ശക്തമായി നടത്തണമെന്ന ആവശ്യം ലീഗ് തലപ്പത്ത് ശക്തമായി കഴിഞ്ഞു.

ലീഗ് കുടുംബങ്ങളിലെ പുതിയ തലമുറയിലെ ഒരു വിഭാഗം ചില പ്രദേശങ്ങളില്‍ എസ്.ഡി.പി.ഐയിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം തടയാന്‍ കൂടി വേണ്ടിയാണ് തിരുത്തല്‍ നടപടി.

നേതൃതലത്തിലേക്ക് യുവജന വിഭാഗത്തിന് വലിയ പ്രാധാന്യം കൊടുത്ത് ഉയര്‍ത്തി കൊണ്ടുവരാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ലങ്കില്‍ വേങ്ങരയില്‍ കിട്ടിയ ‘ഷോക്ക് ‘ട്രീറ്റ്‌മെന്റിലും വലുത് അനുഭവിക്കേണ്ടി വരുമെന്ന് യൂത്ത് ലീഗ് നേതൃത്വവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top