തോഴിയുടെ വരവിൽ ‘തൊഴി’യുറപ്പ്, ശശികല രണ്ടും കൽപ്പിച്ച്, നെഞ്ചിടിപ്പോടെ സർക്കാർ

ചെന്നൈ: ചിന്നമ്മയുടെ വരവോടെ എന്തു സംഭവിക്കുമെന്ന ആശങ്കയില്‍ തമിഴകം.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലക്ക് ഉടന്‍ പരോള്‍ ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പളനി സ്വാമി മന്ത്രിസഭയെ മറിച്ചിടാനാണ് ചിന്നമ്മയുടെ തീരുമാനമെങ്കില്‍ അത് നടക്കാനാണ് സാധ്യത.

ശശികല ടിക്കറ്റ് വാങ്ങിക്കൊടുത്ത് മത്സരിച്ച് എം എല്‍ എ ആയവരടക്കം നിരവധി പേര്‍ അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷത്തുണ്ടെങ്കിലും അതില്‍ എത്ര പേര്‍ ശശികലയുടെ കൂടെ നില്‍ക്കുമെന്നതാണ് പ്രസക്തം.

ടി.ടി.വി ദിനകരനൊപ്പം 22 എംഎല്‍എമാര്‍ ശശികലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പറയപ്പെടുന്നതെങ്കിലും അതിലും കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പരോള്‍ വൈകുകയാണെങ്കില്‍ ജയിലില്‍ പോയി കാണാനാണ് തീരുമാനം.

ഇപ്പോള്‍ പനീര്‍ശെല്‍വത്തേക്കാള്‍ ശശികലയുടെ കടുത്ത എതിരാളി മുഖ്യമന്ത്രി പളനി സാമിയും സംഘവുമാണെങ്കിലും സര്‍ക്കാര്‍ വീഴുമെന്ന് കണ്ടാല്‍ പളനി സാമി അനുനയത്തിന് തയ്യാറായേക്കും.

നടന്‍ രജനികാന്ത് പുതിയ പാര്‍ട്ടിയുണ്ടാക്കി രംഗത്തുവരുമെന്നതിനാല്‍ പരമാവധി സര്‍ക്കാറിന്റെ കാലാവധി നീട്ടിക്കൊണ്ടു പോകാനാണ് ഭരണപക്ഷമായ എഡിഎംകെക്കും ഡിഎംകെ ക്കും താല്‍പ്പര്യം.

ഈ പശ്ചാത്തലത്തില്‍ ജയലളിതക്കൊപ്പം നിന്ന് രാഷ്ട്രീയത്തിലെ എല്ലാ ‘അഭ്യാസ’ങ്ങളും പഠിച്ച ശശികല എന്ത് നിലപാടാണ് സ്വീകരിക്കുക എന്നത് കുറഞ്ഞ പക്ഷം അണ്ണാ ഡിഎംകെ സര്‍ക്കാറിന്റെ നിലനില്‍പ്പിനെങ്കിലും നിര്‍ണ്ണായകമാകും.

ഇപ്പോഴും ഔദ്യോഗികമായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി താന്‍ തന്നെയാണെന്ന നിലപാടിലാണ് ശശികല.

Top