മൗലവി വധം; എസ്.പി ഡോ. ശ്രീനിവാസിന്റെ അന്വേഷണ മികവിൽ ആർ.എസ്.എസ് ‘പെട്ടു’

കാസര്‍ഗോഡ്: റിയാസ് മൗലവിയെ വധിച്ച കേസില്‍ സാമുദായിക കലാപം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ അന്വേഷണ സംഘം ചൂണ്ടിക്കാണിച്ചത് ആര്‍.എസ്.എസിന് വന്‍ തിരിച്ചടിയായി.

ഇക്കാര്യം മുന്‍നിര്‍ത്തി വലിയ രൂപത്തിലുള്ള പ്രചരണം രാഷ്ട്രീയ എതിരാളികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നത് ആര്‍ എസ് എസ് – ബിജെപി വിഭാഗങ്ങളെ സംബന്ധിച്ച് പ്രതിരോധത്തിലാക്കുന്ന കാര്യമാണ്.

ഗൂഢാലോചന കുറ്റത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ ആരും ഉള്‍പ്പെടാത്തത് മാത്രമാണ് ഏക ആശ്വാസമെങ്കിലും പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായതിനാല്‍ ഇടതുപക്ഷവും വലതുപക്ഷവും ഇതിനകം തന്നെ സംഘ പരിവാറിനെ ‘ടാര്‍ഗറ്റ് ‘ ചെയ്ത് പ്രചരണം തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെയടക്കം വിശ്വാസം ആര്‍ജിക്കുന്നതിനായി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ജെ.പി നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ‘അപ്രതീക്ഷിത്’ കൊലപാതകം കാസര്‍ഗോഡ് അരങ്ങേറിയിരുന്നത്.

ബിജെപി-ആര്‍.എസ്എസ് നേതൃത്വങ്ങള്‍ക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കുമ്പോഴും പ്രതികള്‍ ആര്‍എസ്എസുകാരണെന്നതും കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന് മുന്നില്‍ പ്രതികള്‍ വെളിപ്പെടുത്തിയ കാര്യങ്ങളും സംഘപരിവാറിനെ സംബന്ധിച്ച് വന്‍ തിരിച്ചടി തന്നെയാണ് നല്‍കുന്നത്.

യുവ ഐ.പി.എസ് ഓഫീസര്‍ ഡോ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം പഴുതടച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍ക്ക് കുരുക്കായി മാറിയത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകരായ അജേഷ്, നിധിന്‍, അഖിലേഷ് എന്നിവരെ കൊലപാതകം നടന്ന് അധികം വൈകാതെ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.

90 ദിവസം പൂര്‍ത്തിയാകും മുന്‍പ് തന്നെ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനും പ്രയാസമാണ്. ജയിലില്‍ കിടന്ന് തന്നെ വിചാരണ നേരിടേണ്ടതായി വരും.

നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ വിചാരണ അനുമതി കാത്ത് ആഭ്യന്തര വകുപ്പിന്റെ ‘ചുവപ്പ് ‘ നാടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും ഈ കേസില്‍ ഉടന്‍ തന്നെ വിചാരണ നടപടി ആരംഭിക്കാനാവശ്യമായ ഇടപെടലുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്.

ആയുധം ഉള്‍പ്പെടെ 50 മുതലുകളും 45 രേഖകളും കോടതിയില്‍ കുറ്റപത്രത്തോടൊപ്പം അന്വേഷണ സംഘം ഹാജരാക്കിയിട്ടുണ്ട്.

കൃത്യത്തിന് ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് പൊലീസ് ഹാജരാക്കിയിരിക്കുന്നത്.

കൊല ചെയ്യപ്പെട്ട റിയാസ് മൗലവിയുടെ രക്തത്തിന്റെയും അദ്ദേഹത്തെ കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തിയില്‍ നിന്നും ലഭിച്ച രക്തത്തിന്റെയും ഡിഎന്‍എ ഒന്നു തന്നെയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമാവുക.

2006-ജൂണില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തിന് പിന്നിലും അജേഷ്, നിധിന്‍ എന്നിവരാണെന്ന് സമ്മതിച്ചതായും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കാസര്‍ഗോഡ് പഴയ ചൂരിയിലെ പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മദ്രസ അദ്ധ്യാപകനായ റിയാസ് മൗലവിയെ വെട്ടി കൊന്ന സംഭവം വന്‍ കോളിളക്കമാണ് സംസ്ഥാനത്തുണ്ടാക്കിയിരുന്നത്.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.പി.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷ്യല്‍ ടീമിനെ സര്‍ക്കാര്‍ അന്വേഷണത്തിന് നിയമിക്കുകയായിരുന്നു.

പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ കഴിഞ്ഞത് പൊലീസിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനിടയാക്കിയിരുന്നു.

ഇപ്പോള്‍ പഴുതടച്ച കുറ്റപത്രം പെട്ടെന്ന് സമര്‍പ്പിക്കുക കൂടി ചെയ്തതോടെ കര്‍ണ്ണാടക സ്വദേശിയായ ഈ പൊലീസുദ്യോഗസ്ഥനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോള്‍.

സംസ്ഥാനത്ത് ഏറ്റവും അധികം സ്ഥലം മാറ്റപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് ഡോ.ശ്രീനിവാസ്.

ശുപാര്‍ശകള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ വഴങ്ങില്ല എന്നത് തന്നെയാണ് ക്രമസമാധാന ചുമതലയില്‍ നിന്നും ഈ ഉദ്യോഗസ്ഥന്‍ മാറ്റി നിര്‍ത്തപ്പെടാന്‍ കാരണം.

തിരുവനന്തപുരം സിറ്റി, പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറ് മാസം പോലും പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെയായിരുന്നു പന്ത് തട്ടുന്നതുപോലെ ക്രമസമാധാന ചുമതലയില്‍ നിന്നും തെറിപ്പിച്ചിരുന്നത്.

കൂടെ സ്ഥലം മാറ്റപ്പെട്ട മറ്റു എസ്.പിമാര്‍ സ്ഥലമാറ്റ ഉത്തരവിനെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്ന സാഹചര്യം വരെയുണ്ടായി.

നിയമനം എവിടെയാണെങ്കിലും ‘മുഖം’ നോക്കാതെ നിയമം നിയമത്തിന്റെ കര്‍ത്തവ്യം അവിടെ ചെയ്തിരിക്കുമെന്നതാണ് ശ്രീനിവാസിന്റെ നിലപാട്.

ഈ നിലപാടിലെ കാര്‍ക്കശ്യം തന്നെയാണ് മൗലവി കേസില്‍ പ്രതികളെ തെളിവുകള്‍ സഹിതം പെട്ടെന്ന് പിടികൂടാനും പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാനും ഇപ്പോള്‍ കാരണമായി തീര്‍ന്നിരിക്കുന്നത്.

Top