സി.പി.ഐയെ ഇടതു മുന്നണിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എമ്മില്‍ നീക്കം സജീവം

തിരുവനന്തപുരം: സി.പി.ഐയെ ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കാന്‍ സി.പി.എം കരുനീക്കം.

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ ഹരിത ട്രിബ്യൂണലിന് ഹര്‍ജി നല്‍കിയ സി.പി.ഐ നടപടിയാണ് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.

വനം-റവന്യൂ വകുപ്പുകള്‍ കയ്യാളുന്ന സി.പി.ഐ, പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗത്തെ കൊണ്ട് ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിച്ചത് സര്‍ക്കാറിനെ നാണം കെടുത്താനും സി.പി.എമ്മിനെ കയ്യേറ്റക്കാരെ സഹായിക്കുന്നവരായി ചിത്രീകരിക്കാനും വേണ്ടിയാണെന്നാണ് നേതൃത്വം കരുതുന്നത്.

ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കള്‍ക്കുണ്ടെന്നാണ് സൂചന.

മൂന്നാറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രീയ ഇച്ചാശക്തിയില്ലന്നും കയ്യേറ്റക്കാര്‍ മൂന്നാറിനെ നശിപ്പിക്കുകയാണെന്നും ആരോപിക്കുന്ന ഹര്‍ജിയില്‍ വനം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും കയ്യേറ്റത്തിനു പിന്നില്‍ ഉന്നതരാണെന്നും ആരോപിച്ചിട്ടുണ്ട്.

മൂന്നാര്‍ വിഷയത്തില്‍ മന്ത്രി എം.എം മണിയുമായും ഇടുക്കിയിലെ സി.പി.എം നേതൃത്വവുമായും നിരന്തരം ഏറ്റുമുട്ടുന്ന സി.പി.ഐ ഇപ്പോള്‍ സ്വീകരിച്ച തന്ത്രപരമായ നീക്കം പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ‘എരിതീയില്‍’ സി.പി.ഐ നേതൃത്വം ഇപ്പാള്‍ എണ്ണ ഒഴിച്ചിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ രാജി ആവശ്യം ഉന്നയിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നിന്ന സി.പി.ഐ മന്ത്രിമാരുടെ നടപടിയാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടന്ന ഹര്‍ജിക്ക് കാരണമായിരുന്നത്.

സമാനമായ സാഹചര്യം തന്നെയാണ് ഹരിത ട്രിബ്യൂണലില്‍ നല്‍കിയ ഹര്‍ജിയിലൂടെയും ആവര്‍ത്തിച്ചിരിക്കുന്നത്.

കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കേണ്ട വനം-റവന്യൂ വകുപ്പു മന്ത്രിമാര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന് തന്നെ ഹര്‍ജി നല്‍കേണ്ടി വന്നതിനെ ഗൗരവമായി കോടതി കാണാനാണ് സാധ്യതയെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാറിന്റെ ഭാഗമായ മന്ത്രിമാര്‍ക്ക് സ്വന്തം വകുപ്പില്‍പ്പോലും നടപടി സ്വീകരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്ന് കോടതിയെ അറിയിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സി.പി.ഐ ചെയ്തിരിക്കുന്നതെന്നാണ് നിയമ കേന്ദ്രങ്ങള്‍ പറയുന്നത്.

പാര്‍ട്ടി തീരുമാനപ്രകാരമാണ് ഹര്‍ജി നല്‍കിയതെന്ന് പി. പ്രസാദും വ്യക്തമാക്കിയിട്ടുണ്ട്.

തോളിലിരുന്ന് ചെവി തിന്നുന്ന സി.പി.ഐയെ ഇനി ഒരു നിമിഷം മന്ത്രിസഭയില്‍ നിര്‍ത്തരുതെന്നാണ് സി.പി.എമ്മിനകത്തെ പൊതു വികാരം

തൃശൂരിലെ സി.പി.എം സംസ്ഥാന സമ്മേളനത്തിനു ശേഷം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ ചില തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹവും ശക്തമാണ്.

വീരേന്ദ്ര കുമാര്‍ വിഭാഗം ജനതാദള്‍, കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം തുടങ്ങിയ പാര്‍ട്ടികളെ ഇടതുമുന്നണിയിലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സി.പി.ഐയെ ഇടതു മുന്നണിയില്‍ നിന്നും പുറത്താക്കിയാല്‍ അത്ഭുതപ്പെടാനില്ല എന്നതാണ് നിലവിലെ രാഷ്ട്രീയ സ്ഥിതി.

ഇടതുമുന്നണി വിപുലീകരിക്കുമെന്നും. യു.ഡി.എഫിലെ ചില കക്ഷികള്‍ മുന്നണിയിലെത്തുമെന്നും വ്യക്തമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി നല്‍കുന്നതും ഇതേ സൂചന തന്നെയാണ്.

Top