അക്ഷര ‘മഹര്‍ഷി’യുടെ ഓര്‍മ്മയില്‍ വീണ്ടും മലയാളിക്കു മുന്‍പില്‍ ഒരു വായനാദിനം . .

ന്റര്‍നെറ്റിന്റെ പുതിയ ലോകത്ത് മലയാളിയുടെ പരമ്പരാഗതമായ വായന ‘മരിച്ചു’ കൊണ്ടിരിക്കുകയാണെന്ന മുറവിളികള്‍ക്കിടയിലും വീണ്ടുമൊരു വായനാവാരത്തിന് കൂടി ഇന്ന് തുടക്കമാവുകയാണ്.

പുസ്തക താളുകള്‍ക്ക് പകരം ഇന്റര്‍നെറ്റിന്റെ വിശാല ലോകം നല്‍കുന്ന ‘ഇ- വായന’ക്ക് പുതു തലമുറ പ്രാമുഖ്യം നല്‍കുന്ന കാലഘട്ടത്തിലും നമുക്ക് മറക്കാന്‍ കഴിയാത്ത ഒരു മുഖമുണ്ട് . . പി എന്‍ പണിക്കരെന്ന ‘അക്ഷര മഹര്‍ഷി’യുടെ.

അദ്ദേഹത്തിന്റെ ചരമദിനത്തിലെങ്കിലും ചിലത് ഓര്‍ക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ പിന്നെ നമ്മുടെ വായനതന്നെയാണ് ഇവിടെ ‘അപൂര്‍ണ്ണ’മാക്കപ്പെടുക.

അക്ഷര വഴിയിലെ അപൂര്‍വ്വ സാന്നിധ്യമാണ് പി.എന്‍ പണിക്കര്‍.

സ്വന്തം ജീവിതം സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂര്‍ണ്ണവുമാക്കാനായി സ്വയം സമര്‍പ്പിച്ച അക്ഷര ‘മഹര്‍ഷി’

വിശക്കുന്നവന് ആദ്യം വേണ്ടത് ഭക്ഷണമാണെന്നും വിശപ്പ് സ്ഥിരമായി ഇല്ലാതാവണമെങ്കില്‍ സാഹചര്യം മാറണമെന്നും മനസ്സിലാക്കിയ അദ്ദേഹം ഇതിനായി എഴുത്ത് പഠിച്ച് കരുത്ത് നേടണമെന്നാണ് സമൂഹത്തെ ഉപദേശിച്ചത്.

ഓരോ പുസ്തകവും ഓരോ ജീവിതം കാട്ടിത്തരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.

അന്ധവിശ്വാസം, അനാചാരം, മദ്യപാനം, അക്രമം, സ്ത്രീ പീഡനം, പുകവലി, പക എന്നിവയില്ലാത്തെ ഗ്രമങ്ങളായിരുന്നു പണിക്കരുടെ സ്വപ്നം.ഇതിനായി അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു.

വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും മലയാളികളെ ബോധ്യപ്പെടുത്താന്‍ പദയാത്രകളും സെമിനാറുകളും നടത്തുകയും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഗ്രന്ഥശാലകള്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കുകയും ചെയ്തു.

1995 ജൂണ്‍ 19നാണ് പണിക്കര്‍ അന്തരിച്ചത്. അദ്ദേഹം നേതൃത്വം നല്‍കിയ കേരള ഗ്രന്ഥശാലാ സംഘം എന്ന ഇപ്പോഴത്തെ ‘കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനെ’ കുറിച്ച് വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ . .

1. ഗ്രന്ഥശാല സംഘവും പ്രവര്‍ത്തനങ്ങളും

1829-ല്‍ സ്വാതിതിരുനാള്‍ തിരുവനന്തപുരം പബ്ലിക് ലൈബ്രറി തുടങ്ങിയതോടുകൂടിയാണ് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമായത്. വൈകാതെ തിരുവിതാംകൂറിലും മലബാറിലും അനേകം ഗ്രന്ഥശാലകള്‍ ഉടലെടുത്തു. അപ്പോഴൊന്നും ധനസഹായം സര്‍ക്കാരില്‍നിന്ന് ലഭിച്ചുതുടങ്ങിയിരുന്നില്ല. അംഗങ്ങളുടെ വരിസംഖ്യയും സംഭാവനകളും മാത്രമായിരുന്നു വരുമാനം.

2. ഗ്രന്ഥാലോകം മാസിക

1948 മുതല്‍ പതിവായി തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന മാസികയുടെ പ്രഥമ പത്രാധിപര്‍ പ്രൊഫ. എസ് ഗുപ്തന്‍ നായരായിരുന്നു. പുസ്തക നിരൂപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാസിക സാഹിത്യ ലേഖനങ്ങള്‍, ലൈബ്രറി സയന്‍സ് വിഷയങ്ങളെക്കുറിച്ചുളള വിഷയങ്ങള്‍, ഗ്രാമീണ ഗ്രന്ഥശാലകളെ പരിചയപ്പെടുത്തല്‍, ഗ്രന്ഥാലയ വിഷയങ്ങള്‍ ഉള്‍ക്കൊളളുന്ന ന്യൂസ് സപ്ലിമെന്റ് എന്നിവയുമായി മുന്നേറുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരില്‍ ചിലര്‍ മാസികയുടെ പത്രാധിപസമിതിയംഗങ്ങളായിട്ടുണ്ട്. പൂര്‍ണമായും ബഹുവര്‍ണത്തില്‍ അച്ചടിക്കുന്ന ഗ്രന്ഥാലോകം വായനാലോകത്തെ പുത്തന്‍ തുടിപ്പുകളുമായി ഇന്നും സജീവമായി നിലകൊളളുന്നു.

3. നാഴികക്കല്ലുകള്‍, വളര്‍ച്ച

വായനക്കാരുടെ അഭിരുചിയും വായനയെയും ഗ്രന്ഥങ്ങളെയും അവര്‍ എങ്ങനെ സമീപിക്കുന്നു എന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു 1998 മാര്‍ച്ചില്‍ കേരളത്തില്‍ ആധുനിക ഗ്രന്ഥാലയ ശാസ്ത്രമനുസരിച്ചുളള ലൈബ്രറി സിസ്റ്റം നിലവില്‍വന്നത്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലാ ലൈബ്രറിയും മൂന്ന് വില്ലേജ് ലൈബ്രറിയും സ്ഥാപിക്കപ്പെട്ടു. കമ്പ്യൂട്ടറൈസേഷന്റെ ഭാഗമായി ലൈബ്രറി കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും നിലവില്‍വന്നു.

4. പ്രവര്‍ത്തനോദ്ദേശം

കേരള ഗ്രന്ഥശാലാസംഘം കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്നായതിനുശേഷം കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റായി കടമ്മനിട്ട രാമകൃഷ്ണനും സെക്രട്ടറിയായി ഐ വി ദാസും തിരഞ്ഞെടുക്കപ്പെട്ടു. വിജ്ഞാനം വികസനത്തിന് എന്നതത്രേ കൗണ്‍സിലിന്റെ പ്രവര്‍ത്തനോദ്ദേശം കൗണ്‍സിലിന്റെ മുഖപത്രമായ ‘ഗ്രന്ഥാലോകം’ 1948 മുതലാണ് പ്രസിദ്ധീകരണം തുടങ്ങിയത്. ഇതിനെപ്പറ്റി കൂടുതല്‍ വഴിയേ പറയാം.

5. പദ്ധതികള്‍ പലതുണ്ട്

വിജ്ഞാനം വികസനത്തിന് എന്ന മുദ്രാവാക്യമുളള കൗണ്‍സിലിന് കീഴില്‍ പല പദ്ധതികളുമുണ്ട്. ഗ്രാമീണ വനിതാ പുസ്തകവിതരണ പദ്ധതി, മോഡല്‍ വില്ലേജ് ലൈബ്രറികള്‍, അക്കാദമിക് സ്റ്റഡി സെന്ററുകള്‍, ബുക്ബാങ്ക്, ഗ്രന്ഥശാലാ പ്രവര്‍ത്തന പരിശീലന പരിപാടികള്‍, ബുക് ബയന്റിങ് ആന്‍ഡ് പ്രിസര്‍വേഷന്‍ കോഴ്‌സ്, ജയില്‍ ലൈബ്രറി സര്‍വീസ്, ബാലകൈരളി പുസ്തക വിഭാഗം, കരിയര്‍ ഗൈഡന്‍സ് സെന്റര്‍, മാതൃകാ അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഗ്രാമീണ പുസ്തകോല്‍സവങ്ങള്‍, അഖില കേരള വായനാ മല്‍സരം തുടങ്ങിയവ ഇതില്‍പ്പെടുന്നു. കൗണ്‍സില്‍ നടത്തുന്ന ‘ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് പിഎസ്സി അംഗീകാരംകൂടിയുണ്ട്.

6. ആദ്യകാല സമിതി

വൈകാതെ വായനയുടെയും ഗ്രന്ഥങ്ങള്‍ ശേഖരിക്കപ്പെടേണ്ടതിന്റെയും ഗൗരവം മനസിലാക്കിയ ഗവണ്‍മെന്റ് ലൈബ്രറികള്‍ക്ക് ധനസഹായം നല്‍കിത്തുടങ്ങി. അങ്ങനെ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി. 1945-ല്‍ കോട്ടയത്തെ അമ്പലപ്പുഴ പി കെ മെമ്മോറിയല്‍ (സാഹിത്യ പഞ്ചാനന്‍ പി കെ നാരായണപിളളയുടെ പേരിലുളള) ലൈബ്രറിയില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ സമ്മേളിച്ച് ‘അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം’ രൂപീകരിച്ചു.

7. പ്രവര്‍ത്തകസമിതി

ആദ്യസമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സര്‍ സി പിയായിരുന്നു. ഏവൂര്‍ ഗ്രന്ഥശാലയിലെ കെ എം കേശവന്‍ പ്രസിഡന്റായും സെക്രട്ടറിയായി പണിക്കരെയും തിരഞ്ഞെടുത്തു. പതിനാലംഗ പ്രവര്‍ത്തകസമിതിയും ഈ സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 1941 മെയ് 27-നാണ് ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

8. പ്രസിഡന്റുമാര്‍

കെ എം കേശവനുശേഷം ഡോ. പി ടി തോമസ്, പറവൂര്‍ ടി കെ നാരായണപിളള, പനമ്പിളളി ഗോവിന്ദമേനോന്‍, കെ എ ദാമോദര മേനോന്‍, ആര്‍ ശങ്കര്‍, പി എസ് ജോര്‍ജ്ജ്, പി ടി ഭാസ്‌കരപ്പണിക്കര്‍, തായാട്ട് ശങ്കരന്‍ എന്നിവരും സംഘം പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1945 മുതല്‍ 1997-ല്‍ സംഘം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പി എന്‍ പണിക്കര്‍ തന്നെയായിരുന്നു സെക്രട്ടറി.

9. യുനെസ്‌കോ അംഗീകാരം

1946 മുതല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഗ്രന്ഥശാലാ സംഘത്തിന് പ്രതിമാസം 250 രൂപ ഗ്രാന്റ് അനുവദിക്കുകയും വാര്‍ഷിക ഗ്രാന്റ് 240 രൂപയായി ഉയര്‍ത്തുകയും ചെയ്തു. 1950-ല്‍ തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തോടെ ‘തിരു കൊച്ചി’ ഗ്രന്ഥശാലാസംഘവും കേരള സംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാ സംഘവും രൂപപ്പെട്ടു. സാക്ഷരതാ പ്രവര്‍ത്തനത്തിന് 1975-ല്‍ യുനെസ്‌കോയുടെ ക്രപ്‌സ്‌കായ അവാര്‍ഡ് സംഘത്തെ തേടിയെത്തി.

10. ആദ്യ സര്‍വെ

സംഘത്തിന്റെ ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ കേരള നിയമസഭ ‘കേരള പബ്ലിക് ലൈബ്രറീസ് ആക്ട്’ 1989-ല്‍ പാസാക്കി. 1991-ല്‍ പബ്ലിക് ലൈബ്രറീസ് ആക്ടിന് അനുബന്ധമായ ചട്ടങ്ങളും നിലവില്‍വന്നു. ഇതിന്റെ ഫലമായി 1994 ഏപ്രില്‍ 27ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നു. 1995-ല്‍ ആദ്യമായി സംസ്ഥാനത്ത് വായനക്കാരുടെ അഭിരുചിയും പ്രവണതയും തിരിച്ചറിയുന്നതിന് സര്‍വേയും നടത്തുകയുണ്ടായി.

Top