സി.പി.എമ്മിന് ബാധ്യതയായി പി.വി.അൻവർ, എം.എൽ.എക്കെതിരെ ഡി.വൈ.എഫ്.ഐയും

കോഴിക്കോട്: നിലമ്പൂരിലെ ഇടതു സ്വതന്ത്ര എം.എൽ.എ പി.വി അൻവറിന്റെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ റിസോർട്ട് സി.പി.എമ്മിന് തലവേദനയാകുന്നു.

റിസോർട്ടിന്റെ ഫോട്ടോ എടുത്തതിന് ഗുണ്ടകളും പൊലീസും യുവാക്കളെ ആക്രമിച്ച സംഭവമാണ് സി.പി.എം പ്രവർത്തകരെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

പാർക്കിന് സമീപം നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അവിടെ അടിയന്തിരമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം വി. വസീഫ് ആവശ്യപ്പെട്ടു.

റിസോർട്ടിന്റെ ഫോട്ടോ എടുത്ത യുവാക്കൾ മർദ്ദനമേറ്റ് നിലവിളിച്ചിട്ടും ആശുപത്രിയിൽ പോലും എത്തിക്കാൻ പൊലീസ് തയ്യാറായില്ലന്നും പൊലീസുകാർ മദ്യപിച്ചിരുന്നതായും ഡി.വൈ.എഫ്.ഐ നേതാവ് ആരോപിക്കുന്നു.

നിലമ്പൂരിലെ പാർട്ടി സ്വതന്ത്ര എം.എൽ.എ ആയ അൻവർ മലപ്പുറം ജില്ലയിലെ പാർട്ടിക്ക് മാത്രമല്ല ഇപ്പോൾ കോഴിക്കോട്ടെ പാർട്ടിക്കും തലവേദനയായി മാറിയത് സി.പി.എം സംസ്ഥാന നേതൃത്വം വളരെ ഗൗരവമായാണ് കാണുന്നത്.

സ്വതന്ത്ര എം.എൽ.എ ആയത് കൊണ്ട് നിയന്ത്രിക്കാൻ പരിമിതിയുണ്ടെങ്കിലും നിവൃത്തിയില്ലങ്കിൽ തള്ളിക്കളയണമെന്നതാണ് പാർട്ടി പ്രവർത്തകരുടെയും നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെയും പൊതുവികാരം.

ജില്ലാ നേതാക്കളിൽ നല്ലൊരു . വിഭാഗവും ഇതേ നിലപാടുകാരാണ്.

എം.എൽ.എയും എം.എൽ.എയുടെ സ്ഥാപനവും കാണിക്കുന്ന എല്ലാ നിയമ വിരുദ്ധ പ്രവർത്തികൾക്കും ‘കുട’ പിടിക്കലല്ല പാർട്ടിയുടെ പണിയെന്നാണ് ഇതു സംബന്ധമായ ചോദ്യത്തിന് പ്രമുഖ സി.പി.എം നേതാവ് പ്രതികരിച്ചത്.

എം.എൽ.എ ഈ പോക്ക് പോയാൽ മേഖലയിൽ പാർട്ടിക്ക് വൻ തിരിച്ചടി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് സി.പി.എം കീഴ്ഘടകങ്ങളും അനുഭാവികളും നൽകുന്ന മുന്നറിയിപ്പ്.

ഒരു ഫോട്ടോ എടുത്താൽ പോലും. ആക്രമിക്കുന്നവരുടെ ഇത്തരമൊരു പാർക്ക് ഇവിടെ വേണ്ടന്നും അടച്ച് പൂട്ടിക്കാൻ ഡി.വൈ.എഫ്.ഐ സമരം നടത്തണമെന്നതുമാണ് അണികളും ആവശ്യപ്പെടുന്നത്.

സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ശക്തമായ നടപടി സ്വീകരിച്ചില്ലങ്കിൽ വിവാദ പാർക്കിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങാനാണ് ഇപ്പോൾ സി.പി.എം അനുഭാവികളുടെയും തീരുമാനം.

Top