സർക്കാറിനെതിരെ പൊലീസിൽ കരുനീക്കം ? പിന്നിൽ ‘ഹിഡൻ’ അജണ്ടയെന്ന് ആരോപണം

തിരുവനന്തപുരം: സര്‍ക്കാറിനെതിരെ പൊലീസില്‍ സംഘടിത നീക്കം.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഡി.ജി.പി ഹേമചന്ദ്രന്‍, എ.ഡി.ജി.പി പത്മകുമാര്‍, ഡിവൈ.എസ്.പി ഹരികൃഷ്ണന്‍, പ്രത്യേക അന്വേഷണ സംഘത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ച സര്‍ക്കാര്‍ നടപടിയാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇപ്പോള്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിയും എ.ഡി.ജി.പിയും കത്തു നല്‍കിയതും മറ്റുള്ളവര്‍ നല്‍കാന്‍ പോകുന്നതുമെല്ലാം ചില ‘കേന്ദ്ര’ങ്ങളുമായി കൂടിയാലോചിച്ചിട്ടാണ് എന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

സര്‍ക്കാറുമായി സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിവന്ന മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് ഡി.ജി.പി ഹേമചന്ദ്രന്‍.

മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ച ഒരു നടപടിക്കെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പരാതി നല്‍കിയതിലും അതു സംബന്ധമായ വാര്‍ത്ത മാധ്യമങ്ങളില്‍ വരുത്തിയതുമെല്ലാം ഗൗരവമായാണ് സര്‍ക്കാറും കാണുന്നത്.

അച്ചടക്കമുള്ള സേനയായി പ്രവര്‍ത്തിക്കേണ്ട പൊലീസ് തലപ്പത്ത് അച്ചടക്ക ലംഘനം വച്ചു പൊറുപ്പിക്കാന്‍ പറ്റില്ലന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍.

നടപടിക്ക് വിധേയയായവരുടെ ഇപ്പോഴത്തെ നീക്കത്തിന് സേനയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലങ്കിലും സര്‍ക്കാര്‍ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയ ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നാണ് സൂചന.

പരസ്യമായി സര്‍ക്കാറിനെതിരെ രംഗത്ത് വരാന്‍ ധൈര്യമില്ലാത്തതിനാല്‍ രഹസ്യമായാണ് പാരവയ്പ്.

ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനായി ഹേമചന്ദ്രനെ ചിത്രീകരിച്ചാണ് ഈ വിഭാഗത്തിന്റെ പ്രചരണം.

എന്നാല്‍ സോളാര്‍ കേസ് അന്വേഷിച്ച സംഘത്തിന്റെ തലവനായ ഹേമചന്ദ്രന് മുന്നില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതക്ക് പണം നല്‍കിയ മല്ലേരി ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയപോള്‍ ‘അതൊന്നും തന്റെ അന്വേഷണ പരിധിയിലല്ലന്ന’ നിലപാടാണ് ഹേമചന്ദ്രന്‍ സ്വീകരിച്ചിരുന്നത്.

ഇത് ശരിയായ നിലപാടല്ലന്ന നിലപാട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലുമുണ്ട്.

ഒരു ക്രൈം അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് ആ ക്രൈമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ ബാധ്യതയുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

അന്ന് ആ കര്‍ത്തവ്യം ഹേമചന്ദ്രന്‍ നിര്‍വ്വഹിച്ചിരുന്നുവെങ്കില്‍ സോളാര്‍ കമ്മിഷന്റെ തന്നെ ആവശ്യം തന്നെ ഉണ്ടാവില്ലായിരുന്നുവെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ശ്രീധരന്‍ നായര്‍ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് പിന്നീട് അദ്ദേഹത്തിന്റെ രഹസ്യമൊഴി 164 പ്രകാരം രേഖപ്പെടുത്തുകയാണുണ്ടായത്

‘മറ്റുള്ളവരെ ബലിയാടാക്കരുത് ‘എല്ലാം ഞാനേല്‍ക്കുന്നു’ എന്നാണ് സഹപ്രവര്‍ത്തകരെ സംരക്ഷിച്ച് ഹേമചന്ദ്രന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ആഭ്യന്തര സെക്രട്ടറിക്കും നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതൊരു സമ്മര്‍ദ്ദ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. സസ്‌പെന്‍ഷനടക്കമുള്ള കൂടുതല്‍ നടപടികള്‍ ഒഴിവാക്കാനും പൊതു സമൂഹത്തില്‍ ആശയകുഴപ്പമുണ്ടാക്കാനുമാണ് ‘ലക്ഷ്യം’.

അതേസമയം പൊലീസ് ഉന്നതരുടെ ഇപ്പോഴത്തെ നീക്കം മാനഭംഗക്കേസിലടക്കം പ്രതിയായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ക്കാണ് ‘ആശ്വാസകര’മായിരിക്കുന്നത്.

Top