special-police shows their power-the prisoners had no space in jail

കൊച്ചി: പൊലീസ് ജില്ലാ ജയിലധികൃതര്‍ക്ക് കൊടുത്തത് എട്ടിന്റെ പണി !

ക്രിമിനല്‍ വേട്ട ശക്തമായതോടെ പ്രതികളെ താമസിപ്പിക്കാന്‍ സ്ഥലമില്ലാതെ ആകെ പെട്ടിരിക്കുകയാണ് എറണാകുളം ജില്ലയിലെ ജയിലധികൃതര്‍.

പൊലീസിന്റെ ഗുണ്ടാ-ലഹരി വിരുദ്ധ വേട്ടയില്‍ കുടുങ്ങി നൂറുകണക്കിന് പേരാണ് ജില്ലയിലെ ജയിലുകളില്‍ തിങ്ങി നിറഞ്ഞിരിക്കുന്നത്.

ജയിലില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് എല്ലാ ആഴ്ചയും തടവുകാരെ തൃശൂര്‍, കൊല്ലം ജില്ലകളിലെ ജയിലുകളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

എറണാകുളം റേഞ്ച് ഐ.ജി പി വിജയന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം ഗുണ്ടാപ്പട്ടികയിലും ലോങ് പെന്‍ഡിങ്ങ് വാറണ്ടിലും ഉള്‍പ്പെട്ടവര്‍ക്കായി പൊലീസ് പരക്കെ റെയ്ഡ് ആരംഭിച്ചതോടെ പലരും സംസ്ഥാനം വിട്ടെങ്കിലും പിന്നാലെ ചെന്ന് പ്രതികളെ പിടികൂടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.

ഗുണ്ട-ലഹരിമരുന്ന് കേസുകളില്‍ ചുരുങ്ങിയത് മൂന്നു മാസം ശിക്ഷ ഉറപ്പാണ്. ജയില്‍ നിയമം അനുസരിച്ച് മൂന്ന് മാസത്തില്‍ താഴെ ശിക്ഷയുള്ളവരെ സബ് ജയിലിലും ആറു മാസം വരെ ശിക്ഷ ലഭിച്ചവരെ ജില്ലാ ജയിലിലുമാണ് പാര്‍പ്പിക്കേണ്ടത്. ആറു മാസത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റേണ്ടി വരും.

നിലവില്‍ ജില്ലയില്‍ കാക്കനാട് ജില്ലാ ജയിലും, ആലുവ, മട്ടാഞ്ചേരി ,എറണാകുളം എന്നിവിടങ്ങളില്‍ സബ് ജയിലുകളും മൂവാറ്റുപുഴയില്‍ ഒരു സ്‌പെഷ്യല്‍ സബ് ജയിലുമാണുള്ളത്.

133 പേരെ മാത്രം താമസിപ്പിക്കാന്‍ കഴിയുന്ന കാക്കനാട് ജയിലില്‍ പൊലീസ് റെയ്ഡ് ശക്തമാക്കിയതിനെ തുടര്‍ന്ന് 206 പേരെയാണ് കുത്തിനിറച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ സബ് ജയിലായ മൂവാറ്റുപുഴയില്‍ 99 പേര്‍ക്കാണ് ഇടമുള്ളത് ഇവിടെ ഇപ്പോള്‍ 122 പേരുണ്ട്. മറ്റ് മൂന്ന് സബ് ജയിലുകളിലും ശേഷിയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോള്‍ തന്നെയുള്ള അംഗ സംഖ്യ.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനു ശേഷം കര്‍ശന നടപടികളിലേക്ക് പൊലീസ് കടക്കുകയായിരുന്നു. റെയ്ഞ്ച് ഐ.ജി പി.വിജയന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ്, ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവരാണ് സിറ്റി ഗുണ്ടാവിരുദ്ധ മേഖലയാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. പ്രത്യേക ടീമിനെ തന്നെ ഗുണ്ടകളെ പിടികൂടുന്നതിനായി നിയോഗിച്ചിട്ടുണ്ട്.

ഇനി ക്രിമിനലുകളുമായി പൊലീസ് വരരുതേ എന്ന് ജയിലധികൃതര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവസാന ഗുണ്ടയെയും അകത്താക്കുക എന്നതാണ് പൊലീസിന്റെ ടാര്‍ഗറ്റ്. ജയിലില്‍ സ്ഥലം ഉണ്ടോ ഇല്ലയോ എന്നത് തങ്ങളുടെ നടപടികള്‍ക്ക് ബാധകമായ കാര്യമല്ലന്നും അതുകൊണ്ട് തന്നെ അക്കാര്യം വിഷയമല്ലന്നുമുള്ള നിലപാടിലാണ് പൊലീസ്.

സംസ്ഥാന പൊലീസ് മേധാവി കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചകൊണ്ട് മാത്രം സംസ്ഥാനത്ത് പിടിയിലായ ക്രിമിനലുകളുടെ എണ്ണം 828 ആണ്. 882 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൊച്ചി റേഞ്ചില്‍ ആണ് ഏറ്റവും അധികം പേര്‍ പിടിയിലായത് 331 പേര്‍. തിരുവനന്തപുരം റേഞ്ചില്‍ 248, തൃശൂരില്‍ 168, കണ്ണൂരില്‍ 81 എന്നിങ്ങനെയാണ് മറ്റു റേഞ്ചുകളിലെ കണക്കുകള്‍.

Top