പിണറായി സർക്കാർ കാലാവധി തികക്കില്ലന്ന് ആർ.എസ്.എസ് കേന്ദ്ര നേതൃത്ത്വം

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ കാലാവധി തികയ്ക്കില്ലെന്ന് ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം.

സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അരുംകൊല ചെയ്യുമ്പോള്‍ അതിന് ഒത്താശ ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ആര്‍.എസ്.എസ് നേതൃത്വം ആരോപിക്കുന്നു. ഭരണതലത്തിലെ ഈ പിന്തുണയാണ് അഴിഞ്ഞാടാന്‍ സിപിഎം ക്രിമിനലുകള്‍ക്ക് പ്രചോദനമാകുന്നതെന്നും നേതൃത്വം തുറന്നടിച്ചു.

കണ്ണൂരില്‍ പ്രത്യേക സൈനിക അവകാശ നിയമം നടപ്പാക്കുകയോ സംഘംപ്രവര്‍ത്തകരുടെ ജീവന് സംരക്ഷണം നല്‍കുകയോ ചെയ്യാനായില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന്റെ സാധ്യതകള്‍ തേടണമെന്ന സന്ദേശമാണ് ആര്‍.എസ്.എസ് സര്‍ സംഘചാലക് മോഹന്‍ ഭഗവത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ സദാശിവം ഇതിനു തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റാനാണ് നിര്‍ദേശം.

ആദ്യം ഗവര്‍ണറെ മാറ്റി ശക്തനായ സംഘപരിവാര്‍കാരനെ കൊണ്ടുവന്ന് പിന്നീട് ‘അവസരം’ നോക്കി രാഷ്ട്രപതി ഭരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ആലോചന. രാഷ്ട്രീയ കൊലപാതക പരമ്പരയും ക്രമസമാധാന തകര്‍ച്ചയും ഇതിനായി ആയുധമാക്കും.

പിണറായി മുഖ്യമന്ത്രിയായ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ കൊലപാതകങ്ങളില്‍ 18പേരുടെ ജീവന്‍ നഷ്ടമായതു ചൂണ്ടികാട്ടിയാണ് ആര്‍.എസ്.എസ് ശക്തമായ നീക്കം ആരംഭിച്ചിരിക്കുന്നത്.

ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വത്തിന്റെ മനസറിഞ്ഞ ശേഷമാണ് ഗവര്‍ണര്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന നേതാക്കളായ എം.ടി രമേശും ശോഭാ സുരേന്ദ്രനും ശക്തമായി പ്രതികരിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന സദാശിവം ഭരണഘടനാ തത്വങ്ങളും മറ്റും പരിശോധിച്ചശേഷമേ നടപടികളിലേക്കു കടക്കൂ എന്നാണ് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നത്. രാഷ്ടപതി ഭരണത്തിനു ശുപാര്‍ശ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തെ മാറ്റി പകരം പുതിയ ഗവര്‍ണറെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത് ഈ സാഹചര്യത്തിലാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിര്‍ബന്ധം കാരണം ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭയെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

രാഷ്ട്രപതി ഭരണകാലയളവില്‍ ഗവര്‍ണറെ മുന്‍നിര്‍ത്തി ഭരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും. രാഷ്ട്രപതി ഭരണം വന്നാല്‍ കേരളത്തില്‍ ശക്തമായ മുന്നേറ്റം സാധ്യമാണെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന ബി.ജെ.പി നേതൃത്വവും കേന്ദ്രത്തിനു നല്‍കിയിട്ടുള്ളത്. നിലവില്‍ ഒരു എം.എല്‍.എ മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിലുള്ളത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായും മറ്റും സഖ്യം ചേര്‍ന്ന് കേരളത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ബി.ജെ.പിക്കുണ്ട്. പ്രതിപക്ഷത്തുള്ള യു.ഡി.എഫിന്റെ ദുര്‍ബലാവസ്ഥയും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കോണ്‍ഗ്രസില്‍ നിന്നും ചില ഉന്നത നേതാക്കള്‍ ബിജെപി പാളയത്തില്‍ എത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

Top