മോദിയുടെ നേതാവിനെ ‘തൊട്ട്’ പിണറായി ! സർക്കാറിന്റെ നീക്കത്തിൽ ഞെട്ടി കേന്ദ്രം . .

നാഗ്പൂര്‍: പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്ര മോദിയെ എത്തിച്ച ആര്‍.എസ്.എസ് മേധാവിയോട് കേരള സര്‍ക്കാര്‍ കാണിച്ച ‘ചങ്കൂറ്റത്തില്‍’ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങള്‍.

രാജ്യത്തെ മറ്റൊരു സംസ്ഥാന ഭരണകൂടവും കാണിക്കാത്ത ധൈര്യമാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ കാണിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര ഭരണവും ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളെ നിയന്ത്രിക്കുകയും ചെയ്യുന്ന രാജ്യത്തെ ഏറ്റവും ശക്തനായ സംഘടനാ നേതാവിനെ പോലും വകവയ്ക്കാത്ത പിണറായി സര്‍ക്കാറിന്റെ ധൈര്യം സമ്മതിച്ച് കൊടുക്കണമെന്ന് ഒരുവിഭാഗം പറയുമ്പോള്‍ മറുവിഭാഗം ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനാണ് മോഹന്‍ ഭാഗവതിന് ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ആര്‍.എസ്.എസ് അനുഭാവികളായ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണിത്. ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്.

കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പുലര്‍ച്ചെ ഒരുമണിയോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഇതു സംബന്ധമായ സര്‍ക്കുലര്‍ സ്ഥലം തഹസില്‍ദാറും ഡി.വൈ.എസ്.പിയും ചേര്‍ന്ന് കൈമാറിയത്.

സംസ്ഥാന ഭരണകൂടവുമായി ആലോചിച്ചാണ് കളക്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തതത്രെ.

ഇതേ തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിലക്ക് മറികടന്ന് മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തുമെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കൃത്യസമയത്ത് തന്നെ മോഹന്‍ ഭാഗവത് വന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തി ദേശീയ പതാക ഉയര്‍ത്തി.

ഇവിടെ ദേശീയഗാനത്തിന് പകരം ദേശീയ ഫ്‌ലാഗ് കോഡ് ലംഘിച്ച് വന്ദേമാതരം അണ് ചൊല്ലിയത്.

പൊലീസ് തടയാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ അനവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സമീപ പ്രദേശങ്ങളില്‍ നിന്നും എത്തിയിരുന്നു.

പ്രത്യേക സുരക്ഷാ സംവിധാനമുള്ള ഭാഗവതിനെ തടയാന്‍ കേരള പൊലീസ് തയ്യാറായില്ലങ്കിലും ഇതു സംബന്ധമായി തുടര്‍ നടപടി എന്തായിരിക്കുമെന്നതാണ് എല്ലാവരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ദേശീയ പതാക ഉയര്‍ത്തുന്നത് തെറ്റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭരണകൂടം.

ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാറിനെ പരിച്ചുവിടണമെന്ന് ആര്‍.എസ്.എസ് നേതൃത്വം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കെ, സംഘം മേധാവിയെ ‘തൊട്ട് ‘ കളിച്ച ഈ നീക്കത്തെ അതീവ ഗൗരവമായാണ് കേന്ദ്രവും കാണുന്നത്.

പിണറായി സര്‍ക്കാറിനോട് ഒരു വിട്ടുവീഴ്ചയും ഇനി വേണ്ടന്നും കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നുമാണ് ആര്‍.എസ്.എസിലെ പൊതുവികാരം.

‘സംസ്ഥാന ഭരണത്തിന്‍ മേല്‍ കേന്ദ്രം ഇനി എന്താണ് ചെയ്യുക എന്ന് കാത്തിരുന്നു കണ്ടോളൂ’ എന്നാണ് പ്രമുഖ ആര്‍.എസ്.എസ് നേതാവ് പ്രതികരിച്ചത്.

സംസ്ഥാന ഗവര്‍ണ്ണര്‍ സ്ഥാനത്ത് നിന്നും സദാശിവത്തെ മാറ്റി സംഘം നേതൃസ്ഥാനത്തുള്ളയാളെ പ്രതിഷ്ടിച്ച് കടുത്ത നടപടിയിലേക്ക് കടക്കാനാണ് ആര്‍.എസ്.എസ് തീരുമാനമെന്നാണ് സൂചന.

അതേ സമയം ദേശീയ പതാക ഉയര്‍ത്തുന്നതിന് ആര്‍.എസ്.എസ് മേധാവിക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഭരണകൂടം തയ്യാറായത് ഇടതുപക്ഷ അണികളെ ആവേശഭരിതരാക്കിയിട്ടുണ്ട്.

പിണറായി സര്‍ക്കാരിന് മുന്നില്‍ എല്ലാവരും തുല്ല്യരാണെന്നും നടപടിയുടെ കാര്യത്തില്‍ ഒരു പിശകും കാണിക്കില്ലന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്നുമാണ് സി.പി.എം പ്രവര്‍ത്തകരുടെ ചോദ്യം. ഉത്തരവ് ലംഘിച്ചതിന് നടപടി പിന്നാലെ ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.

സ്‌കൂള്‍ മാനേജര്‍, പ്രധാന അദ്ധ്യാപകന്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കാനാണ് നിര്‍ദ്ദേശം. ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം കലക്ടര്‍ മേരിക്കുട്ടി നല്‍കിയത്.

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് കളക്ടര്‍ Express Keralaയോട് പറഞ്ഞു.

Top