ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരീക്ഷിക്കുന്നു !

തിരുവനന്തപുരം: ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗം കര്‍ശനമായി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സംവിധാനം വരുന്നു.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചും കളിയാക്കിയും പോസ്റ്റിട്ട ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ പൊലീസുദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ദുരുപയോഗത്തിനും കൂച്ച് വിലങ്ങിടാനാണ് ആലോചന.

ചില ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫേസ് ബുക്ക് പേജുകളും വാട്‌സ് ആപ്പ് കൂട്ടായ്മകളും ഇപ്പോള്‍ തന്നെ നിരീക്ഷണത്തിലാണെന്നാണ് സൂചന.

സത്യസന്ധമായ പ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ വിലക്കേണ്ടതില്ലന്നും ഇതിന്റെ മറവില്‍ ‘ഹിഡന്‍ അജണ്ട’ ഉള്ളവര്‍ക്കെതിരെ മാത്രം നടപടി മതിയെന്നുമുള്ള ആവശ്യവും പരിഗണനയിലാണ്.

നിലവിലുള്ളവയില്‍ ചിലത് സെല്‍ഫ് പ്രമോഷന് വേണ്ടി ഉദ്യോഗസ്ഥര്‍ ഉപയോഗപ്പെടുത്തുന്നതാണെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനു ശേഷം ചിലര്‍ക്ക് ‘കൈമടക്ക് ‘നല്‍കി വാര്‍ത്തയാക്കുന്ന സംഭവങ്ങളും അണിയറയില്‍ നടക്കുന്നുണ്ടത്രേ.

സര്‍വ്വീസില്‍ മോശം പ്രതിച്ഛായ ഉള്ളവരാണ് ഇത്തരം വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്. ഇതിനായി ചില പി.ആര്‍ ഏജന്‍സികള്‍ രംഗത്തുണ്ടെന്ന ആക്ഷേപവുമുണ്ട്.

അതേസമയം സിപിഎം മുന്‍ എംഎല്‍എയുടെ മകള്‍ തന്നെ ഗുരുതര ആരോപണമുന്നയിച്ച ഒരു ഐപിഎസ് ഓഫീസര്‍ ഇപ്പോള്‍ സ്ത്രീകള്‍ക്ക് ‘സാരോപദേശവുമായി’ രംഗത്ത് വന്നത് പൊലീസ് സേനക്ക് അകത്ത് തന്നെ പരിഹാസ്യമായി മാറിയിട്ടുണ്ട്.

ഇതിനിടെ, ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പേജില്‍ തെറ്റായതോ അപകീര്‍ത്തിപരമായതോ ആയ ഏതെങ്കിലും പോസ്റ്റിട്ടതായ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :എം വിനോദ്

Top