മിഷേലിന്റെ ദുരൂഹ മരണം; സിബിഐ ‘കളിച്ച’ ക്രൈംബ്രാഞ്ച് ഐജിക്ക് ഒരു തുമ്പും കിട്ടിയില്ല

കൊച്ചി: മിഷേല്‍ കേസില്‍ ‘ആളാകാന്‍’നോക്കിയ ക്രൈംബ്രാഞ്ച് ഐജിയും സംഘവും നാണംകെട്ടു.

ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച കേസില്‍ ഒരടി മുന്നോട്ട് പോകാനോ കൂടുതലായി ഒന്നും കണ്ടെത്താനോ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. സംഭവം ആത്മഹത്യ തന്നെയാണെന്ന് ഇപ്പോള്‍ ക്രൈം ബ്രാഞ്ചും സ്ഥിരീകരിച്ചിരിക്കുകയാണ്.

മാധ്യമങ്ങള്‍ക്ക് പോലും വിവരങ്ങള്‍ നല്‍കാതെ അതീവ രഹസ്യമായാണ് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നതെങ്കില്‍ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ഉടനെ കൊച്ചിയില്‍ പറന്നെത്തി മിഷേല്‍ ചാടിയ ഗോശ്രീ പാലത്തില്‍ ‘ലൈവായാണ് ‘ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നേട്ടത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നത്.

ഇതിന് ശേഷം കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു.

ക്രൈംബ്രാഞ്ചിന്റെ ഈ ‘ഷോ വര്‍ക്കില്‍’ ലോക്കല്‍ പൊലീസിന് കടുത്ത അതൃപ്തിയാണുണ്ടാക്കിയത്.

ലോക്കല്‍ പൊലീസിന് കഴിയാത്തത് ക്രൈംബ്രാഞ്ച് കണ്ട് പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മിഷേലിന്റെ കുടുംബവും ഇപ്പോള്‍ ആ പ്രതീക്ഷ കൈവിട്ട മട്ടാണ്.

ആത്മഹത്യയിലേക്ക് പെട്ടന്ന് നയിച്ച പ്രകോപനമെന്താണെന്ന് ക്രോണിന്റെ മായ്ച്ചു കളഞ്ഞ മൊബൈലിലെ സൈബര്‍ ഫോറന്‍സിക് ഫലം ലഭിക്കുന്നതോടെ വ്യക്തമാകും. ഇത് ലഭിച്ചാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഗോശ്രീ പാലത്തില്‍ നിന്നും മിഷേല്‍ കായലിലേക്ക് ചാടുന്നത് കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇക്കാര്യത്തില്‍ ലോക്കല്‍ പൊലീസിന് വൈപ്പിന്‍ സ്വദേശി അമല്‍ നല്‍കിയ സാക്ഷിമൊഴിയെ തന്നെയാണ് ക്രൈം ബ്രാഞ്ചും ഇപ്പോള്‍ ആശ്രയിക്കുന്നത്.

മിഷേലിനെ ഗോശ്രീ പാലത്തിനു മുകളില്‍ കണ്ടതായും പിന്നീട് കാണാതായതായുമാണ് ബൈക്ക് യാത്രക്കാരനായ അമല്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. ഹൈക്കോടതി പരിസരത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ ഈ മൊഴിക്ക് ബലം നല്‍കുന്നതാണ്.

ദേഹത്ത് പരിക്കേറ്റതിന്റെ അടയാളങ്ങളില്ല എന്നതും മറ്റേതെങ്കിലും തരത്തിലുള്ള ശാരീരികോപദ്രവം നടന്നിട്ടില്ല എന്നതും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാണ്.

സംഭവ ദിവസം വഴക്കുണ്ടാവുകയും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്ത ശേഷം തിങ്കളാഴ്ച വിവരമറിയും എന്ന മുന്നറിയിപ്പോടെ മിഷേല്‍ ഫോണ്‍ ഓഫ് ചെയ്തുവെന്ന വിവരം ക്രോണിന്‍ സമ്മതിച്ചിട്ടുണ്ട്.ഇത് അത്മഹത്യയിലേക്കുള്ള സൂചനയായി ലോക്കല്‍ പൊലീസ് തന്നെ നേരത്തെ നിഗമനത്തിലെത്തിയിരുന്നു. ഈ നിഗമനങ്ങളും കണ്ടെത്തലുകളുമെല്ലാം കൂട്ടിച്ചേര്‍ത്താണ് ‘കാടിളക്കിയുള്ള’ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പരിസമാപ്തിയാകുന്നത്.

മാര്‍ച്ച് അഞ്ചിന് വൈകീട്ട് കലൂര്‍ പള്ളിയിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങിയ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് വൈകീട്ട് ദുരൂഹസാഹചര്യത്തില്‍ കൊച്ചിക്കായലില്‍ കണ്ടെത്തുകയായിരുന്നു.

Top