പൊലീസിന് കെണിയൊരുക്കി നിലമ്പൂരിലും വയനാട്ടിലും മാവോയിസ്റ്റ് പദ്ധതി !

unnamed

മലപ്പുറം: സി.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ നിലമ്പൂരിലും വയനാട്ടിലും പൊലീസിന് കെണിയൊരുക്കി യുദ്ധസജ്ജരായി മാവോയിസ്റ്റുകള്‍.

തമിഴ്‌നാട്, കര്‍ണാടക, കേരള അതിര്‍ത്തിയായ നാടുകാണിയിലെ ട്രൈ ജംങ്ഷനില്‍ വരാഹി ദളമെന്ന പുതിയ ദളത്തിനും രൂപം നല്‍കിയാണ് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചടിക്ക് സജ്ജരായതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. നൂറോളം സായുധരായ മാവോയിസ്റ്റുകളാണ് നിലമ്പൂര്‍, വയനാട്, വനമേഖലകളിലേക്ക് പുതുതായി എത്തിയത്.

കഴിഞ്ഞ നവംബര്‍ 24ന് കുപ്പുദേവരാജും അജിതയും കരുളായി വരയന്‍മനയിലെ മാവോയിസ്റ്റ് ബേസ് ക്യാമ്പില്‍ പൊലീസിന്റെ വെടിയേറ്റുകൊല്ലപ്പെടുമ്പോള്‍ കാട്ടില്‍ ഒപ്പമുണ്ടായിരുന്നത് ഒമ്പതംഗ മാവോയിസ്റ്റ് സംഘമായിരുന്നു. ദണ്ഡകാരണ്യ വനമേഖലയില്‍ സി.ആര്‍.പി.എഫ് സൈനികരെ കൊന്നൊടുക്കി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും മികച്ച യുദ്ധപരിശീലനം നേടിയവരുമായ സംഘമാണ് തിരിച്ചടിക്കായി കേരളത്തിലെത്തിയിട്ടുള്ളത്.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജിന്റെ ജീവന്‍ നഷ്ടമായത് ഗുരുതരമായ സുരക്ഷാപിഴവായാണ് സി.പി.ഐ മാവോയിസ്റ്റ് വിലയിരുത്തിയത്. ബേസ് ക്യാമ്പിനു ചുറ്റും മൈനുകള്‍ വിന്യസിച്ച് പൊലീസിനെ നേരിടാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് ബേസ് ക്യാമ്പ് വളഞ്ഞ് വെടിവെക്കാന്‍ പോലീസിനെ സഹായിച്ചത്. ഈ പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ നിലമ്പൂര്‍ കാട്ടില്‍ പൂക്കോട്ടുംപാടം ടൊട്ടക്കല്ലില്‍ രണ്ടും ക്യാമ്പുകള്‍ക്കും ചുറ്റും മൈനുകള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ആദിവാസികള്‍ വഴി പൊലീസിനു ലഭിച്ചവിവരം. ഇതിനു പുറമെ വയനാട്ടിലും പുതിയ മാവോയിസ്റ്റ് ബേസ് ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.

പൊലീസിനോ വനപാലകര്‍ക്കുനേരെയോ ആക്രമണമോ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോവുകയോ ചെയ്യാനിടയുണ്ടെന്ന മുന്നറിയിപ്പാണ് കേന്ദ്ര ഐ.ബി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയത്.

മാവോയിസ്റ്റ് വേട്ടക്കായി നിലമ്പൂരിലെത്തിയ കേന്ദ്ര സേന കേരള പൊലീസിനൊപ്പം രണ്ടു ദിവസം കാടുകയറിയെങ്കിലും മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല. ഇതിനിടെ പൊലീസ് സംഘത്തെ ഞെട്ടിച്ച് നിലമ്പൂര്‍ വനത്തില്‍ വഴിക്കടവിലെ മരുതയിലും പോത്തുകല്ലിലെ മലവാരത്തും മാവോയിസ്റ്റ് സംഘങ്ങളെത്തി. വയനാട്ടിലെ മുണ്ടക്കൈ വനമേഖലയിലും മാവോയിസ്റ്റ് സംഘം എത്തി.

നിലമ്പൂര്‍ ഏറ്റുമുട്ടലിനു ശേഷം നഗരങ്ങളിലെ മാവോയിസ്റ്റ് അര്‍ബന്‍ സെല്ലുകളും സജീവമാണ്.Related posts

Back to top