special-Manju will not be play panchali role in ‘Mahabharat’-will consider Kunthi, Hidimbi and Subadra role

കൊച്ചി: ആയിരം കോടി മുതല്‍ മുടക്കില്‍ ബി ആര്‍ ഷെട്ടി നിര്‍മ്മിക്കുന്ന ചരിത്ര സിനിമയില്‍ പാഞ്ചാലിയായി മഞ്ജുവാര്യരെ പരിഗണിക്കില്ല.

ബോളിവുഡിലെ പ്രമുഖ നായികമാരെയാണ് ഈ വേഷത്തിലേക്ക് പരിഗണിക്കുന്നത്. ഒന്നര വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമുള്ളതിനാല്‍ അതിനനുസരിച്ച് ഡെയ്റ്റ് നല്‍കാന്‍ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്. പ്രമുഖ മോഡലുകളും പരിഗണനയിലുണ്ട്.

മഞ്ജു വാര്യരെ പ്രധാനമായും പരിഗണിക്കുന്നത് കൗരവരുടെ അമ്മയായ കുന്തി, ഭീമന്റെ ഭാര്യ രാക്ഷസയായ ഹിഡുംബി, അഭിമന്യുവിന്റെ അമ്മ സുഭദ്ര എന്നീ കഥാപാത്രങ്ങളായാണ്.

പാഞ്ചാലിയേക്കാള്‍ ശക്തമായ കഥാപാത്രമായ കുന്തിയെ അവതരിപ്പിക്കാന്‍ മഞ്ജുവിന് ഒടുവില്‍ നറുക്ക് വീണേക്കുമെന്നാണ് സൂചന. അതല്ലങ്കില്‍ ഏറ്റവും അധികം സാധ്യത ഹിഡുംബിയുടെ കഥാപാത്രമാണ്.

ഭീമനെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ ഭാര്യ വേഷമായിരിക്കും അങ്ങിനെ വന്നാല്‍ മഞ്ജുവിന് അവതരിപ്പിക്കേണ്ടി വരിക. എന്തായാലും ‘മഹാഭാരത’ത്തിന്റെ ഭാഗമായി മഞ്ജു വാര്യര്‍ ഉണ്ടാകുമെന്ന് തന്നെയാണ് സൂചന.

ഏറെ അഭിനയ സാധ്യതയുള്ള പാഞ്ചാലി, കുന്തി കഥാപാത്രങ്ങളില്‍ ഏതെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരമത്രെ. തിരക്കഥാകൃത്തായ എം.ടി യുടെ അഭിപ്രായം കൂടി തേടിയായിരിക്കും താരനിര്‍ണ്ണയം പൂര്‍ത്തിയാക്കുക.

അമിതാഭ് ബച്ചനെ ഭീഷ്മര്‍ റോളില്‍ എത്തിക്കാന്‍ തീവ്രശ്രമമാണ് അണിയറ പ്രര്‍ത്തകര്‍ നടത്തുന്നത്. ഇതോടൊപ്പം തന്നെ ഐശ്വര്യ റായിയെയും പ്രധാന വേഷത്തിലേക്ക് ആലോചിക്കുന്നുണ്ട്.

ബാഹുബലിയില്‍ അഭിനയിച്ച ചില താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും മഹാഭാരതത്തിന്റെ ഭാഗമാക്കാന്‍ കഴിയുമോ എന്ന ശ്രമവും തകൃതിയായി നടക്കുന്നുണ്ട്.

ഇതിനിടെ മഹാഭാരതത്തിന് ആശംസകള്‍ അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ രംഗത്തെത്തി.

ആത്മസംഘര്‍ഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുന്ന ലാലേട്ടന്‍ ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാന്‍ കാത്തിരിക്കാമെന്നും മഞ്ജു ഫേസ് ബുക്കില്‍ കുറിച്ചു.

Top