മഞ്ജു വാര്യരുടെ ‘മനംമാറ്റ’ത്തിനു പിന്നില്‍ . . ഉദാഹരണം സുജാതക്കുള്ള ‘മറുപടി’ പേടിച്ച് ?

കൊച്ചി: ദിലീപ് സിനിമക്കൊപ്പം റിലീസാകുന്ന തന്റെ സിനിമ ‘തവിടുപൊടിയാകുമെന്ന’ പേടിയിലാണ് ഇപ്പോള്‍ ‘രാമലീല’ യ്ക്ക് അനുകുലമായി മഞ്ജുവാര്യര്‍ രംഗത്ത് വരാന്‍ കാരണമെന്ന് ആരോപണം.

ദിലീപ് ആരാധകര്‍ ഉള്‍പ്പെടെ ഒരു വിഭാഗം മഞ്ജുവിന്റെ നിലപാടിനെ ഈ രൂപത്തിലാണ് കാണുന്നത്.

രാമലീല പ്രേക്ഷകര്‍ കാണട്ടെയെന്നും കാഴ്ചയുടെ നീതി പുലരട്ടെയെന്നുമാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ അഭിനയിച്ച ‘ഉദാഹരണം സുജാത’യിലേക്ക് പ്രേക്ഷകരടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ടാണ് ഈ ഫേസ് ബുക്ക് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നു മഞ്ജു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മഞ്ജു വാര്യര്‍ നായികയാകുന്ന ‘ഉദാഹരണം സുജാത’ സെപ്തംബര്‍ 28നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

ഒരേ സമയം ‘വിരുദ്ധ’ ചേരികളില്‍ നില്‍ക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറിന്റെയും ജനപ്രിയ നായകന്റെയും സിനിമ റിലീസ് ചെയ്യുന്നത് ഇതിനകം തന്നെ ഏറെ ചര്‍ച്ചയായി കഴിഞ്ഞു.

വിവാഹമോചനത്തെ തുടര്‍ന്ന് മഞ്ജു നിരവധി സിനിമകളില്‍ നായികയായി വിലസി ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടം വരെ വാങ്ങിയെങ്കിലും ആദ്യ സിനിമയായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ ഒഴികെ മറ്റൊന്നും സാമ്പത്തികമായി വിജയിച്ചിരുന്നില്ല.

അരകോടിയിലധികമാണ് ഒരു സിനിമയിലെ അഭിനയത്തിന് മഞ്ജു വാങ്ങുന്നത്. കേരളത്തില്‍ ഒരു നായിക വാങ്ങുന്ന ഏറ്റവും കൂടിയ പ്രതിഫലമാണിത്.

മഞ്ജു വാര്യര്‍ക്ക് ഊതി വീര്‍പ്പിച്ച ഒരു പരിവേഷമാണുള്ളതെന്നാണ് സിനിമാ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. മഞ്ജു അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തികമായി വന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തിയാണവര്‍ ചൂണ്ടികാണിക്കുന്നത്.

‘റാണി പത്മിനി’ എന്ന സിനിമയ്ക്ക് 7 കോടി ചിലവായപ്പോള്‍ കളക്ഷന്‍ ഇനത്തില്‍ ആകെ ലഭിച്ചത് 2 കോടി 65 ലക്ഷം രൂപയാണത്രേ. ഇതില്‍ തന്നെ സാറ്റലൈറ്റ് വകയിലാണ് 2 കോടിയും.

3.7 കോടി മുടക്കിയ ‘ജൊയ് ആന്റ് ബോയ്ക്ക്’ ചിലവ് 4 കോടി വന്നപ്പോള്‍ ആകെ 1 കോടി 70 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 1.5കോടിയും സാറ്റലൈറ്റ് കളക്ഷനാണ്. 4.2 കോടി മുടക്കിയ ‘കരിക്കുന്നം സിക്‌സസ്’ ആകെ കളക്റ്റ് ചെയ്തത് 2 കോടി 75 ലക്ഷം രൂപയാണ്. ഇതിലും 2 കോടി സാറ്റലൈറ്റ് വകയാണ് ലഭിച്ചത്. ‘സൈറ ബാനു’വിന് 2.1 കോടി ചിലവായപ്പോള്‍ കളക്ഷന്‍ ലഭിച്ചത് വെറും 85 ലക്ഷവുമാണ്. ‘വേട്ട’ സിനിമയില്‍ നിര്‍മ്മാതാവിന് 1.5 കോടി രൂപയാണ് നഷ്ടമുണ്ടായത്.

മഞ്ജുവിനെ ‘ഇന്റലിജന്റ് പ്ലാനിങ്ങില്‍’ കൂടി ലേഡി സൂപ്പര്‍ സ്റ്റാറാക്കി താര മൂല്യം ഉയര്‍ത്തിയത് പ്രമുഖ പരസ്യ സംവിധായകന്‍ കൂടിയായ ശ്രീകുമാര മേനോനായിരുന്നു. ഇദ്ദേഹം ഇപ്പോള്‍ പരസ്യമേഖലയ്ക്ക് അവധി നല്‍കി സിനിമാ മേഖലയില്‍ സജീവമായിരിക്കുകയാണ്.

‘ഹൗ ഓള്‍ഡ് ആര്‍ യു’വിന് ശേഷം എല്ലാ പടങ്ങളും കോടികളുടെ നഷ്ടം ഉണ്ടാക്കിയിട്ടും മഞ്ജുവിന്റെ താരമൂല്യം ഇടിയാതെ കാത്തു സൂക്ഷിച്ചത് ശ്രീകുമാറിന്റെ തന്ത്രങ്ങളായിരുന്നു. പല പ്രോജക്റ്റുകളും ഉണ്ടാക്കിയതും ഫീസ് നെഗോഷിയേറ്റ് ചെയ്യുന്നതുമൊക്കെ ശ്രീകുമാറായിരുന്നുവത്രേ.

നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് രംഗത്ത് വന്ന മഞ്ജു വാര്യര്‍ എ.ഡി.ജി.പി സന്ധ്യയുമായുള്ള അടുപ്പം മുന്‍നിര്‍ത്തിയാണ് ദിലീപിനെ കുരുക്കിയതെന്നാണ് ദിലീപ് ആരാധകരടക്കം ഒരു വിഭാഗം ശക്തമായി ആരോപിക്കുന്നത്.

ഇക്കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്‍കിയ പുതിയ ജാമ്യഹര്‍ജിയിലും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ദിലീപിനോട് ‘ചെയ്ത’ വഞ്ചനക്ക് ദിലീപിനെ സ്‌നേഹിക്കുന്ന കുടുംബ പ്രേക്ഷകര്‍ പ്രതികരിച്ചാല്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കാര്യം പരുങ്ങലിലാകും.

ഇത് മുന്‍കൂട്ടി കണ്ടാണത്രെ ഇപ്പോഴത്തെ ഫെയ്‌സ് ബുക്ക് ‘നാടക’മെന്നാണ് ആരോപണം.

ദിലീപ് വിമര്‍ശകനായ സംവിധായകന്‍ ആഷിഖ് അബുവും രാമലീലക്ക് അനുകൂലമായി നേരത്തെ രംഗത്ത് വന്നിരുന്നു.

ജനങ്ങളുടെ വികാരം മുഴവന്‍ ദിലീപിനെതിരാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ദിലീപ് നായകനായ രാമലീല ഹിറ്റായാല്‍ വലിയ തിരിച്ചടിയാകുമെന്ന് കണ്ടാണ് മലക്കം മറിച്ചില്‍ എന്നാണ് സിനിമാരംഗത്തെ പ്രമുഖരും അഭിപ്രായപ്പെടുന്നത്.

റിപ്പോര്‍ട്ട് : എം വിനോദ്

Top