special- Mani’s ‘Future’ in the hands of Senkumar-if case charged minister position will be removed

തിരുവനന്തപുരം: പുതിയ പൊലീസ് മേധാവിയായി സ്ഥാനമേറ്റെടുക്കാന്‍ പോകുന്ന സെന്‍കുമാറിന്റെ ‘കയ്യില്‍’ മന്ത്രി എം എം മണി !

പൊമ്പിളൈ ഒരുമൈ സമരത്തെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതി ഇപ്പോള്‍ തന്നെ പോലീസിന് മുന്‍പാകെയുണ്ട്.

സ്ത്രീകളെ അവര്‍ക്ക് അരോചകമാകുന്ന തരത്തില്‍ നോക്കുന്നത് തന്നെ കേസെടുക്കാന്‍ പറ്റുന്ന കുറ്റമായതിനാല്‍ പൊമ്പിളൈ ഒരുമൈ സമരകാലത്ത് കാട്ടിലായിരുന്നു പരിപാടിയെന്ന് മണി നടത്തിയ പ്രസംഗം കേസെടുക്കാന്‍ പര്യാപ്തമാണെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ് കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും കുടിയും സകല വൃത്തികേടും നടന്നിട്ടുണ്ടെന്ന് പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് കാട്ടിലെ പരിപാടിയെ കുറിച്ച് മണി വാചാലനായിരുന്നത്.

സെന്‍കുമാര്‍ ചാര്‍ജ്ജെടുത്താല്‍ നേരിട്ട് പരാതി നല്‍കാന്‍ പൊമ്പിളൈ ഒരുമൈയും ഒരുങ്ങുകയാണ്.

സ്ത്രീകളെ അപമാനിച്ചതിന് കേസില്‍ പ്രതിയായാല്‍ പിന്നെ മന്ത്രി സ്ഥാനത്ത് തുടരാന്‍ എം എം മണിക്ക് ബുദ്ധിമുട്ടാകും. ഇപ്പോള്‍ തന്നെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളി പറഞ്ഞു കഴിഞ്ഞു.

കേസ് കൂടി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ സിപിഎം കേന്ദ്ര കമ്മിറ്റി തന്നെ നേരിട്ട് ഇടപെട്ട് മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും.

വിവാദ പ്രസംഗത്തില്‍ മൂന്നാറില്‍ നേരിട്ടെത്തി മാപ്പ് പറയണമെന്ന പൊമ്പിള്ളൈ ഒരുമൈയുടെ ആവശ്യം തള്ളിയ മണി താന്‍ വഴങ്ങില്ലന്ന വ്യക്തമായ സൂചനയാണ് ഇപ്പോഴും നല്‍കുന്നത്.

ഈ ഒരു സാഹചര്യത്തില്‍ കേരളത്തെ പിടിച്ചുകുലുക്കിയ വിവാദ പരാമര്‍ശത്തില്‍ പൊലീസ് മേധാവിയായി തിരിച്ചെത്തുന്ന സെന്‍കുമാര്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയാല്‍ അത് സര്‍ക്കാറിനും വലിയ തിരിച്ചടിയാകും.

ഇതിനിടെ എം എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

ശിക്ഷാര്‍ഹമായ കുറ്റമാണ് മന്ത്രി ചെയ്തതെന്നും സ്ത്രീകളെ പരസ്യമായി അവഹേളിക്കുന്ന പ്രസ്താവനയാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വിഷയം പഠിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി എസ്പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top