special-mangalam reporters trapped ak sasindran

തിരുവനന്തപുരം: ഗതാഗത മന്ത്രി ശശീന്ദ്രന് രാജിവയ്ക്കേണ്ടി വന്ന വിവാദ വാർത്തക്ക് പിന്നിൽ പ്രവർത്തിച്ചത് തലസ്ഥാനത്തെ രണ്ട് മാധ്യമ പ്രവർത്തകർ.

മംഗളം സിഇഒ കൂടിയായ ആർ.അജിത്ത് കുമാറാണ് ഒന്ന് മറ്റൊന്ന് സീനിയർ മാധ്യമ പ്രവർത്തകനായ ആർ.ജയചന്ദ്രനും.

ഇപ്പോൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനത്തിനും ഉദ്ഘാടന ദിവസം കേരളത്തെ ഞെട്ടിക്കുന്ന ഒരു വാർത്തയുമായി രംഗപ്രവേശം ചെയ്യാൻ സാധിച്ചിട്ടില്ലന്നിരിക്കെയാണ് മംഗളത്തിന്റെ ഈ തുടക്കം.

മാതൃഭൂമി ചാനലിനു പോലും ഉദ്ഘാടന ദിവസത്തിന് നല്ലൊരു ബ്രേക്കിംങ്ങ് കിട്ടാൻ മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും കാര്യമായ ചലനമുണ്ടാക്കുന്ന ഒരു ന്യൂസ് ബ്രേക്ക് ചെയ്യാൻ ആധുനിക സംവിധാനങ്ങളോടെ രംഗത്തിറങ്ങിയിട്ടും അവർക്ക് അന്ന് സാധിച്ചിരുന്നില്ല.

മംഗളം പുറത്തുവിട്ട വാർത്തയുമായി ശക്തമായി വിയോജിക്കുന്നവർ പോലും അവർ ഇപ്പോൾ പുറത്ത് വിട്ടത് ഏതൊരു മാധ്യമ സ്ഥാപനവും ആഗ്രഹിക്കുന്ന തുടക്കമാണെന്ന കാര്യത്തിൽ പക്ഷേ യോജിക്കുന്നുണ്ട്.

മന്ത്രിയുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ട് നാല് മണിക്കൂറുകൊണ്ട് അദ്ദേഹത്തെ രാജിവയ്‌പിക്കാൻ കഴിഞ്ഞു എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം.

ഒരു ചാനൽ പുറത്തു വിടുന്ന വാർത്തക്കെതിരെയും ആ മാധ്യമ സ്ഥാപനത്തിനെതിരെയും മറ്റ് മാധ്യമ പ്രവർത്തകർ സംഘടിതമായി എതിർത്ത് പരസ്യമായി രംഗത്തു വരുന്ന അപൂർച്ച സാഹചര്യവും ഈ വാർത്തയെ തുടർന്നുണ്ടായി.

കുട്ടികൾ അടക്കമുള്ള വീടുകളിൽ കാണാനും കേൾക്കാനും പറ്റുന്നവയല്ല മംഗളം പുറത്തു വിട്ടതെന്നും ഇത് വ്യക്തി സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നുമാണ് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ ചൂണ്ടി കാണിക്കുന്നത്.

എന്നാൽ മാതൃഭൂമി ചാനൽ, മന്ത്രിയായിരുന്ന ജോസ് തെറ്റയിലിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടപ്പോൾ പ്രതികരിക്കാത്തവർ ഇപ്പോൾ എന്തിനാണ് പ്രതികരിക്കുന്നതെന്നാണ് മംഗളം ജീവനക്കർ തിരിച്ചു ചോദിക്കുന്നത്.

തെറ്റയിലിന്റെ വിഷയത്തിൽ ഒരു പരാതിക്കാരിയുണ്ടായിരുന്നെങ്കിൽ ശശീന്ദ്രന്റെ കാര്യത്തിൽ സ്ത്രീ ആരാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെന്നതാണ് രസകരം. (രഹസ്യാന്വേഷണ വിഭാഗത്തിന് ചില സുപ്രധാന വിവരങ്ങൾ ഇതു സംബന്ധമായി ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്)

കൊടുത്ത വാർത്തയിൽ ഉറച്ചു നിൽക്കുന്ന മംഗളം മാനേജ്മെന്റ് ഇക്കാര്യത്തിൽ മാധ്യമ ധർമ്മമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന നിലപാടിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്.

മുഖ്യമന്ത്രിയെ ഉദ്ഘാടകനാക്കി അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിനു തന്നെ ‘പണി’ കൊടുത്തതിലെ വിമർശനങ്ങളും അവർ മുഖവിലക്കെടുക്കുന്നില്ല.

മനോരമ ആഴ്ചപതിപ്പുമായി മത്സരിച്ച് ഒപ്പത്തിനൊപ്പം എത്തി നിന്നിരുന്ന മംഗളം ആഴ്ചപതിപ്പിന്റെ ഉടമയായ എം സി വർഗ്ഗീസ് മുൻകൈ എടുത്താണ് മംഗളം ദിനപത്രം ആരംഭിച്ചത്.

പിന്നീടത് ഇടക്കാലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുടി പങ്കാളിത്വത്തോടെ പുറത്തിറങ്ങിയെങ്കിലും വിചാരിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇടുക്കിയിലും കോട്ടയത്തും മാത്രമായിരുന്നു കാര്യമായ സർക്കുലേഷൻ ഉണ്ടായിരുന്നത്.

ആർ. അജിത്ത് കുമാറിന്റെ വരവോടെയാണ് മംഗളത്തിന്റെ ശുക്രദശ തെളിഞ്ഞത്. എം സി വർഗ്ഗീസിന്റെ മക്കളായ സാബു വർഗ്ഗീസിനോടും സാജൻ വർഗ്ഗീസിനോടുമൊപ്പം സംസ്ഥാനത്തെ എല്ലാ മേഖലകളിലും നിരന്തരമായ യോഗം വിളിച്ചും പരസ്യം ലഭിക്കുന്നതിനായി പുതിയ മാർഗ്ഗങ്ങൾ അവലംബിച്ചും മാനേജുമെന്റിന്റെ ഗുഡ് ബുക്കിൽ കയറി പറ്റാൻ അജിത്ത് കുമാറിന് എളുപ്പം സാധിച്ചു.

ജയചന്ദ്രൻ എന്ന നാരായണനെ (ക്രൈം റിപ്പോർട്ടർ ) മംഗളത്തിന്റെ തലസ്ഥാനത്തെ ഓഫീസിലെത്തിച്ചതും അജിത്ത് കുമാറിന്റെ ഇടപെടലിന്റെ ഭാഗമായിരുന്നു.

ഇവർ രണ്ടു പേരും ചേർന്നൊരുക്കിയ വാർത്താ ഇടപെടൽ മംഗളം പത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ സഹായകരമായിരുന്നു.

ഇതിനു ശേഷം മാറിയ വാർത്താലോകത്ത് മംഗളം ചാനൽ എന്ന ഒരു നിർദേശം മാനേജുമെന്റിന് മുന്നിൽ അവതരിപ്പിച്ചതും സി ഇ ഒ ആയ അജിത്ത് കുമാറായിരുന്നു.

ചാനലിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനിടയിൽ തന്നെ എക്സ്ക്ലൂസീവ് വാർത്തകൾ കണ്ടെത്താൻ തന്ത്രപരമായ ഇടപെടലുകൾ അജിത്ത് കുമാറിന്റെയും ജയചന്ദ്രന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി.

ഇങ്ങനെ ശേഖരിച്ച വാർത്തകളിൽ ഒന്നു മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നതെന്നും ബാക്കിയുള്ളത് വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നുമാണ് ചാനൽ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

Top