മഹാരാജാസ് പ്രിൻസിപ്പൽ ‘സംശയത്തിന്റെ’ നിഴലിൽ, യോഗ്യതയും ചോദ്യം ചെയ്യപ്പെടുന്നു

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനക്ക് മതിയായ യോഗ്യതയില്ലന്നും അവരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

പ്രിന്‍സിപ്പലിന് പി.എച്ച്.ഡി ഇല്ലന്നും പി.എച്ച്.ഡി ഉള്ളവര്‍ക്ക് മാത്രമേ കോളേജിലെ പ്രിന്‍സിപ്പല്‍ ആകാന്‍ യോഗ്യതയുള്ളൂവെന്നും ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ ഒപ്പുശേഖരണത്തില്‍ കാമ്പസിലെ ബഹു ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഒപ്പിട്ടിട്ടുണ്ട്.

പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടി.സി നല്‍കാനുള്ള തീരുമാനത്തിന് മുന്‍പുതന്നെ ഒപ്പുശേഖരണം തുടങ്ങിയിരുന്നതിനാല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള പകപോക്കലുണ്ടോ എന്ന സംശയവും വ്യാപകമാണ്.PicsArt_05-06-09.29.27

കസേര കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വന്‍ ദിനേശ്, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഹരികൃഷ്ണന്‍, പ്രസിഡന്റ് മുഹമ്മദ് അമീര്‍ ,പ്രവര്‍ത്തകരായ കെ.എഫ്. അഫ്രീദി, പ്രജിത് കെ.ബാബു, വിഷ്ണു സുരേഷ് എന്നിവര്‍ക്കാണ് ടി.സി നല്‍കി പറഞ്ഞ് വിടാന്‍ പ്രിന്‍സിപ്പളിന്റെ നേതൃത്ത്വത്തില്‍ നടന്ന കോളേജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നത്. ഒപ്പുശേഖരണം ഇവരുടെയൊക്കെ പിന്തുണയിലായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ടി.സി നല്‍കാനുള്ള നീക്കം പകപോക്കലിന്റെ ഭാഗമാണെന്നും ഇപ്പോള്‍ ഉണ്ടായ സാഹചര്യം പ്രിന്‍സിപ്പല്‍ ബോധപൂര്‍വ്വം മുതലെടുക്കുകയാണെന്നുമാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ഭരണപരിചയമില്ലാത്ത പ്രിന്‍സിപ്പലിന്റെ തെറ്റായ നയങ്ങളും തീരുമാനങ്ങളും ചോദ്യം ചെയ്യുന്നതാണ് പകക്ക് അടിസ്ഥാന കാരണമെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും ആരോപിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലികമായി താമസിച്ചിരുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെത്തിയ കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിദ്യാര്‍ത്ഥികള്‍ ഓടിളക്കി അകത്ത് വച്ചുവെന്ന ആരോപണം തന്നെ യുക്തിരഹിതമാണ്.

30ന് അടച്ച ഹോസ്റ്റലില്‍ നിന്നും 3ന് ആണ് ആയുധം കണ്ടെത്തുന്നത്. ഈ വിവരം പൊലീസ് വരുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ അറിഞ്ഞതിലുമുണ്ട് ദുരൂഹത.

സ്റ്റാഫ് ഹോസ്റ്റലില്‍ താമസിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആയുധം വയ്ക്കാനാണെങ്കില്‍ എന്തിനാണ് ഓടിളക്കേണ്ട കാര്യമെന്നും വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.

നിലവിലുണ്ടായിരുന്ന സ്റ്റാഫ് ഹോസ്റ്റലിലെ വനിതാ വാര്‍ഡനെ മാറ്റി ചുമതല പ്രിന്‍സിപ്പലിന്റെ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയത് എന്തിന് വേണ്ടിയായിരുന്നുവെന്ന് കൂടി അന്വേഷിക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

കോളേജ് യൂണിയന് പോലും പരിപാടികള്‍ നടത്താന്‍ അനുവാദം കൊടുക്കാതിരിക്കുക. പ്രതിഷേധിച്ചാല്‍ കേസ് കൊടുക്കുക, പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണെന്ന് പറയുക, കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അര്‍ഹതപ്പെട്ട ഹാജര്‍ നല്‍കുന്നതിന് പോലും മേലില്‍ കലോത്സവത്തില്‍ പങ്കെടുക്കില്ലന്ന് എഴുതി നല്‍കേണ്ടി വരിക … ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്ന വിദ്യാര്‍ത്ഥി വിരുദ്ധയായ പ്രിന്‍സിപ്പലിന്റെ നടപടികളാണ് ആദ്യം പരിശോധിക്കേണ്ടതെന്നാണ് വലിയ വിഭാഗം വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്.

യോഗ്യതയില്ലാത്ത പ്രിന്‍സിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ഉടന്‍തന്നെ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതി സമര്‍പ്പിക്കാനാണ് തീരുമാനം.

റിപ്പോര്‍ട്ട് : എം വിനോദ്

Top