വേങ്ങരയില്‍ ‘യഥാര്‍ത്ഥത്തില്‍’ വിജയിച്ചത് ഇടതുപക്ഷം, ആവേശത്തോടെ അണികള്‍ . .

വേങ്ങര: ‘തോല്‍വിയിലെ വിജയം’ അതാണ് വേങ്ങരയില്‍ ഇടതുപക്ഷം നേടിയത്.

രാഷ്ട്രീയമായി വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലത്തില്‍ വലിയ രൂപത്തില്‍ വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് സി.പി.എമ്മിനെ സംബന്ധിച്ച് നേട്ടമായിരിക്കുന്നത്.

വേങ്ങര മണ്ഡലം നിലവില്‍ വന്നതുമുതല്‍ വലിയ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്നും വിജയിച്ചിരുന്നത്.

കഴിഞ്ഞ തവണ ലീഗിലെ കുഞ്ഞാലിക്കുട്ടി 72181 വോട്ടാണ് നേടിയിരുന്നത്. ഇതില്‍ ഭൂരിപക്ഷം മാത്രം 38057 വോട്ടിന്റേതായിരുന്നു.

അന്ന് ഇടതു സ്ഥാനാര്‍ത്ഥി പി.പി ബഷീർ ആകെ നേടിയ വോട്ട് 34124 ആയിരുന്നു. അതാണിപ്പോള്‍ 41917 വോട്ടായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

കെ.എന്‍.എ ഖാദര്‍ ഇപ്പോള്‍ ആകെ നേടിയത് 65227 വോട്ടാണ്. പി.പി ബഷീര്‍ 41917 വോട്ടും നേടി.

നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് സര്‍ക്കാറിനും ഇടതുപക്ഷത്തിനും വലിയ ആശ്വാസം നല്‍കുന്നതാണ്.

സര്‍ക്കാറിനെതിരായ വിധിയെഴുത്തായി ഒരിക്കലും ഇനി ഈ ജനവിധിയെ യു.ഡി.എഫിന് ചിത്രീകരിക്കാന്‍ കഴിയില്ല.

എന്നാല്‍ പ്രതിപക്ഷത്തായതിന്റെ ‘ആനുകൂല്യം’ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലങ്കിലും ഭൂരിപക്ഷം കുറഞ്ഞാണെങ്കില്‍ പോലും മണ്ഡലം നിലനിര്‍ത്താനായത് ആശ്വാസമായാണ് ലീഗ് നേതൃത്വം കാണുന്നത്.

ബി.ജെ.പി ജനരക്ഷായാത്ര മണ്ഡലത്തില്‍ നടത്തിയിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കാവി പടയ്ക്കും കഴിഞ്ഞില്ല.

എസ്.ഡി.പി ഐയുടെ പിന്നില്‍ വീണ്ടും നാലാം സ്ഥാനത്ത് ആകേണ്ടി വന്നതിലാണ് ബി.ജെ.പിക്ക് ദു:ഖം.

Top