ലാവലിന്‍; സി.ബി.ഐ ആത്മവിശ്വാസത്തില്‍, വിധി എതിരായാല്‍ സുപ്രീം കോടതിയിലേക്ക്

PicsArt_04-20-04.35.25

ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ വേനലവധിക്ക് ശേഷം ഹൈക്കോടതി നിര്‍ണ്ണായക വിധി പറയാനിരിക്കെ ആത്മവിശ്വാസത്തോടെ സിബിഐ.

ഹൈക്കോടതിയില്‍ സിബിഐ ഉയര്‍ത്തിയ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന ഉറച്ച ആത്മവിശ്വാസമാണ് സി ബി ഐ ഉന്നതര്‍ക്കുള്ളത്. മറിച്ചായാല്‍ ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

പിണറായി വിജയന്‍ കേരള മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഏത് വിധേനയും ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതില്‍ കാലതാമസമുണ്ടാക്കില്ലെന്നാണ് സൂചന.

എന്നാല്‍ സിബിഐയെ പോലെ തന്നെ ബിജെപി കേന്ദ്ര നേതൃത്വവും ഹൈക്കോടതി വിധി പിണറായിക്ക് തിരിച്ചടിയാകുമെന്നുള്ള പ്രതീക്ഷയില്‍ തന്നെയാണുള്ളത്.

കേരളത്തില്‍ ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് പിണറായിയുടെ ഭരണത്തിന്‍ കീഴിലായതിനാല്‍ മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിണറായി തെറിച്ചാല്‍ തന്നെ വലിയ ആശ്വാസമാകുമെന്നാണ് സംഘപരിവാറിന്റെ കണക്കുകൂട്ടല്‍.

ബിജെപി, മോദി വിരുദ്ധ രാഷ്ട്രീയം പറഞ്ഞ് കേന്ദ്രത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളുമായി ചേര്‍ന്ന് പുതിയ കൂട്ട് കെട്ടുണ്ടാക്കാനുള്ള പിണറായിയുടെ ശ്രമത്തെയും ഗൗരവപരമായാണ് ബിജെപി നേതൃത്വം കാണുന്നത്.

സംഘപരിവാര്‍ രാജ്യത്ത് ഏറ്റവും അധികം ശത്രുക്കളായി കാണുന്ന മുഖ്യമന്ത്രിമാര്‍ കുടിയാണ് കേരള-ഡല്‍ഹി മുഖ്യമന്ത്രിമാര്‍.

പിണറായിക്കെതിരെ ലാവലിന്‍ കേസില്‍ വിധിയുണ്ടായാല്‍ ഒരേ സമയം രണ്ടു നേട്ടമാണ് ബിജെപിയും കേന്ദ്രവും പ്രതീക്ഷിക്കുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നതും കേന്ദ്രത്തിലെ പുതിയ കൂട്ട് കെട്ടിനെ മുളയിലേ നുള്ളി കളയാമെന്നതുമാണ് ആ പ്രതീക്ഷക്കാധാരം.

സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കേണ്ട സാഹചര്യമുണ്ടായാല്‍ സമയ പരിധിയായ 90 ദിവസം പോലും കാത്ത് നില്‍ക്കാതെ അപ്പീല്‍ നല്‍കാനാണ് നീക്കം.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഹൈക്കോടതിയില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ തന്നെ പിണറായിക്കു വേണ്ടി വാദിച്ചത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ് എന്‍ സി ലാവലിനു നല്‍കിയതില്‍ ക്രമക്കേടു നടന്നതായാണ് കേസ്.

സിബിഐ നല്‍കിയ റിപ്പോര്‍ട്ട് വിചാരണ കൂടാതെ തള്ളിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടിയാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജിയിലൂടെ സിബിഐ ചോദ്യം ചെയ്തിരിക്കുന്നത്.

കേസില്‍ പിണറായി ഉള്‍പ്പെടെ ആറുപേരുടെ വിടുതല്‍ ഹര്‍ജിയാണ് സിബിഐ കോടതി അംഗീകരിച്ചിരുന്നത്.

കുറ്റപത്രത്തില്‍ പാളിച്ചയുണ്ടെന്നും കേസിലെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലന്നുമാണ് സിബിഐ കോടതി ചൂണ്ടിക്കാണിച്ചിരുന്നത്. ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായതിനാല്‍ മെയ് 22ന് ശേഷം വിധി പറയും.Related posts

Back to top