കെ.പി.എ.സി ലളിത ദിലീപിനെ ജയിലിനുള്ളിൽ സന്ദർശിച്ചത് ‘ഹാപ്പി ബർത്ത് ഡേ’ പറയാൻ !

കൊച്ചി: നടി കെ.പി.എ.സി.ലളിത ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയത് ‘ഹാപ്പി ബര്‍ത്ത് ഡേ’പറയാന്‍ !

സംഗീത അക്കാദമി അദ്ധ്യക്ഷയും സി.പി.എം സഹയാത്രികയുമായ കെ.പി.എ.സി ലളിതയുടെ ജയില്‍ സന്ദര്‍ശനം വിവാദമായതോടെയാണ് അതിന് പിന്നിലെ വൈകാരിക ബന്ധങ്ങളും ഇപ്പോള്‍ പുറത്തു വരുന്നത്.

ദിലീപുമായി വളരെയേറെ അടുപ്പമുള്ള കുടുംബമാണ് ലളിതയുടേത്. ഭര്‍ത്താവ് പ്രശസ്ത സംവിധായകന്‍ ഭരതനും ഏറെ പ്രിയപ്പെട്ടവനായിരുന്നു ദിലീപ്.

മുന്‍പ് സിനിമാ സഹസംവിധായകനായിരുന്ന ദിലീപില്‍ ഒരു നല്ല കലാകാരനുണ്ടെന്നും അവനെ വച്ച് സിനിമ ചെയ്യുമെന്നും ഭരതന്‍ എപ്പോഴും പറയുമായിരുന്നുവെന്ന് ലളിത തന്നെ ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഭരതന്റെ മരണശേഷവും ദിലീപ് അടുത്ത സൗഹൃദം തന്റെ കുടുംബവുമായി നിലനിര്‍ത്തിയിരുന്നുവെന്നും പറയാന്‍ പറ്റാത്ത അത്ര പണം നല്‍കിയിട്ടുണ്ടെന്നും കെ.പി.എ.സി ലളിത പറയുന്നു.

മകളുടെ കല്യാണ നിശ്ചയത്തിന് ഒരു മാല പോലും ധരിക്കാന്‍ കൊടുക്കാനില്ലാതെ കഷ്ടപ്പെട്ട തനിക്ക് ആഭരണം വാങ്ങാന്‍ പണം എത്തിച്ച് നല്‍കിയത് ദിലീപാണ്.

കല്യാണത്തിന്റെ തലേ ദിവസവും ഒരു പാട് കാശ് തന്നു. നിര്‍മ്മാതാവ് മേനക സുരേഷ് വഴിയാണ് പണം കൊടുത്തയച്ചത്.

എന്തു കാര്യവും തന്നെ വിളിച്ച് പറയും, തന്റെ മനസ്സ് വേദനിച്ചാല്‍ അത് പെട്ടന്ന് തന്നെ ദിലീപിനറിയാന്‍ കഴിയുമെന്നും, ആഴ്ചയിലൊരിക്കല്‍ തന്നെ വിളിക്കാറുണ്ടെന്നും കെ.പി.എ.സി.ലളിത അഭിമുഖത്തില്‍ വ്യക്തമാക്കി.

ദേ പുട്ട് എന്ന ബിസിനസ്സ് സംരംഭം ദിലീപ് അടക്കം അഞ്ചു സുഹൃത്തുക്കള്‍ തുടങ്ങിയപ്പോള്‍ അതിന് എറണാകുളത്തും കോഴിക്കോട്ടും തിരി തെളിയിച്ചത് നാല് പേരുടെയും അമ്മമാര്‍ക്കൊപ്പം കെ.പി.എ.സി.ലളിതയായിരുന്നു.

പാര്‍ട്ണര്‍മാരിലെ ഒരാള്‍ക്ക് അമ്മ ഇല്ലാത്തതിനാല്‍ എല്ലാവരുടെയും അമ്മയായി ദിലീപിന്റെ നിര്‍ദ്ദേശ പ്രകാരം കെ.പി.എ.സി ലളിതയെ ക്ഷണിക്കുകയായിരുന്നു.

എപ്പോള്‍ പരസ്പരം കാണുമ്പോഴും ഗുഡ് മോണിങ്ങിന് പകരം ഹാപ്പി ബര്‍ത്ത് ഡേ പറയുന്ന രീതിയാണ് ഇരുവരും സ്വീകരിച്ചിരുന്നത്.

ഈ വ്യത്യസ്തമായ ‘രീതി’ പിടി കിട്ടാതെ ബര്‍ത്ത് ഡേ കേക്ക് വാങ്ങി ഇരുവരെയും ഞെട്ടിക്കാന്‍ നോക്കിയ നടി ശ്വേതാ മേനോന്‍ ഒരിക്കല്‍ ശരിക്കും ചമ്മിപോയിട്ടുണ്ട്.

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജൈത്രയാത്രയില്‍ ആവേശം വിതറിയ നാടകങ്ങള്‍ സംഭാവന ചെയ്ത കെ.പി.എ.സിയില്‍ മകളെ എത്തിക്കാന്‍ കഷ്ടപ്പെട്ട കമ്യൂണിസ്റ്റുകാരനായ ഒരച്ഛന്റെ മകളാണ് ലളിത.

സ്വന്തം നിലപാടില്‍ അന്നും ഇന്നും ഉറച്ചുനില്‍ക്കുന്ന വ്യക്തിത്വത്തിന് ഉടമയുമാണവര്‍.

‘എന്റെ മനസ്സിന് ശരിയെന്ന് തോനുന്നതേ ഞാന്‍ ചെയ്യൂ, എന്റെ അച്ഛനൊഴികെ മറ്റാര് പറഞ്ഞാലും ഞാന്‍ വകവെച്ച് കൊടുക്കില്ല’ കെ.പി.എ.സി ലളിതയുടെ ഉറച്ച നിലപാടാണിത്.

21905630_2005811239654740_365222210_n

ഈ നിലപാട് അറിയുന്നതു കൊണ്ടും ദിലീപുമായുള്ള അടുപ്പം വ്യക്തമായതുകൊണ്ടും കൂടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പോലും ഇപ്പോള്‍ ജയില്‍ സന്ദര്‍ശനത്തെ ന്യയീകരിച്ച് രംഗത്ത് വരാനിടയാക്കിയത്.

ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാന്‍ സാധിക്കില്ല. തടവുകാരെ ആര്‍ക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലില്‍ കിടക്കുമ്പോള്‍  പലരും ഞങ്ങളെ വന്നു കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ലന്നും കോടിയേരി പ്രതികരിച്ചു.

Top