കിം ജോങ് ഉന്നിന്റെ ധൈര്യം കാസ്ട്രോയുടെ അതിജീവനവും ചങ്കുറപ്പും പോരാട്ട വീര്യവും

ലോക പൊലീസായി അറിയപ്പെടുന്ന അമേരിക്കയെ വെല്ലുവിളിക്കാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരിക്ക് പ്രചോദനമായത് ഫിഡല്‍ കാസ്‌ട്രോ !

ലോകത്തെ പൊരുതുന്ന മനസ്സുകളുടെ ആവേശമായ ക്യൂബന്‍ വിപ്ലവനായകനെതിരെ അമേരിക്ക നടത്തിയ 634 വധശ്രമങ്ങളെയാണ് കാസ്‌ട്രോ അതിജീവിച്ചത്.

ക്യൂബയെ ആക്രമിച്ചാല്‍ ഒരു പിടി ചുവന്ന മണ്ണുമാത്രമേ ലഭിക്കൂ എന്നു പറഞ്ഞ് പോരാടി മരിക്കാന്‍ തയ്യാറായ സ്വന്തം ജനതയുടെ ആത്മസമര്‍പ്പണമായിരുന്നു കാസ്‌ട്രോയുടെ ആത്മവിശ്വാസം.

അമേരിക്കന്‍ പിന്തുണയോടെ ജനദ്രോഹഭരണം നടത്തിയ ഏകാധിപതിയെയും സംഘത്തെയും ചെഗുവേരയുമൊന്നിച്ചുള്ള ഗറില്ലാ യുദ്ധമുറകളിലൂടെ നേരിട്ട് നിലംപരിശാക്കിയ സാഹസിക വിപ്ലവ കഥകളാണ് ഉത്തര കൊറിയയിലെ ഈ കമ്യൂണിസ്റ്റ്കാരന്‍ കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്നത്.

ലോക ജനതയില്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ വിശ്വസിക്കുന്നവരുടെ മാത്രമല്ല പ്രതികരണ ശേഷിയുള്ള സമൂഹത്തിന്റെയാകെ ആവേശമാണ് അന്നും ഇന്നും കാസ്‌ട്രോയും ചെഗുവേരയും..

21930887_2007293252839872_1992417654_o

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ്ങ് ഉന്നും ഈ ധീര സഖാക്കളുടെ കടുത്ത ആരാധകനാണ് എന്നത് ഓര്‍ക്കുക. ഉത്തരകൊറിയന്‍ ജനതയുടെ സഖാവും അടുത്ത സുഹൃത്തുമായിരുന്നു ഫിഡല്‍ കാസ്‌ട്രോ.

കൊറിയയുടേയും ക്യൂബയുടേയും സൗഹൃദ സഹകരണ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പരിശ്രമിച്ച ഒരു വ്യക്തികൂടിയായിരുന്നു അദ്ദേഹം.

1960ല്‍ കാസ്‌ട്രോ ഭരണത്തിലാണ് ഉത്തരകൊറിയയും ക്യൂബയും തമ്മിലുള്ള നയനന്ത്രബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടത്.തുടര്‍ന്ന് രണ്ട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ തമ്മിലുള്ള സൈനികവാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുകയായിരുന്നു.

2013 ജൂലായില്‍ ക്യൂബന്‍ ആയുധങ്ങള്‍ ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധം ആഴത്തില്‍ ഉറച്ചു. കാസ്‌ട്രോയുടെ മരണശേഷം ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്‍ ക്യൂബയ്ക്ക് അനുശോചനകുറിപ്പ് അയച്ചിരുന്നു. മാത്രമല്ല ഉത്തരകൊറിയയില്‍ മൂന്ന് ദിവസം അനുശോചന ദിവസമായി ആചരിക്കുകയും ചെയ്തു.

21908946_2007293269506537_242542411_o

അമേരിക്കയെ നേരിടാന്‍ കാസ്‌ട്രോ നല്‍കിയ ആയുധങ്ങളേക്കാള്‍ പകര്‍ന്ന് നല്‍കിയ ആവേശമാണ് കിം ജോങ്ങിന്റ കരുത്ത്. ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്ര തലവനാണ് കിം. ഏകാധിപതിയായും ധിക്കാരിയായും ലോക രാഷ്ട്രങ്ങള്‍ വിലയിരുത്തുന്ന ഈ കമ്യൂണിസ്റ്റില്‍ പക്ഷേ ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാണ്.

ഫിഡല്‍ കാസ്‌ട്രോയുമായും ചെഗുവേരയുമായും ഒരു താരതമ്യത്തിന് പോലും കിം ജോങിനെ പെടുത്താന്‍ കഴിയില്ലങ്കിലും അമേരിക്കയെ ആധുനിക കാലത്ത് വെല്ലുവിളിക്കുന്നത് ഒരു കമ്യൂണിസ്റ്റു രാഷ്ട്രമാണ് ഉത്തര കൊറിയ എന്നത് അംഗീകരിച്ചേ പറ്റൂ എന്നാണ് ഒരു വിഭാഗം ഇടത് ചിന്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

പുറം ലോകവുമായി ബന്ധപ്പെടാന്‍ അവസരം നിഷേധിക്കപ്പെട്ട ഉത്തര കൊറിയന്‍ ജനങ്ങള്‍ ‘ഉണര്‍ന്നാല്‍’ കമ്യൂണിസ്റ്റ് ഭരണം തവിടുപൊടിയായി കിം ജോങ് ഉന്‍ കൊല്ലപ്പെടുമെന്ന വാദങ്ങളേയും ഇവര്‍ തള്ളിക്കളയുന്നു.

രാജ്യത്തെ നശിപ്പിക്കാന്‍ സാമ്രാജ്വത്തെശക്തികള്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ സ്വയം കവചം തീര്‍ക്കേണ്ടത് ഉത്തര കൊറിയയെ സംബന്ധിച്ച് അനിവാര്യമായിരുന്നുവെന്നാണ് വിലയിരുത്തല്‍.

സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ മനുഷ്യന്റെ തല വെട്ടുന്നത് പോലുള്ള ശിക്ഷാരീതികള്‍ നടപ്പാക്കുന്നത് ചൂണ്ടിക്കാട്ടി കിം ജോങ് ഉന്നിന്റെ ശിക്ഷാരീതികളെയും ഇക്കൂട്ടര്‍ ന്യായീകരിക്കുന്നുണ്ട്.

കമ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന, ഉത്തര കൊറിയക്കൊപ്പം നില്‍ക്കുന്നടത്തോളം സൈനിക നടപടിക്ക് പെട്ടന്ന് അമേരിക്ക മുതിരില്ലന്ന നിഗമനത്തിലാണ് ഇടത് നിരീക്ഷകര്‍.

മുന്‍പ് ക്യൂബയോട് ചെയ്തത് പോലെ എല്ലാ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തി ഉത്തര കൊറിയയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും കനത്ത വില നല്‍കേണ്ടി വന്നേക്കും.

ആണവശക്തിയാണ് എന്നത് തന്നെയാണ് ഉത്തര കൊറിയയുടെ ധൈര്യമെങ്കില്‍ അത് തന്നെയാണ് അമേരിക്കയുടെ ഇപ്പോഴത്തെ ഭയവും.

‘കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല’ എന്ന് ലോകത്തെ പൊരുതുന്ന മനസ്സുകള്‍ ആവേശപൂര്‍വ്വം പറയുന്നത് പോലെ ഉത്തര കൊറിയയിലെ ജനങ്ങളും ഇപ്പോള്‍ ആ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഉത്തര കൊറിയയെ പൂര്‍ണ്ണമായും നശിപ്പിക്കും മുന്‍പ് അമേരിക്കയുടെ ചങ്കില്‍ ഒരാക്രമണം . . ലോകം ഒരിക്കലും മറക്കാത്ത ഒരു തിരിച്ചടി .. അതാണ് ഈ കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ ലക്ഷ്യമത്രെ.

അമേരിക്കയുടെ കൊറിയന്‍ പകക്ക് 1950 ലെ കൊറിയന്‍ യുദ്ധത്തോളം പഴക്കമുണ്ട്. ദക്ഷിണ കൊറിയയെ ഉത്തര കൊറിയ ആക്രമിച്ചതോടെയാണ് അന്നു യുദ്ധം ആരംഭിച്ചത്. യുഎന്‍ സഖ്യസേനയുടെ സഹായത്തോടെ യുഎസ് സൈന്യം ഉത്തര കൊറിയന്‍ സൈന്യത്തെ തുരത്തുകയായിരുന്നു.

എന്നാല്‍ പിന്നീട് ചൈന യുദ്ധരംഗത്തേക്ക് വന്നതോടെ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും പിന്‍ വാങ്ങേണ്ടി വന്നു. തുടര്‍ന്ന് 1953 ജൂലൈ 27ന് യുഎന്‍ കമാന്‍ഡും ഉത്തര കൊറിയ ചൈന ജോയിന്റ് കമാന്‍ഡും താല്‍ക്കാലിക യുദ്ധവിരാമ കരാറുണ്ടാക്കിയെങ്കിലും ദക്ഷിണ കൊറിയ കക്ഷിയായിരുന്നില്ല.

അന്ന് യുദ്ധ തടവുകാരെ കൈമാറുന്നതിനായി നിയോഗിച്ച നിഷ്പക്ഷ രാജ്യങ്ങളുടെ മേല്‍നോട്ട സമിതിയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യക്കായിരുന്നു. യുദ്ധം നിര്‍ത്തല്‍ കരാറില്‍ ദക്ഷിണ കൊറിയ കക്ഷിയല്ലാത്തതിനാല്‍ അമേരിക്കയുടെ സാന്നിധ്യവും ദക്ഷിണ കൊറിയയുമായുള്ള യു എസിന്റെ സൈനിക കരാറും ഉത്തര കൊറിയ ഇപ്പോഴും അംഗീകരിക്കുന്നില്ല.

പുതിയ ആയുധങ്ങള്‍ വിലക്കുന്ന യുദ്ധം നിര്‍ത്തല്‍ കരാര്‍ ഏകപക്ഷീയമായി ലംഘിച്ചാണ് അമേരിക്ക 1956 മുതല്‍ ദക്ഷിണ കൊറിയയില്‍ അണുവായുധങ്ങളും മിസൈലുകളും വിന്യസിച്ചു പോന്നിരുന്നത്. ഇതോടെയാണ് ഉത്തര കൊറിയ പ്രതിരോധ നടപടികളുമായി മുന്നോട്ടു പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.

21931642_2007293259506538_1100640891_o

ഏത് രാജ്യവും തങ്ങളുടെ രാജ്യത്തിനുവേണ്ടി സ്വീകരിക്കുന്ന സ്വാഭാവിക നടപടി മാത്രമായിരുന്നു അത്. ദക്ഷിണ കൊറിയയില്‍ കൂടുതല്‍ ആണവ മിസൈലുകള്‍ വിന്യസിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ 2016ലെ തീരുമാനമാണ് ഇപ്പോഴത്തെ പ്രകോപനങ്ങളുടെ അടിസ്ഥാന കാരണം. ഇതിന് പിന്നില്‍ ജപ്പാന്റെ സമ്മര്‍ദ്ദമുണ്ടെന്നും പറയപ്പെടുന്നു.

അതേ സമയം ഉപരോധത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റിനെ നായയോട് ഉപമിച്ചും പുല്ല് വില പോലും കല്‍പ്പിക്കാതെയും മുന്നോട്ട് പോകുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ നിലപാടില്‍ ഏറെ രോഷാകുലരാണ് അമേരിക്കയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top