വൻ കലാപമൊഴിവാക്കിയ കേരള പൊലീസിന് ഒരു നാടൊന്നാകെ നൽകി കിടിലൻ സല്യൂട്ട്..!

നിലമ്പൂര്‍: പൂക്കോട്ടുപാടം വില്വത്ത് മഹാക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ മൂന്നു മണിക്കൂറുകള്‍ക്കകം പിടികൂടിയ പൊലീസിന് ഒരു നാടിന്റെ സല്യൂട്ട്.

ജനുവരി 19ന് വണ്ടൂര്‍ വാണിയംകുളത്തെ ബാണാപുരം ക്ഷേത്ത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തതും ഇയാളെന്നു തെളിഞ്ഞതോടെ മലപ്പുറത്തെ വന്‍ കലാപ സാധ്യതയാണ് പൊലീസ് അണച്ചത്.

പൊലീസ് സമയോചിതമായി പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നുവെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി (38) എന്ന ഈശ്വരന്‍ ഉണ്ണിയെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് വലയിലാക്കിയത്. ദൈവ വിശ്വാസിയായ പോറ്റി വിഗ്രഹാരാധനയെ എതിര്‍ത്തിരുന്നു. ബ്രാഹ്മണരോടും വിദ്വേഷം വച്ചുപുലര്‍ത്തിയിരുന്നു.
മേസ്തിരി പണിയുമായി 14 വര്‍ഷമായി മലപ്പുറം ജില്ലയിലാണ്. അവിവാഹിതനായി ഇയാള്‍ മമ്പുറം പൊങ്ങല്ലൂരിലാണ് താമസം.

ശനിയാഴ്ച പുലര്‍ച്ചെ ക്ഷേത്രം മേല്‍ശാന്തി വി.എം ശിവപ്രസാദ് ക്ഷേത്ര നട തുറന്ന് അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് മുമ്പിലെത്തിയപ്പോഴാണ് ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസെത്തി ക്ഷേത്രകവാടം അടച്ചിട്ടു.ശ്രീ കോവിലിന് മുമ്പിലെ ചെറിയ ബലി കല്ല് കൊണ്ടാണ് ക്ഷേത്ര വാതിലും വിഗ്രങ്ങളും തകര്‍ത്തത്. ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം നടന്നുകൊണ്ടിരിക്കെയാണ് വിഗ്രഹങ്ങള്‍ തകര്‍ത്തത്.

കേന്ദ്ര സര്‍ക്കാര്‍ പോത്ത്, പശു, ഒട്ടകം തുടങ്ങിയവയുടെ കശാപ്പ് നിരോധിച്ചതും റംസാന്‍ വ്രതം ആരംഭിച്ച ദിവസത്തിലും ഉണ്ടായ ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ക്കല്‍ സാമുദായിക കലാപത്തിനുള്ള നീക്കമാണോ എന്ന ആശങ്ക പരന്നിരുന്നു. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍, മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം സ്ഥലത്തെത്തി പഴുതടച്ച അന്വേഷണം നടത്തിയത്.

മലപ്പുറത്തുനിന്നെത്തിയ പോലീസ് നായ റിങ്കു ക്ഷേത്രത്തിനകത്ത് നിന്ന് പൊലീസിന് ലഭിച്ച ചെറിയ കോടാലിയില്‍ നിന്ന് മണം പിടിച്ച് ക്ഷേത്രത്തിന്റെ മുന്‍വശത്തൂകൂടി റോഡിലേക്കിറങ്ങി ടൗണിലെത്തി. ഇലക്ട്രിക് പോസ്റ്റുകളും ചില കടകളുടെ മുന്‍വശവും മണത്ത് നോക്കിയതിന് ശേഷം ആഴ്ച്ച ചന്ത നടക്കുന്ന പ്രദേശത്ത് കയറി ചില കടകളില്‍ മണം പിടിച്ചു. തുടര്‍ന്ന് റിംഗു പാറക്കപാടം റോഡ് വഴി പഞ്ഞംപൊയിലിലെ റബ്ബര്‍ത്തോട്ടത്തിനരികില്‍ ചെന്നു നിന്നു. റിംഗുപോയതിനു സമീപത്തുള്ള കടകളിലെ സിസി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായി പിന്നീട് പൊലീസ് അന്വേഷണം.

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ സപ്താഹത്തിനെത്തിയ അജ്ഞാതനെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഈ അന്വേഷണമാണ് രാജാറാം മോഹന്‍ദാസ് പോറ്റിയിലെത്തിയത്. സംഭവം അറിഞ്ഞ് മൂന്നു മണിക്കൂറുകള്‍ക്കകം തന്നെ പോറ്റിയെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞു. വിഗ്രഹം തകര്‍ത്ത വിവരമറിഞ്ഞ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും മറ്റും എത്തിയപ്പോഴും പരിസരം നിരീക്ഷിച്ച് ഇയാള്‍ ഇവിടെയുണ്ടായിരുന്നു പോലീസ് എത്തിയതോടെയാണ് മുങ്ങിയത്.

ഇതിനിടെ ആര്‍.എസ്.എസും ബി.ജെ.പിയും പൂക്കോട്ടുംപാടത്ത് ഹര്‍ത്താല്‍ ആചരിക്കുകയും റോഡ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തു. നിലമ്പൂരില്‍ ക്ഷേത്രം തകര്‍ത്തു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണവും ഉണ്ടായി. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി അന്‍വര്‍ എം.എല്‍.എ, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നു. റോഡു തടയലും പ്രതിഷേധവും അരങ്ങേറുന്നതിനിടെയാണ് പോലീസിന്റെ അന്വേഷണമികവില്‍ വിഗ്രഹം തകര്‍ത്ത പ്രതിയെ പിടികൂടാനായത്.

Top