special- Kerala police are ready to make a stylish look; Women battalion Commanders Department coming soon

തിരുവനന്തപുരം: തണ്ടര്‍ബോള്‍ട്ടിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സായുധ സേനാ ബറ്റാലിയനുകളിലും കമാന്‍ഡോഫോഴ്‌സ് രൂപീകരിക്കുന്നതോടെ കേരള പൊലീസ് സ്‌റ്റൈലിഷാവും.

ഇതില്‍ ഏറ്റവും വലിയ ഹൈലേറ്റ് പുതുതായി രൂപീകരിക്കുന്ന വനിതാ ബറ്റാലിയനിലും കമാന്‍ഡോ വിഭാഗം ഉണ്ടാകുമെന്നുള്ളതാണ്.

സംഘര്‍ഷം രൂക്ഷമാകുന്ന ഘട്ടങ്ങളില്‍ കേന്ദ്രനേയുടെ സാന്നിധ്യം ഒഴിവാക്കാനും മറ്റ് ആകസ്മിക സംഭവങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യാനും പുതിയ കമാന്‍ഡോ വിഭാഗത്തിനു കഴിയും. പ്രകൃതിക്ഷോഭം പോലുള്ള കാര്യങ്ങളിലും അടിയന്തര ഇടപെടല്‍ നടത്താനും ഇതുവഴി കഴിയും.

മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് കേരള പൊലീസിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. വി ഐ പികളുടെ സുരക്ഷാ ചുമതലയും ഇനി കമാന്‍ഡോ വിഭാഗത്തിനായിരിക്കും.

പ്രത്യേക സാഹചര്യങ്ങളില്‍ മന്ത്രിമാരുടെ സുരക്ഷക്കും കമാന്‍ഡോകളെ നിയമിക്കും. നിലവില്‍ മുഖ്യമന്ത്രി പിണറായിക്ക് തണ്ടര്‍ബോള്‍ട്ട് വിഭാഗത്തിലെ കമാഡോകളുടെ സുരക്ഷയുണ്ട്.PicsArt_04-21-10.40.45

സംസ്ഥാനത്ത് വര്‍ദ്ധിച്ചു വന്നിരുന്ന മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്താണ് തണ്ടര്‍ബോള്‍ട്ട് രൂപീകരിച്ചിരുന്നത്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പുദേവരാജ് ഉള്‍പ്പെടെ രണ്ടു പേര്‍ നിലമ്പൂര്‍ വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടിരുന്നത്.

പുതിയ കമാന്‍ഡോ വിഭാഗം കൂടി വരുന്നതോടെ കേരള പൊലീസിന്റെ വീര്യവും ആത്മവിശ്വാസവും മൊത്തത്തില്‍ കൂടും.

മെഷീന്‍ ഗണ്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍, ഏത് കാലാവസ്ഥയിലും എവിടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ തുടങ്ങിയവ ഇതിനായി വാങ്ങാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ബറ്റാലിയനുകളിലും 30 പേര്‍ വീതമുള്ള കമാന്‍ഡോ വിഭാഗത്തെയാണ് ആദ്യ ഘട്ടത്തില്‍ നിയമിക്കുക. ഇവര്‍ക്ക് ദേശീയ ഏജന്‍സികളുടെ സഹായത്തോടെ മികച്ച പരിശീലനവും നല്‍കും.

ഒരു കമാന്‍ഡര്‍ ,അസി.കമാന്‍ഡര്‍ ,മൂന്ന് സെക്ഷന്‍ കമാന്‍ഡര്‍ എന്നിവരടക്കം 30 പേരാണ് ഓരോ ബറ്റാലിയനുകളിലും ഉണ്ടാകുക. ഇതിനായി 210 കമാന്‍ഡോകളുടെ അധിക തസ്തിക സര്‍ക്കാര്‍ സൃഷ്ടിച്ചു കഴിഞ്ഞു.

Top