ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ പഴയ നായിക

ചെന്നൈ: മെര്‍സല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ടു പോകുമ്പോള്‍ നഷ്ടബോധവുമായി ഒരു മുന്‍ നായികനടി !

സൂപ്പര്‍ ഹിറ്റ് സിനിമ ഖുഷിയിലൂടെ സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതികയാണ് മെര്‍സലിലെ നായിക നിത്യ മേനോന്റെ തകര്‍പ്പന്‍ പ്രകടനം അറിഞ്ഞ് അന്തം വിട്ടിരിക്കുന്നത്.

മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു.

എന്നാല്‍ തുടക്കത്തില്‍ അഭിനയിക്കാന്‍ സമ്മതമറിയിച്ച ജ്യോതിക പിന്നീട് പിന്‍മാറുകയായിരുന്നു.

തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സമാന്തക്കും കാജള്‍ അഗര്‍വാളിനും പിന്നില്‍ ‘ഒതുങ്ങി’ പോകുമോയെന്ന ഭയമായിരുന്നുവത്രെ പിന്മാറ്റത്തിന് കാരണം.

മെര്‍സല്‍ ബുധനാഴ്ച പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന പ്രതികരണങ്ങളില്‍ നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്.

തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ കഥാപാത്രത്തെ ജ്യോതിക അവതരിപ്പിക്കുകയായിരുന്നെങ്കില്‍ അവര്‍ക്ക് അത് വലിയ നേട്ടമാകുമായിരുന്നുവെന്നാണ് ഉയര്‍ന്നു വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

നടന്‍ സൂര്യയെ വിവാഹം ചെയ്തതോടെ അഭിനയ രംഗത്തോട് വിട പറഞ്ഞ ജ്യോതിക പിന്നീട് മലയാളത്തില്‍ മഞ്ജു വാര്യരുടെ റീ എന്‍ട്രിക്ക് കാരണമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ തമിഴ് പതിപ്പിലൂടെയാണ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നത്.

മെര്‍സലില്‍ ജ്യോതിക അഭിനയിക്കുകയായിരുന്നുവെങ്കില്‍ അവരുടെ ഖുഷിയിലെ നായകനൊപ്പം മാത്രമല്ല ആ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനായ എസ്.ജെ. സൂര്യക്കൊപ്പവും അഭിനയിക്കാനുള്ള അപൂര്‍വ്വ അവസരവും ലഭിക്കുമായിരുന്നു.

എന്തായാലും പോയ ബുദ്ധി തിരിച്ച് കിട്ടില്ലല്ലോ എന്നാണ് ഇതേ കുറിച്ചിപ്പോള്‍ കോടമ്പാക്കത്തെ സംസാരം.

കേരളത്തിലും നിറഞ്ഞ സദസ്സില്‍ മെര്‍സല്‍ പ്രദര്‍ശനം തുടരുകയാണ്. 300 ഓളം തിയറ്ററുകളിലാണ് കേരളത്തില്‍ ഈ വിജയ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയും ഇതുവരെ ഇത്രയധികം തിയറ്ററുകളില്‍ റിലീസ് ചെയ്തിട്ടില്ല

Top