special-jishnu pranoy case- ak balan and mm mani are trouble in left government

തിരുവനന്തപുരം: സര്‍ക്കാരിനെയും ഇടതുമുന്നണിയെയും പ്രതിരോധത്തിലാക്കിയത് രണ്ട് മന്ത്രിമാര്‍..

ജിഷ്ണു പ്രണോയ് മരണപ്പെട്ടതിനു ശേഷം ആദ്യം കേസന്വേഷിച്ച പഴവങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും കേസ് അട്ടിമറിച്ചതിന് പിന്നില്‍ മന്ത്രി എ കെ ബാലന്റെ ഇടപെടലുണ്ടെന്ന് അന്നു തന്നെ ആരോപണമുയര്‍ന്നിരുന്നു.

മന്ത്രിയുടെ ഭാര്യ കൃഷ്ണദാസിന്റെ സ്ഥാപനത്തിലെ ചുമതലക്കാരി ആയിരുന്നു എന്നത് ആരോപണത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കാനും കാരണമായി.

ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാടും ഏറെ സംശയത്തിനിടനല്‍കിയിരുന്നു. മന്ത്രി എ കെ ബാലന്‍ കൈകാര്യം ചെയ്യുന്നത് നിയമകാര്യ വകുപ്പായതിനാല്‍ പോസിക്യൂഷന്റെ പിഴവ് ബോധപൂര്‍വ്വമാണെന്നായിരുന്നു ആക്ഷേപം.

ഒരു അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഉടന്‍ പൊലീസ് സ്വീകരിക്കേണ്ട പ്രാഥമിക നടപടി പോലും ആദ്യ അന്വേഷണ സംഘം സ്വീകരിക്കാതിരുന്നത് ഉന്നതതല ഇടപെടല്‍ മൂലമാണെന്ന ആരോപണത്തില്‍ ജിഷ്ണുവിന്റെ കുടുംബവും ഉറച്ചു നില്‍ക്കുകയാണ്. സഹപാഠികള്‍ അടക്കമുള്ളവര്‍ കൊലപാതകമാണെന്ന് പറയുകയും ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുകള്‍ കാണപ്പെട്ടിട്ടും പൊലീസ് സര്‍ജനെ കൊണ്ട് മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിക്കാതിരുന്നതും ഒരു പി ജി വിദ്യാര്‍ത്ഥിയെ കൊണ്ട് നടത്തിച്ചതും എന്തിനാണെന്ന ചോദ്യത്തിനും യുക്തിസഹമായ ഒരു മറുപടി നല്‍കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. എഫ് ഐആറില്‍ പോലും മുറിവുകള്‍ പരാമര്‍ശിച്ചിരുന്നില്ല.

സംഭവസ്ഥലത്ത് നിന്ന് രക്തക്കറ ഉള്‍പ്പെടെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയത് തന്നെ പിന്നീട് വളരെ വൈകി അന്വേഷണം ഏറ്റെടുത്ത എ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. സി സി ടി വി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക്ക് ബോധപൂര്‍വ്വം മാറ്റാനും ആദ്യ അന്വേഷണ സംഘമാണ് ‘സൗകര്യം’ ചെയ്ത് കൊടുത്തത് ഇതെല്ലാം ഒരു സി ഐയോ പഴവങ്ങാടി പൊലീസോ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലന്നും ചില ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ജിഷ്ണുവിന്റെ കുടുംബത്തെ പോലെ തന്നെ പൊതുസമൂഹവും വിലയിരുത്തുന്നത്.

കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാഹചര്യമുണ്ടായതും ഈ ഗുരുതര പിഴവുകള്‍ മൂലമായിരുന്നു.

ഇക്കാര്യങ്ങളെല്ലാം സംഭവിച്ചത് സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയുമെല്ലാം ഇടപെട്ടത് കൊണ്ടാണെന്ന് ആരും വിശ്വസിക്കുന്നില്ലങ്കിലും ‘ഇടപെട്ടവരെ ‘ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരും പാര്‍ട്ടിയും തയ്യാറാവണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്.

ഇത്തരം ഒരു സാഹചര്യമുണ്ടാക്കിയവര്‍ തന്നെയാണ് ഇപ്പോള്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ നടന്ന സംഭവങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണക്കാരെന്നാണ് ഇടതുപക്ഷ അണികള്‍ പോലും ആരോപിക്കുന്നത്.

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ജിഷ്ണുവിന്റെ കുടുംബം എത്താതിരിക്കാനുള്ള നടപടി ആ കുടുംബത്തെ വിശ്വാസത്തിലെടുത്ത് നടപ്പാക്കുന്നതില്‍ ‘ബന്ധപ്പെട്ടവര്‍ക്ക് ‘ വീഴ്ച പറ്റിയെന്ന് തന്നെയാണ് ജിഷ്ണുവിന്റെ നാട്ടിലെ സിപിഎം പ്രവര്‍ത്തകരും പറയുന്നത്.
പൊലീസ് നടപടിയില്‍ പ്രതിഷേധമുണ്ടെങ്കിലും പാര്‍ട്ടിയേയോ സര്‍ക്കാറിനേയോ തള്ളിപ്പറയാനോ പരസ്യമായി പ്രതികരിക്കാനോ ഇവര്‍ തയ്യാറല്ല. ഇപ്പോള്‍ ജിഷ്ണു കേസില്‍ കോളേജ് വൈസ് പ്രിന്‍സിപ്പാളിനെ പിടികൂടിയത് വളരെ പോസിറ്റീവായ നടപടിയായിട്ടാണ് സിപിഎം അണികള്‍ വിലയിരുത്തുന്നത്.

അതേ സമയം ‘എരിതീയില്‍ എണ്ണ ഒഴിക്കുന്ന ‘ മന്ത്രി എം എം മണിയുടെയും എ കെ ബാലന്റെയും നടപടിയില്‍ ശക്തമായ പ്രതിഷേധം ഇടതുപക്ഷ അണികളില്‍ വ്യാപകമായിട്ടുണ്ട്.

ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ ധനസഹായം ഔദാര്യമായിട്ടല്ലന്നാണ് ഞായറാഴ്ച മന്ത്രി ബാലന്‍ പ്രതികരിച്ചത്. ജിഷ്ണുവിന് നീതി ലഭിച്ചില്ലങ്കില്‍ ധനസഹായം തിരിച്ചു നല്‍കുമെന്ന പിതാവ് അശാകന്റെ പ്രതികരണത്തിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞിരുന്നത്.

രമേശ് ചെന്നിത്തലയുടെ സഹായം കൊണ്ടാകും 10 ലക്ഷം തിരികെ തരാമെന്ന് പറയുന്നതെന്നാണ് കൊച്ചിയില്‍ മന്ത്രി എം എം മണി പ്രതികരിച്ചത്.

പണത്തിന്റെ ‘കണക്ക് ‘പറയേണ്ട സമയമോ സന്ദര്‍ഭമോ അല്ല ഇതെന്നിരിക്കെ മകന്‍ നഷ്ടപ്പെട്ട പിതാവിന് മറുപടി കൊടുത്തത് ശരിയായില്ലന്നാണ് പാര്‍ട്ടിക്കകത്തെ വിമര്‍ശനം. കഴിഞ്ഞ ദിവസവും ജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മണി രംഗത്തു വന്നിരുന്നു.

മണിയെയും ബാലനെയും ‘മുന്‍നിര്‍ത്തിയാണ് ‘ സോഷ്യല്‍ മീഡിയ ഇപ്പോള്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും കടന്നാക്രമിക്കുന്നത്.

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണായുധവും മന്ത്രിമാരുടെ പ്രതികരണവും കുടുംബത്തിനെതിരായ പൊലീസ് നടപടിയുമാണ്. ഇതുവരെ ‘ഒളിവിലായിരുന്ന ‘ പ്രതി ശക്തിവേലിനെ ഇപ്പോള്‍ പിടികൂടേണ്ടി വന്നത് പോലും ജിഷ്ണുവിന്റെ കുടുംബം നിരാഹാരമിരുന്നതിനാലാണെന്നാണ് പ്രതിപക്ഷം ചൂണ്ടികാണിക്കുന്നത്.

Top