മന്ത്രിസഭയിൽ ജയരാജന് ഇനി രണ്ടാമൂഴമോ ? എല്ലാ കണ്ണുകളും മുഖ്യമന്ത്രി പിണറായിയിൽ

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട നല്‍കിയ സാഹചര്യത്തില്‍ ജയരാജന്‍ തിരിച്ച് മന്ത്രിസഭയിലെത്തുമോ എന്ന ചര്‍ച്ച വീണ്ടും സജീവമായി.

വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച് ഹൈക്കോടതി തീര്‍പ്പു കല്‍പ്പിച്ചാല്‍ ജയരാജനെ മന്ത്രിയാക്കണമെന്ന അഭിപ്രായം ചില സിപിഎം നേതാക്കള്‍ക്കുണ്ട്‌.

മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ ശേഷം മാത്രം പാര്‍ട്ടി കമ്മറ്റികളില്‍ വിഷയം ഉന്നയിച്ചാല്‍ മതിയെന്ന നിലപാടിലാണിവര്‍.

കോടതി കുറ്റക്കാരനായി കാണാത്ത സാഹചര്യമുണ്ടായാല്‍ പിന്നെ പാര്‍ട്ടിയുടെ ‘ശാസന’ക്ക് എന്ത് പ്രസക്തിയെന്നാണ് ചോദ്യം.

എന്നാല്‍ അടുത്ത ബന്ധുവും സിപിഎം കേന്ദ്ര കമ്മറ്റി അംഗവുമായ ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ നമ്പ്യാരുടെ നിയമനത്തില്‍ ജയരാജന്‍ ഇടപ്പെട്ടത് ഗുരുതരമായ തെറ്റ് തന്നെയാണെന്നും വിജിലന്‍സ് ‘സാങ്കേതികമായ’ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റവിമുക്തമാക്കിയത് പാര്‍ട്ടിയുടെ നിലപാട് മാറ്റത്തിന് ഒരിക്കലും കാരണമാകുന്നില്ലന്ന നിലപാടുകാരും പാര്‍ട്ടി നേതൃനിരയിലുണ്ട്.

ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എ മാത്രമായി ഇനിയും ജയരാജനെ നിര്‍ത്തരുതെന്നും മന്ത്രിസഭയിലെടുക്കണമെന്നുമുള്ള ആവശ്യത്തിന്‍മേല്‍ കേന്ദ്ര നേതൃത്ത്വത്തിന്റെ നിലപാടാണ് നിര്‍ണ്ണായകമാവുക.

തെറ്റ് ഏറ്റുപറയുകയും അത് തിരുത്തുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരെ ഏറെ കാലം പാര്‍ലമെന്ററി രാഷ്ട്ര രംഗത്ത് നിന്നും മാറ്റി നിര്‍ത്തുന്ന പതിവ് സിപിഎമ്മിന് ഇല്ലാത്തതിനാല്‍ ജയരാജന്റെ തിരിച്ച് വരവ് അസാധ്യമൊന്നുമല്ലന്നാണ് ഇടതു ചിന്തകരും അഭിപ്രായപ്പെടുന്നത്.

ബന്ധു നിയമനം ഇടതു സര്‍ക്കാറിന് ചീത്ത പേരുണ്ടാക്കി എന്ന നിലപാടാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഉള്‍പ്പെടെ കേന്ദ്ര നേതൃത്ത്വത്തിലെ പ്രമുഖര്‍ക്കുള്ളതെങ്കിലും പിണറായി താല്‍പര്യമെടുത്താല്‍ കേന്ദ്ര-സംസ്ഥാന നേതൃത്ത്വങ്ങള്‍ വഴങ്ങിയേക്കും.

മുന്‍പ് വിജിലന്‍സ് കേസ് പരിഗണിച്ച ഹൈക്കോടതി ജയരാജന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാല്‍ ഇപ്പോള്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിനെ വളരെ പ്രതീക്ഷയോടെയാണ് ജയരാജനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നോക്കി കാണുന്നത്.

ബന്ധുനിയമക്കേസില്‍ സാമ്പത്തികമായോ അല്ലാതെയോ ആരെങ്കിലും ലാഭമുണ്ടാക്കിയതായി കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് നിലനില്‍ക്കില്ല എന്ന നിലാപാട് നേരത്തെ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരും വിജിലന്‍സും വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ഹൈക്കോടതിയുടെ വിമര്‍ശനത്തിനും കാരണമായിരുന്നു. കേസില്‍ നേട്ടം രാഷ്ട്രീയക്കാര്‍ക്ക് മാത്രമെന്നായിരുന്നു കഴിഞ്ഞവട്ടം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ വിമര്‍ശനം ആരെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്ന ചോദ്യത്തിന് നിയമനം നടത്തിയതിന് തൊട്ടടുത്തദിവസം തന്നെ അത് റദ്ദാക്കിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി.

ചോദിച്ച ചോദ്യത്തിനുള്ള കൃത്യമായ മറുപടിയല്ല ഇതെന്നും മറുപടി തൃപ്തികരമല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേസ് നിലനില്‍ക്കുന്നതല്ല എന്ന് വ്യക്തമാക്കി വിജിലന്‍സ് മറുപടി നല്‍കിയിരിക്കുന്നത്. ഇ പി ജയരാജന്‍ മന്ത്രിയായിരിക്കെ കെഎസ്‌ഐഡിസി എംഡിയായി നിയമിതനായ സുധീര്‍ നമ്പ്യാരാണ് അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

പിണറായിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായി പാര്‍ട്ടിക്കകത്തും സര്‍ക്കാറിലും അറിയപ്പെട്ടിരുന്ന ജയരാജനെ കോടതി കുറ്റവിമുക്തനാക്കിയാല്‍ വീണ്ടും അത്തരമൊരു അവസരം നല്‍കാന്‍ പിണറായി തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ജയരാജന്റെ മന്ത്രി പ്രവേശനം.

ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടയേരി ബാലകൃഷ്ണനു പോലും ‘പരിമിതി’കളുണ്ട്.

Top