കപ്പ് നേടിയതിനേക്കാൾ ആവേശമായത് ചൈനക്കും മേലെ പറക്കാൻ സാധിച്ചത്

കോഴിക്കോട്: സര്‍ക്കാര്‍ സഹായം കൂടി ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ‘പറക്കാന്‍’ കഴിയുമെന്ന് ഇന്ത്യന്‍ കൈറ്റ് ടീം നായകന്‍ മുബഷീര്‍.

ചൈനയില്‍ നടന്ന ലോക പട്ടം പറത്തല്‍ മത്സരത്തില്‍ 109 രാജ്യങ്ങളെ പിന്നിലാക്കി പരമ്പരാഗത പട്ടം പറത്തല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയത് ഇന്ത്യന്‍ കായിക മേഖലക്ക് തന്നെ അഭിമാനമാണെന്ന് വണ്‍ ഇന്ത്യ കൈറ്റ് ടീം പ്രസിഡന്റ് കൂടിയായ മുബഷീര്‍ പറഞ്ഞു.

ഭാവിയില്‍ ഒളിംബിക്‌സില്‍ വരെ പട്ടം പറത്തല്‍ മത്സരം ഉള്‍പ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടലുകള്‍ ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്.

ഇന്ത്യയുടെ മുകളിലാണെന്ന് അഹങ്കരിക്കുന്ന ചൈനയുടെ തട്ടകത്തില്‍ വച്ച് നടന്ന പതിനാലാമത് ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ഇന്ത്യന്‍ പട്ടം ഏറ്റവും കൂടുതല്‍ ഉയരം താണ്ടിയത് വളരെ ആവേശകരമായ അനുഭവമായിരുന്നുവെന്നും മുബഷീര്‍ പറഞ്ഞു.

ചൈന, ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മ്മനി, റഷ്യ, ഫ്രാന്‍സ് തുടങ്ങി 110 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മത്സരത്തിനായി ചൈനയിലെത്തിയത്.

പരമ്പരാഗത പട്ടം പറത്തലിന് ലഭിച്ച ഒന്നാം സ്ഥാനത്തിന് പകരം മികച്ച പ്രകടനത്തിനുള്ള അവാര്‍ഡും വണ്‍ ഇന്ത്യ കൈറ്റ് ടീമിനാണ് ലഭിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇന്ത്യ കപ്പടിക്കുന്നത്.

അഞ്ച് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം. അഞ്ചില്‍ മൂന്ന് വിഭാഗങ്ങളില്‍ മാത്രമാണ് ഇന്ത്യ മത്സരിച്ചിരുന്നത്. അടുത്ത വര്‍ഷം മുതല്‍ എല്ലാ വിഭാഗത്തിലും മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുബഷീര്‍ വ്യക്തമാക്കി.

ഇന്ത്യക്ക് ഒന്നാം സ്ഥാനം നേടി തന്ന പട്ടം ഇന്ത്യന്‍ ടീമിലെ ഗുജറാത്തി കൈറ്റര്‍ നിതീഷ് പട്ടേല്‍ ഡിസൈന്‍ ചെയ്തതാണ്. ഈ പട്ടമിപ്പോള്‍ ചൈനയിലെ കൈറ്റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

വെറും വിനോദം എന്നതിലുപരി ഏകാഗ്രതക്കും മാനസികാരോഗ്യത്തിനും പട്ടം പറത്തല്‍ നല്ലതാണെന്നതിനാല്‍ കുട്ടികള്‍ മുതല്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പട്ടം പറത്താന്‍ അവസരമൊരുക്കാന്‍ കായിക വകുപ്പും തദ്ദേശസ്ഥാപനങ്ങളും മുന്‍കൈ എടുക്കണമെന്നും വണ്‍ ഇന്ത്യ കൈറ്റ് ടിം ആവശ്യപ്പെട്ടു.

പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചില്‍ നട്ടെല്ലിന് ക്ഷതം സംഭവിച്ച അന്‍പതിലേറെ പേര്‍ പങ്കെടുത്ത പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചപ്പോള്‍ അവര്‍ക്കത് മറക്കാനാവാത്ത അനുഭവമായി മാറിയിരുന്നു.

ഇതേ രൂപത്തില്‍ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

കുറ്റിപ്പുറത്തെ വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കുവേണ്ടി കുറ്റിപ്പുറം പുഴയോരത്ത് ഉടന്‍ തന്നെ പട്ടം പറത്തല്‍ മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും നല്ല പ്രോത്സാഹനമാണ് തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുബഷീര്‍ പറഞ്ഞു.

പരപ്പനങ്ങാടി പാലത്തിങ്ങല്‍ കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ആശ്വാസ് ചാരിറ്റബിള്‍ ട്രെസ്റ്റ്, കുണ്ടാണത്ത് ട്രെസ്റ്റ് എന്നിവയുടെ ചെയര്‍മാനാണ് മുബഷീര്‍. ശബ്‌നയാണ് ഭാര്യ. മക്കള്‍: റദിന്‍, ഡാന, ദിയ, അയന്‍

വണ്‍ ഇന്ത്യ കൈറ്റ് ടീമില്‍ മുബഷിറിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിച്ച് നിധേഷ് ലാക്,ധ്വനി ലാക്, അബ്ദുള്ള മാളിയേക്കല്‍, മുഹമ്മദ് മൂസ, വിക്കി വഖാരിയ തുടങ്ങിയവരുമുണ്ട്.

Top