special-in lavlin case-If the court verdict is against Pinaray, huge political impact in Kerala politics

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി പിണറായിക്ക് എതിരായാല്‍ അത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതത്തിന് കാരണമാകും.

സിബിഐ കോടതി വിധി തള്ളി ലാവലിന്‍ കേസില്‍ വിചാരണ നടക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടാല്‍ സുപ്രീംകോടതിയില്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ അപ്പീല്‍ നല്‍കുമെന്ന കാര്യം ഉറപ്പാണ്.

അത്തരമൊരു സാഹചര്യമുണ്ടാവുകയാണെങ്കില്‍ അപ്പീലില്‍ തീരുമാനം ആകും വരെ പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ടതില്ലന്നാണ് സിപിഎമ്മില്‍ തന്നെ പ്രബല വിഭാഗം അഭിപ്രായപ്പെടുന്നത്.

അപ്പീല്‍ നല്‍കാന്‍ മൂന്നു മാസം സാവകാശമുണ്ടെങ്കിലും പെട്ടന്ന് തന്നെ അപ്പീല്‍ നല്‍കി ഹൈക്കോടതി വിധി സ്റ്റേ ചെയ്യിപ്പിക്കാന്‍ കഴിയുകയാണെങ്കില്‍ പിണറായിക്ക് വെല്ലുവിളി ഒഴിവാക്കാന്‍ കഴിയും.

അതേസമയം കോടതി വിധി പിണറായിക്ക് അനുകൂലമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത് ഹൈക്കോടതി എങ്ങാനും വിചാരണ നടക്കട്ടെ എന്നു പറഞ്ഞാല്‍ പിന്നെ അധികാരത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കാന്‍ പിണറായിയെ പോലെയുള്ള ഒരു നേതാവ് തയ്യാറാകില്ലന്ന് തന്നെയാണ്.

അങ്ങനെ വന്നാല്‍ സംസ്ഥാന ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തന്നെ അത്തരം നടപടി വഴി വെയ്ക്കും.

അപ്പീലില്‍ തീരുമാനമാകുന്നതുവരെ മന്ത്രിസഭയിലെ സീനിയറായ നേതാവിന് മുഖ്യമന്ത്രിയുടെ ചുമതല കൈമാറുക, വി എസിനെ തല്‍ക്കാലത്തേക്ക് പരിഗണിക്കുക, കോടിയേരിയെ മുഖ്യമന്ത്രിയാക്കുക എന്നീ മൂന്ന് വഴികളാണ് സി പി എമ്മിന് മുന്നിലുള്ളത്.

കോടിയേരിക്ക് നറുക്ക് വീഴുകയാണെങ്കില്‍ തലശ്ശേരിയില്‍ ഷംസീറിനെ രാജി വയ്പിച്ച് ജനവിധി തേടേണ്ടി വരും.

മന്ത്രിസഭയിലെ മുതിര്‍ന്ന അംഗത്തെ പരിഗണിക്കുകയാണെങ്കില്‍ കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്ക്, എ കെ ബാലന്‍, ഇ പി ജയരാജന്‍ എന്നിവരാണുള്ളത്. ഇതില്‍ ഇ പിയെ പരിഗണിക്കില്ലന്ന കാര്യം ഉറപ്പാണ്. മറ്റ് രണ്ടു പേരേയും സാധ്യത ലിസ്റ്റില്‍ പരിഗണിക്കാമെങ്കിലും ഒടുവില്‍ കോടിയേരിക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത.

അപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി പുതിയ ആളെ കണ്ടെത്തേണ്ടി വരും. മന്ത്രിസഭയിലും സമൂലമായ അഴിച്ചുപണിക്കും മുഖ്യമന്ത്രിയുടെ മാറ്റം വഴിവയ്ക്കും.

ഇപ്പോള്‍ ബാഹ്യശക്തികള്‍ക്കൊന്നും ഇടപെടല്‍ നടത്താന്‍ അവസരം നല്‍കാതെ ശക്തമായി മുന്നോട്ടു പോകുന്ന സാഹചര്യമുള്ളതിനാല്‍ പിണറായി മാറിയാല്‍ ഇതെല്ലാം തകിടം മറിയും.

അതുകൊണ്ട് തന്നെ സര്‍ക്കാറിനെതിരെ ശക്തമായി വിമര്‍ശിക്കുന്നവര്‍ പോലും പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യം ഉണ്ടാവരുതെന്നാണ് ആഗ്രഹിക്കുന്നത്.

ഭരണത്തില്‍ തിരുത്തല്‍ വരുത്തി പിണറായി തന്നെ നയിക്കണമെന്നതാണ് വലിയ വിഭാഗം സിപിഎം അണികളും ആഗ്രഹിക്കുന്നത്. അടുത്ത മാസം 22ന് ശേഷമാണ് ലാവലിന്‍ കേസിലെ നിര്‍ണ്ണായക വിധി വരിക.

Top